---
title: "അധ്യാപകൻ്റെ പിറന്നാൾ ദിനം അവിസ്മരണീയമാക്കി  വിദ്യാർത്ഥികൾ ; വളയം യൂ പി സ്കൂളിൽ നിന്നും വേറിട്ടൊരു  ഗുരു - ശിഷ്യ ബന്ധത്തിൻ്റെ ഹൃദയഗാഥ"
english_title: "Students made the teacher's birthday unforgettable;Valayam is a heartwarming story of a guru-disciple relationship apart from UP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182890/students-made-the-teachers-birthday-unforgettablevalayam-is-a-heartwarming-story-of-a-guru-disciple-relationship-apart-from-up-school"
published_at: "2024-02-08T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c467b27e38b_Untitled-3_copy.jpg"
keywords: []
---

# അധ്യാപകൻ്റെ പിറന്നാൾ ദിനം അവിസ്മരണീയമാക്കി  വിദ്യാർത്ഥികൾ ; വളയം യൂ പി സ്കൂളിൽ നിന്നും വേറിട്ടൊരു  ഗുരു - ശിഷ്യ ബന്ധത്തിൻ്റെ ഹൃദയഗാഥ

> **Lead Summary:** ***വളയം :*** അറിവിൻ്റെ പുതിയ വാതായനങ്ങൾ തേടിയുള്ള യാത്രയിൽ അക്ഷരമുറ്റത്ത് നിന്ന് പിരിയുന്ന അവർ വിടപറയും മുമ്പേ ഒരു അവിസ്മരണീയ വിരുന്നൊരുക്കി. വളയം യു.പി സ്കൂളിലെ ക്ലാസ് മുറിയിൽ ഇന്ന് കണ്ടത് ഗുരു - ശിഷ്യ ബന്ധത്തിൻ്റെ ഹൃദയസ്പർശം. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ഒരുക്കിയ അധ്യാപകൻ സജീവ് കുമാറിൻ്റെ പിറന്നാൾ ആഘോഷമാണ് വേറിട്ട അനുഭവമായത്.

## Article Content

***വളയം :*** അറിവിൻ്റെ പുതിയ വാതായനങ്ങൾ തേടിയുള്ള യാത്രയിൽ അക്ഷരമുറ്റത്ത് നിന്ന് പിരിയുന്ന അവർ വിടപറയും മുമ്പേ ഒരു അവിസ്മരണീയ വിരുന്നൊരുക്കി. വളയം യു.പി സ്കൂളിലെ ക്ലാസ് മുറിയിൽ ഇന്ന് കണ്ടത് ഗുരു - ശിഷ്യ ബന്ധത്തിൻ്റെ ഹൃദയസ്പർശം. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ഒരുക്കിയ അധ്യാപകൻ സജീവ് കുമാറിൻ്റെ പിറന്നാൾ ആഘോഷമാണ് വേറിട്ട അനുഭവമായത്.

പതിവ് പോലെ ക്ലാസ് മുറിയിൽ എത്തിയ ശേഷം മാത്രമായിരുന്നു കുട്ടികൾ ഒരുക്കിയ സർപ്രൈസ് അധ്യാപകൻ അറിഞ്ഞത്. പുത്തനുടുപ്പും പിറന്നാൾ കേക്കും വർണ്ണാലങ്കാരങ്ങളും ക്ലാസിൽ നേരത്തെ സജ്ജമാക്കിയിരുന്നു. പൂക്കുറ്റി പൊട്ടിച്ച് കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ സ്വീകരിച്ചു. പിന്നെ ആട്ടവും പാട്ടും.

അത്രമേൽ സ്നേഹമാണ് അവർക്ക് സജീവ് കുമാർ എന്ന അധ്യാപകനിൽ നിന്ന് പകർന്ന് കിട്ടിയത്. കുട്ടികളുടെ എല്ലാ നേട്ടങ്ങൾക്കും വിശേഷങ്ങൾക്കും സജീവ് കുമാറിൻ്റെ ഒരു സമ്മാനം പതിവാണ്. ക്ലാസ്മുറിയിൽ ഓണപൂക്കളം തീർക്കാനും, പഠനോപകരണങ്ങൾ വാങ്ങി നൽകാനും സ്വന്തം കൈയ്യിൽ നിന്നും പണം നൽകുന്ന അധ്യാപകന് തിരിച്ചൊരു സമ്മാനം കുട്ടികളുടെ ആഗ്രഹമായിരുന്നു.

കുട്ടികളുടെ ആഘോഷത്തിൽ രക്ഷിതാക്കളും അധ്യാപകരും പങ്കുചേർന്നു. പ്രധാന അധ്യാപിക വി.കെ അനിലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പി ടി എ പ്രസിഡൻ്റ് വി പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പള്ളിത്തറ പ്രദീപ് , ക്ലാസ് പി ടി എ പ്രസിഡൻ്റ് കെ.കെ ശ്രീജിത് , ജിഷ , ദീപ്ന, റീഷ്മ, ജിഷ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182890/students-made-the-teachers-birthday-unforgettablevalayam-is-a-heartwarming-story-of-a-guru-disciple-relationship-apart-from-up-school)