---
title: "മാഹി സെയ്ൻ്റ് തെരേസാ തീർഥാടന കേന്ദ്രം ബസിലിക്ക പ്രഖ്യാപനം നാളെ ;  ആഘോഷങ്ങൾ തുടങ്ങി"
english_title: "Mahi Saint Teresa Pilgrimage Center Basilica Announcement Tomorrow;The celebrations have begun"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186852/mahi-saint-teresa-pilgrimage-center-basilica-announcement-tomorrowthe-celebrations-have-begun"
published_at: "2024-02-23T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8cd848758d_Untitled-3_copy.jpg"
keywords: []
---

# മാഹി സെയ്ൻ്റ് തെരേസാ തീർഥാടന കേന്ദ്രം ബസിലിക്ക പ്രഖ്യാപനം നാളെ ;  ആഘോഷങ്ങൾ തുടങ്ങി

> **Lead Summary:** മലബാറിലെ പ്രഥമ ബസിലിക്കയായി മാഹി അമ്മ ത്രേസ്യാ പുണ്യവതിയുടെ ദേവാലയത്തെ ഉയർത്തുന്നതിൻ്റെ പ്രഖ്യാപനവും സമർപ്പണവും നടത്തുന്നതിൻ്റെ മൂന്ന് ദിവസത്തെ ആഘോഷച്ചടങ്ങുകൾ തുടങ്ങി. കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ വിശുദ്ധ അമ്മ ത്രേസ്യായുടെ അത്ഭുത തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ചതോടെ 24 ന് നടക്കുന്ന ബസിലിക്ക പ്രഖ്യാപനത്തിൻ്റെ ആഘോഷങ്ങൾക്ക് തുടക്കമായി.

## Article Content

മലബാറിലെ പ്രഥമ ബസിലിക്കയായി മാഹി അമ്മ ത്രേസ്യാ പുണ്യവതിയുടെ ദേവാലയത്തെ ഉയർത്തുന്നതിൻ്റെ പ്രഖ്യാപനവും സമർപ്പണവും നടത്തുന്നതിൻ്റെ മൂന്ന് ദിവസത്തെ ആഘോഷച്ചടങ്ങുകൾ തുടങ്ങി. കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ വിശുദ്ധ അമ്മ ത്രേസ്യായുടെ അത്ഭുത തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ചതോടെ 24 ന് നടക്കുന്ന ബസിലിക്ക പ്രഖ്യാപനത്തിൻ്റെ ആഘോഷങ്ങൾക്ക് തുടക്കമായി.

ചടങ്ങിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. കോഴിക്കോട് രൂപത വികാരി ജനറൽ ജെൻസൺ പുത്തൻവീട്ടിൽ, മാഹി ഇടവക വികാരിയും റെകടറുമായ ഫാ. വിൻസെന്റ് പുളിക്കൽ, കോഴിക്കോട് രൂപത ചാൻസലർ ഫാ. സജീവ് വർഗീസ്, ഫാ. ജോസ് യേശുദാസ്, ഫാ. നിധിൻ ബർവ, ഫാ. നോബിൾ, ഫാ. ഡിലു റാഫേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ, പാരിഷ് കൗൺസിൽ അംഗങ്ങളും ഇടവക ജനവും തീർഥാടകരും ചടങ്ങിൽ പങ്കെടുത്തു.

വൈകുന്നേരം ബിഷപ്പിൻ്റെ കാർമ്മികത്വത്തിൽ സാഘോഷ ജാഗര ദിവ്യബലിയും ഉണ്ടായി. ബസിലിക്ക പ്രഖ്യാപനം 24 ന് മാഹി ദേവാലയം ബസിലിക്കയായി ഉയർത്തിയതിൻ്റെ പ്രഖ്യാപനത്തിന് മുന്നോടിയായി 24 ന് പകൽ മൂന്നിന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിലിൻ്റെ കാർമികത്വത്തിൽ സാഘോഷ പൊന്തിഫിക്കൽ ദിവ്യബലി നടക്കും.

തുടർന്ന് മാഹി ബസിലിക്കയുടെ പ്രഖ്യാപനവും സമർപ്പണവും കോഴിക്കോട് രൂപത മെത്രാൻ ഡോ.വർഗീസ് ചക്കാലക്കൽ നിർവ്വഹിക്കും. പ്രഖ്യാപനത്തിന് ശേഷം തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് പാംപ്ലാനി വചന പ്രഘോഷണം നടത്തും. തുടർന്ന് വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം നടക്കും.

പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി ഉദ്ഘാടനം ചെയ്യും. കേരള നിയമ സഭാ സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ മുഖ്യ പ്രഭാഷണം നടത്തും. ഡോ.വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും. രമേഷ് പറമ്പത്ത് എം.എൽ.എ, ഇടവക വികാരി ആൻ്റ് റെക്ടർ ഡോ.വിൻസെൻ്റ് പുളിക്കൽ, ഡോ.സ്റ്റീഫൻ ആലത്തറ, മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, സാഹിത്യകാരൻ എം.മുകുന്ദൻ, കോഴിക്കോട് രൂപതാ വികാരി ജെൻസൺ പുത്തൻ വീട്ടിൽ തുടങ്ങിയവർ സംസാരിക്കും. 25 ന് സമാപന ദിവസം വൈകുന്നേരം നാലിന് കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുംതലയുടെ കാർമ്മികത്വത്തിൽ കൃതജ്ഞതാ ദിവ്യബലിയും നടക്കും. തുടർന്ന് ആറിന് ഇടവക സമൂഹത്തിൻ്റെ കലാപരിപാടികൾ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186852/mahi-saint-teresa-pilgrimage-center-basilica-announcement-tomorrowthe-celebrations-have-begun)