---
title: "തലശേരിയിൽ റെയിൽവെ ഗേറ്റടക്കുന്നതിനിടെ പുറത്തുകടക്കാനുള്ള ടിപ്പർ ഡ്രൈവറുടെ ശ്രമം പരക്കെ അപകടങ്ങൾക്കിടയാക്കി ; ഓട്ടോയിലിടിച്ച ടിപ്പർ റെയിൽവേ ഗേറ്റും തകർത്തു, ഡ്രൈവർക്കെതിരെ കേസ്."
english_title: "The tipper driver's attempt to get out while closing the railway gate at Thalassery caused widespread accidents;The tipper hit by the auto also broke the railway gate, a case was filed against the driver."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181553/the-tipper-drivers-attempt-to-get-out-while-closing-the-railway-gate-at-thalassery-caused-widespread-accidentsthe-tipper-hit-by-the-auto-also-broke-the-railway-gate-a-case-was-filed-against-the-driver"
published_at: "2024-02-02T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bca7dae0743_Untitled-5_copy.jpg"
keywords: []
---

# തലശേരിയിൽ റെയിൽവെ ഗേറ്റടക്കുന്നതിനിടെ പുറത്തുകടക്കാനുള്ള ടിപ്പർ ഡ്രൈവറുടെ ശ്രമം പരക്കെ അപകടങ്ങൾക്കിടയാക്കി ; ഓട്ടോയിലിടിച്ച ടിപ്പർ റെയിൽവേ ഗേറ്റും തകർത്തു, ഡ്രൈവർക്കെതിരെ കേസ്.

> **Lead Summary:** ***തലശ്ശേരി:** * റെയിൽവെ ഗേറ്റടക്കുന്നതിനിടെ ധൃതിയിൽ പുറത്തു കടക്കാനുള്ള ടിപ്പർ ലോറി ഡ്രൈവറുടെ ശ്രമം പരക്കെ അപകടങ്ങൾക്കിടയാക്കി. തലശ്ശേരിക്കടുത്ത് കൊടുവള്ളി റെയിൽവേ ഗേറ്റിലാണ് അപകടങ്ങൾ ഉണ്ടായത്. ഓട്ടോയിലിടിച്ച ടിപ്പർ ലോറി റെയിൽവേ ഗേറ്റും തകർത്തു.

## Article Content

***തലശ്ശേരി:** * റെയിൽവെ ഗേറ്റടക്കുന്നതിനിടെ ധൃതിയിൽ പുറത്തു കടക്കാനുള്ള ടിപ്പർ ലോറി ഡ്രൈവറുടെ ശ്രമം പരക്കെ അപകടങ്ങൾക്കിടയാക്കി. തലശ്ശേരിക്കടുത്ത് കൊടുവള്ളി റെയിൽവേ ഗേറ്റിലാണ് അപകടങ്ങൾ ഉണ്ടായത്. ഓട്ടോയിലിടിച്ച ടിപ്പർ ലോറി റെയിൽവേ ഗേറ്റും തകർത്തു.

ഇതോടെ ഇത് വഴിയുള്ള വാഹനഗതാഗതം വഴിതിരിച്ച് വിട്ടു. വെള്ളിയാഴ്ച്ച രാവിലെയോടെയായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ 9.30ന് യശ്വന്ത്പൂർ എക്സ്പ്രസ് കടത്തിവിടുന്നതിനിടെയായിരുന്നു അപകടം. ട്രെയിൻ കടന്ന് പോകുന്നതിന്നായ് ഗേറ്റ് അടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ടിപ്പർലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് റെയിൽവേ ഗേറ്റിൽ ഇടിക്കുകയായിരുന്നു.

തലശേരി ഭാഗത്തു നിന്നും വരികയായിരുന്ന KL 58 എജി. 2154 ടിപ്പർ ലോറിയാണ് അപകടങ്ങളുണ്ടാക്കിയത്. അപകടത്തെ തുടർന്ന് ടിപ്പർ ലോറി ഡ്രൈവറും ഓട്ടോ ഡ്രൈവറും തമ്മിൽ ഏറെ നേരം വാക്ക് തർക്കവുമുണ്ടായി. തുടർന്ന് ഇരുവരെയും ഗേറ്റ് പരിസരത്ത് നിന്ന് മാറ്റിയ ശേഷം ഗേറ്റ് അടച്ചു.

തർക്കം നടക്കുന്ന സമയത്ത് ഓട്ടോയിൽ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ട്രെയിൻ കടന്നു പോയതിന് ശേഷം ഗേറ്റ് തുറക്കാനായില്ല. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസുൾപ്പടെയുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങിയത് വിദ്യാർത്ഥികൾക്കും ദുരിതമായി. ധർമ്മടം പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

അതേ സമയം കൊടുവള്ളി റെയിൽവേ ഗേറ്റ് അടിക്കടി വാഹനമിടിച്ച് തകരുന്നത് പതിവായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. റെയിൽവെ ഗേറ്റിന് നാശനഷ്ടം വരുത്തിയ ടിപ്പർ ആർ.പി.എഫ്. കസ്റ്റഡിയിലെടുത്തു. ടിപ്പർ ഡ്രൈവർ പിണറായിയിലെ അഖിലിനെതിരെ റെയിൽവെ ആക്ട് 164 പ്രകാരം കേസെടുത്തു. റെയിൽവെ ഇൻസ്പെക്ടർ കെ.വി മനോജാണ് കേസ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181553/the-tipper-drivers-attempt-to-get-out-while-closing-the-railway-gate-at-thalassery-caused-widespread-accidentsthe-tipper-hit-by-the-auto-also-broke-the-railway-gate-a-case-was-filed-against-the-driver)