---
title: "തലശ്ശേരി കാർണിവൽ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ;  പൈതൃകയിടങ്ങൾ ഏറ്റെടുത്ത് പരിപാലിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി"
english_title: "Chief Minister Pinarayi Vijayan wants Thalassery Carnival to continue;The Chief Minister said that he will take over the heritage sites and try to maintain them"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190129/chief-minister-pinarayi-vijayan-wants-thalassery-carnival-to-continuethe-chief-minister-said-that-he-will-take-over-the-heritage-sites-and-try-to-maintain-them"
published_at: "2024-03-08T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaad2291a56_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരി കാർണിവൽ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ;  പൈതൃകയിടങ്ങൾ ഏറ്റെടുത്ത് പരിപാലിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി

> **Lead Summary:** **തലശ്ശേരി: ** ഒരുപാട് ചരിത്രങ്ങൾ ഉറങ്ങുന്ന നാടാണ് തലശ്ശേരിയെന്നും സ്കൂളുകൾ ഉൾപ്പടെയുള്ള പൈതൃകയിടങ്ങൾ ഏറ്റെടുത്ത് പരിപാലിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി നഗരസഭ സംഘടിപ്പിച്ച തലശ്ശേരി കാർണിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

## Article Content

**തലശ്ശേരി: ** ഒരുപാട് ചരിത്രങ്ങൾ ഉറങ്ങുന്ന നാടാണ് തലശ്ശേരിയെന്നും സ്കൂളുകൾ ഉൾപ്പടെയുള്ള പൈതൃകയിടങ്ങൾ ഏറ്റെടുത്ത് പരിപാലിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി നഗരസഭ സംഘടിപ്പിച്ച തലശ്ശേരി കാർണിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കാർണിവലുകൾ ഒത്തൊരുമയുടെ സന്ദേശമാണ് നൽകുന്നത്. അവ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാ-സാഹിത്യപരമായും സാംസ്കാരിക പരമായും ഭരണപരമായും ഒരുപാട് ചരിത്രം ഉറങ്ങുന്ന മണ്ണാണ് തലശ്ശേരിയുടേത്. ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന നാടുകൂടിയാണ്. നിരവധി കാര്യങ്ങളിൽ തലശ്ശേരി മാതൃക കാണിച്ചു.

വൈവിധ്യങ്ങളെ അംഗീകരിക്കാനും അത് ആസ്വദിക്കാനുമുള്ള മനസ്സ് തലശ്ശേരിക്കാർക്കുണ്ട്. ആരും ഓർക്കാൻ ആഗ്രഹിക്കാത്ത തലശ്ശേരി കലാപമുണ്ടായപ്പോൾ അതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ തലശ്ശേരിക്ക് കഴിഞ്ഞു. മാതൃകപരമായ സൗഹാർദം വെച്ചുപുലർത്തുന്ന നാടുകൂടിയായി തലശ്ശേരിയെ അടയാളപ്പെടുത്തും.

തലശ്ശേരിയുടെ പഴയകാല ചരി‌ത്രം കൃത്യമായി ജനങ്ങൾക്ക് മനസിലാകാൻ ഉതകുന്ന പദ്ധതികൾ വരുന്ന കാർണിവലിന് ആസൂത്രണം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. പൈതൃകനഗരി കൂടിയായ തലശ്ശേരിയുടെ വികസനത്തിന് എന്തെക്കെ ചെയ്യാനാകുമോ അതുമായി മുന്നോട്ടുപോകുമെന്ന് സ്പീക്കർ പറഞ്ഞു.

എംഎൽഎമാരായ കെ പി മോഹനൻ, അഹമ്മദ് ദേവർകോവിൽ, നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, പി ശശി, സി എൻ ചന്ദ്രൻ, എംപി മുരളി, തോമസ് മാളത്ത്, റബ്കോ ചെയർമാൻ കാരായി രാജൻ, മുൻ നഗരസഭ ചെയർമാൻമാരായ സി കെ രമേശൻ, കാരായി ചന്ദ്രശേഖരൻ, പി കെ ആശ, നഗരസഭ സെക്രട്ടറി എൻ സുരേഷ്കുമാർ സംസാരിച്ചു. തുടർന്ന് ആട്ടംകലാസമിതി തേക്കിൻകാട് ബാന്റിന്റെ സ്റ്റേജ് ഷോ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190129/chief-minister-pinarayi-vijayan-wants-thalassery-carnival-to-continuethe-chief-minister-said-that-he-will-take-over-the-heritage-sites-and-try-to-maintain-them)