---
title: "സ്വർണ്ണത്തെക്കാൾ തിളങ്ങും,  പാനൂർ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളായ എം കെ ശ്രീജയുടെയും, കണ്ണംവെള്ളിയിലെ പ്രതീക്ഷയുടെയും 'സന്മനസ്..!"
english_title: "Brighter than gold, the 'Sanmanas..!panoormuncipality harithakarmasena"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183196/brighter-than-gold-the-sanmanaspanoormuncipality-harithakarmasena"
published_at: "2024-02-09T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5f4a72a4da_Untitled-5_copy.jpg"
keywords: []
---

# സ്വർണ്ണത്തെക്കാൾ തിളങ്ങും,  പാനൂർ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളായ എം കെ ശ്രീജയുടെയും, കണ്ണംവെള്ളിയിലെ പ്രതീക്ഷയുടെയും 'സന്മനസ്..!

> **Lead Summary:** ***പാനൂർ: *** എന്നേക്കുമായി നഷ്ടപ്പെട്ടു എന്ന്‌ കരുതിയ അണിമയുടെ സ്വർണമാല ' തിരികെക്കിട്ടി. അതും എട്ടുദിവസത്തിന്‌ ശേഷം. സ്വർണത്തേക്കാൾ തിളക്കമുള്ള മനസുള്ള രണ്ടുപേർ ചേർന്ന്‌ മാല അണിമക്ക്‌ കൈമാറി. പാനൂർ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളായ ബെയ്സിൽപീടികയിലെ എം കെ ശ്രീജയും കണ്ണംവെള്ളിയിലെ പ്രതീക്ഷയുമാണ് സ്വർണത്തേക്കാൾ ആയിരം മടങ്ങ്‌ തിളക്കമുള്ള ആ കഥ പങ്കുവെയ്ക്കുന്നത്.

## Article Content

***പാനൂർ: *** എന്നേക്കുമായി നഷ്ടപ്പെട്ടു എന്ന്‌ കരുതിയ അണിമയുടെ സ്വർണമാല ' തിരികെക്കിട്ടി. അതും എട്ടുദിവസത്തിന്‌ ശേഷം. സ്വർണത്തേക്കാൾ തിളക്കമുള്ള മനസുള്ള രണ്ടുപേർ ചേർന്ന്‌ മാല അണിമക്ക്‌ കൈമാറി. പാനൂർ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളായ ബെയ്സിൽപീടികയിലെ എം കെ ശ്രീജയും കണ്ണംവെള്ളിയിലെ പ്രതീക്ഷയുമാണ് സ്വർണത്തേക്കാൾ ആയിരം മടങ്ങ്‌ തിളക്കമുള്ള ആ കഥ പങ്കുവെയ്ക്കുന്നത്.

പാനൂർ ബെയ്സിൽ പീടികയിലെ കെ കെ രാജന്റെയും റീജയുടെയും മകൻ റിജിൻരാജിന്റെയും, ശിൽപയുടേയും വിഹവാഹസൽക്കാരത്തിന്‌ തായംപൊയിൽ സഫ്‌ദർ ഹശ്മി ഗ്രന്ഥാലയത്തിൽ നിന്ന്‌ പുറപ്പെട്ട സംഘത്തിൽ അണിമയും, അച്‌ഛൻ ഷാജി മാഷും ഉണ്ടായിരുന്നു.

മടക്കയാത്രയിലാണ്‌ രാത്രി 11ഓടെ മാല നഷ്ടമായതായി ശ്രദ്ധയിൽ പെടുന്നത്‌. രാത്രിയിലും പിറ്റേന്നുമായി വിവാഹപ്പന്തലും വളപ്പും വീട്ടിനകവും അരിച്ചുപെറുക്കി. പന്തലഴിച്ചശേഷം വീട്ടുകാർ പല ദിവസങ്ങളിലായി പലവട്ടം തിരഞ്ഞു. തപ്പാൻ ഇനിയൊരിഞ്ചുപോലും ബാക്കിയില്ലാതായപ്പോൾ നിരാശയോടെ തെരച്ചിൽ നിർത്തി. മാല കാണാതായതിന്റെ സങ്കടം അണിമയ്‌ക്കും അതിഥിയുടെ ആഭരണം നഷ്ടമായതിന്റെ വിഷമം വീട്ടുകാർക്കും ബാക്കിയായി.

പതുക്കെ മാലയുടെ കഥ എല്ലാവരും മറന്നുതുടങ്ങി. വ്യാഴാഴ്‌ച പ്ലാസ്‌റ്റിക്‌ ശേഖരിക്കാൻ വീട്ടിലെത്തിയ ഹരിതകർമസേനയിലെ ശ്രീജയും പ്രതീക്ഷയും അടുത്തവീട്ടിലേക്ക്‌ പോകുന്നതിനിടെയാണ്‌ റോഡരികിൽ നിന്ന്‌ മാല ലഭിച്ചത്‌. മണ്ണിനടിയിൽ നിന്ന്‌ എന്തോ തിളങ്ങുന്നത്‌ കണ്ട്‌ നോക്കുകയായിയിരുന്നു.

മാല നഷ്ടമായ വിവരം വിവാഹവിരുന്നിൽ പങ്കെടുത്ത കുടുംബാംഗം ശ്രീജയും അറിഞ്ഞിരുന്നു. നേരെ വീട്ടിലെത്തി ഇരുവരും ചേർന്ന്‌ മാല കൈമാറി. എം കെ ശ്രീജ സിപിഎം ബെയ്സിൽ പീടിക ബ്രാഞ്ച്‌ അംഗവും മുൻ സിഡിഎസ്‌ അംഗവുമാണ്‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183196/brighter-than-gold-the-sanmanaspanoormuncipality-harithakarmasena)