---
title: "ചികിത്സയിലും, ഗവേഷണത്തിലും നേതൃപരമായ പങ്ക് വഹിക്കുന്ന സ്ഥാപനമായി എംസിസി മാറിയെന്ന്  മുഖ്യമന്ത്രി ; കിഫ് ബി രണ്ടാം ഘട്ട കെട്ടിട ശിലാസ്ഥാപനവും, വിവിധ ഉദ്ഘാടനങ്ങളും നടന്നു"
english_title: "The Chief Minister said that MCC has become an institution that plays a leading role in treatment and research;Kif B Phase 2 foundation stone laying and various inaugurations were held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187397/the-chief-minister-said-that-mcc-has-become-an-institution-that-plays-a-leading-role-in-treatment-and-researchkif-b-phase-2-foundation-stone-laying-and-various-inaugurations-were-held"
published_at: "2024-02-26T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc1c7294b53_Untitled-7_copy.jpg"
keywords: []
---

# ചികിത്സയിലും, ഗവേഷണത്തിലും നേതൃപരമായ പങ്ക് വഹിക്കുന്ന സ്ഥാപനമായി എംസിസി മാറിയെന്ന്  മുഖ്യമന്ത്രി ; കിഫ് ബി രണ്ടാം ഘട്ട കെട്ടിട ശിലാസ്ഥാപനവും, വിവിധ ഉദ്ഘാടനങ്ങളും നടന്നു

> **Lead Summary:** ** **കാൻസർ ചികിത്സാ രംഗത്ത് യശസ്സ്‌ നേടിയെടുക്കാൻ കാൽനൂറ്റാണ്ട് പിന്നിടുന്ന തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

## Article Content

** **കാൻസർ ചികിത്സാ രംഗത്ത് യശസ്സ്‌ നേടിയെടുക്കാൻ കാൽനൂറ്റാണ്ട് പിന്നിടുന്ന തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കിഫ്ബി രണ്ടാംഘട്ട പദ്ധതിയിലെ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പൂർത്തീകരിച്ച മറ്റു പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചികിത്സയിലും ഗവേഷണത്തിലും കേരളത്തിൽ മികച്ച നേതൃപരമായ പങ്ക് വഹിക്കുന്ന സ്ഥാപനമായി എംസിസി വളർന്നു. ഡയരക്ടറുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും അർപ്പണ ബോധത്തിലൂടെയുള്ള പ്രവർത്തനമാണ് ഈ നേട്ടത്തിനു പിന്നിൽ. വിവാദങ്ങളുടെ പിന്നാലെയല്ല, സ്ഥാപനത്തിന്റെ വളർച്ചയിലൂടെ അനേകായിരം ആളുകൾക്ക് എങ്ങനെ ഗുണകരമായി മാറുന്നുവെന്നാണ് ജനം ആലോചിക്കുന്നത്.

രാജ്യാന്തര തലത്തിൽ തന്നെ മികച്ച കേന്ദ്രമാക്കി എംസിസിയെ മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ചായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ എല്ലാ ആധുനിക സജീകരണങ്ങളും ഉൾപ്പെടുത്തും. 150 വിദ്യാർഥികൾക്ക് പഠനം നടത്താനും അവസരങ്ങൊളൊരുക്കും. കാൻസർ പരിചരണത്തിനും ചികിത്സയ്ക്കും സർക്കാർ വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. കാൻസർ രോഗികളുടെ വർധനവ് മുന്നിൽ കണ്ട് അവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി സംസ്ഥാനത്ത് കാൻസർ കൺട്രോൾ സ്ട്രാറ്റജി നടപ്പാക്കിയിട്ടുണ്ട്. അധികദൂരം യാത്ര ചെയ്യാതെ കാൻസർ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 3 അപ്പെക്‌സ് കാൻസർ സെന്ററുകൾക്ക് പുറമേ 5 മെഡിക്കൽ കോളേജിലും സമഗ്ര കാൻസർ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വനിതശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ രംഗം വർത്തമാന കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുന്ന പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. എംസിസിയിൽ ആധുനിക ചികിത്സാ രീതികൾ സാധ്യമാക്കുന്നതോടൊപ്പം ഗവേഷണ രംഗത്ത് പുതിയ മാറ്റങ്ങൾ നടത്തുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ 406 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 14 നിലകളിലായുള്ള കെട്ടിടത്തിൽ 450 ബെഡുകളും 14 ഓപ്പറേഷന്‍ തീയറ്ററുകളും ഒരുക്കും.

ചടങ്ങിൽ പ്ലാൻ ഫണ്ടിൽ ഉൾപ്പടുത്തി പൂർത്തിയാക്കിയ ജലശുദ്ധീകരണ പ്ലാന്റ്, ത്രീ ടെസ്ല എംആർഐ, ഡെക്സാ സ്കാൻ, ഗാലിയൻ ജനറേറ്റർ എന്നീ ഉപകരണങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. സ്പീക്കർ അഡ്വ. എ എൻ ഷംസീർ മുഖ്യാതിഥികളായി. എംപിമാരായ കെ മുരളീധരൻ, ഡോ. വി ശിവദാസൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എംസിസി ഡയരക്ടർ ഡോ. ബി സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു.

റേഡിയോളജിസ്റ്റ് ഡോ. രതിക ശ്രീകുമാർ, അനസ്തേഷ്യോളജിസ്റ്റ് ഡോ. കൃഷ്ണവാരിയർ, കാർഡിയോ തെറാസിക് സർജൻ ഡോ. പ്രസാദ്, കേണൽ ഡോ. എൻവി കൃഷ്ണൻ എന്നിവരെ മുഖ്യമന്ത്രി ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, നഗരസഭ അധ്യക്ഷ കെ എം ജമുനാറാണി, കൗൺസിലർമാരായ പി വസന്ത, കെ എൻ ശ്രീശൻ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് നമ്പൂതിരിപ്പാട്, ഡോ. സംഗീത കെ നായനാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187397/the-chief-minister-said-that-mcc-has-become-an-institution-that-plays-a-leading-role-in-treatment-and-researchkif-b-phase-2-foundation-stone-laying-and-various-inaugurations-were-held)