---
title: "തലശേരിയിൽ വീടു നിർമ്മാണത്തിനിടയിൽ   സൺഷേഡ്  തെന്നിവീണ് നിർമ്മാണ തൊഴിലാളി മരിച്ചത്  നെഞ്ചിലേറ്റ ക്ഷതം കാരണം"
english_title: "A construction worker died of chest injuries when a sunshade slipped while constructing a house in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181877/a-construction-worker-died-of-chest-injuries-when-a-sunshade-slipped-while-constructing-a-house-in-thalassery"
published_at: "2024-02-03T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be09ff56a36_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ വീടു നിർമ്മാണത്തിനിടയിൽ   സൺഷേഡ്  തെന്നിവീണ് നിർമ്മാണ തൊഴിലാളി മരിച്ചത്  നെഞ്ചിലേറ്റ ക്ഷതം കാരണം

> **Lead Summary:** **തലശേരി: ** വീടു നിർമ്മാണ പ്രവൃത്തിക്കിടയിൽ ലിന്റിലും സൺഷേഡും ചുമർ കല്ലുകളും തെന്നിവീണ് അവശിഷ്ടങ്ങൾക്കടിയിൽ പെട്ട അതിഥി തൊഴിലാളി വെസ്റ്റ് ബംഗാൾ ജൽപൈഗുരി ബാര നിയോറയിലെ സിക്കന്ദർ മഹോത മരണപ്പെട്ടത് നെഞ്ചിനേറ്റ പരിക്കിനെ തുടർന്ന്.

## Article Content

**തലശേരി: ** വീടു നിർമ്മാണ പ്രവൃത്തിക്കിടയിൽ ലിന്റിലും സൺഷേഡും ചുമർ കല്ലുകളും തെന്നിവീണ് അവശിഷ്ടങ്ങൾക്കടിയിൽ പെട്ട അതിഥി തൊഴിലാളി വെസ്റ്റ് ബംഗാൾ ജൽപൈഗുരി ബാര നിയോറയിലെ സിക്കന്ദർ മഹോത മരണപ്പെട്ടത് നെഞ്ചിനേറ്റ പരിക്കിനെ തുടർന്ന്.

മാടപ്പീടികയിൽ വെള്ളിയാഴ്ച്ച  ഉച്ചക്ക് 12.30 ഓടെയാണ്  നിർമ്മാണ തൊഴിൽ ചെയ്ത് വർഷങ്ങളായി തലശ്ശേരിയിൽ കഴിയുന്ന യുവാവ് അപകട മരണത്തിനിരയായത്. മതിയായ സുരക്ഷയില്ലാതെ വാർത്ത സൺ ഷേഡിന്റെ  അടിപപ്പലക മാറ്റിയതാണ് അപകട മരണത്തിനിടയാക്കിയത്.

ഏതാനും ദിവസം മുൻപാണ് ലിന്റിലും സൺഷേഡും വാർത്തത്. നിർമ്മാണ പ്രവൃത്തിക്ക് വേറെയും തൊഴിലാളികൾ ഉണ്ടായിരുന്നു. അവരെല്ലാം മറ്റു ഭാഗങ്ങളിലായിരുന്നതിനാൽ അപകടത്തിനിരയായില്ല. ജനറൽ ആശുപത്രി  മോർച്ചറിയിലുള്ള മൃതദേഹം ന്യൂ മാഹി പോലീസ് എത്തി രാവിലെ ഇൻക്വസ്റ്റ് നടത്തി. 

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ ആമ്പുലൻസിൽ ബംഗലൂരിലേക്ക്  കൊണ്ടുപോയി.ഐ.ആർ.പി.സി വളണ്ടിയർമാരും സാമൂഹ്യ പ്രവർത്തകൻ പി.പി. മൊയ്തുവും സഹായ സഹകരണങ്ങൾ നൽകി. സിക്കന്ദറിന്റെ  സഹോദരനും ഒന്നിച്ച് ജോലി ചെയ്യുന്ന  ബംഗാളി സഹപ്രവർത്തകരും അനുഗമിച്ചു.

ബംഗളൂരിൽ നിന്ന് വിമാനത്തിൽ മൃതദേഹം ജന്മ നാട്ടിലേക്ക് കൊണ്ടുപോവും. സരസ്വതി ദേവിയാണ് ഭാര്യ. രാധികാകുമാരി, നന്ദകുമാർ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181877/a-construction-worker-died-of-chest-injuries-when-a-sunshade-slipped-while-constructing-a-house-in-thalassery)