---
title: "എൻഎസ്എസ് വിദ്യാർത്ഥികൾക്ക് ബസിൽ ഇളവ് നൽകിയില്ലെന്ന്  ; പാനൂർ -  തലശേരി റൂട്ടിലോടുന്ന ദേവികക്കെതിരെ പരാതി"
english_title: "NSS students were not given bus concession;Complaint against Devika on Panur - Thalassery route"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179642/nss-students-were-not-given-bus-concessioncomplaint-against-devika-on-panur-thalassery-route"
published_at: "2024-01-26T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b356a145b8a_Untitled-8_copy.jpg"
keywords: []
---

# എൻഎസ്എസ് വിദ്യാർത്ഥികൾക്ക് ബസിൽ ഇളവ് നൽകിയില്ലെന്ന്  ; പാനൂർ -  തലശേരി റൂട്ടിലോടുന്ന ദേവികക്കെതിരെ പരാതി

> **Lead Summary:** ***പാനൂർ: *** ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് പരാതിയുമായെത്തിയത്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ പാതയോര സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി മേലെ ചമ്പാട് നിർമ്മിച്ച സ്നേഹാരാമം ഉദ്ഘാടന ചടങ്ങിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥികൾ.

## Article Content

***പാനൂർ: *** ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് പരാതിയുമായെത്തിയത്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ പാതയോര സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി മേലെ ചമ്പാട് നിർമ്മിച്ച സ്നേഹാരാമം ഉദ്ഘാടന ചടങ്ങിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥികൾ.

എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ ദിവസങ്ങളോളം പണിപ്പെട്ടാണ് സ്നേഹാരാമം ഒരുക്കിയത്. ഇതിൻ്റെ ഉദ്ഘാടനത്തിനായി സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തുള്ള മേലെ ചമ്പാട് വരെയായിരുന്നു വിദ്യാർത്ഥികളുടെ യാത്ര. പാനൂർ - തലശേരി റൂട്ടിലോടുന്ന KL 58 H 6614 ദേവിക ബസ് കണ്ടക്ടറാണ് വിദ്യാർത്ഥികളോട് ഇളവ് നൽകാനാകില്ലെന്നും മുഴുവൻ തുകയും നൽകണമെന്നാവശ്യപ്പെട്ടത്. ഇതോടെ തങ്ങളിൽ നിന്നു തന്നെ പിരിവെടുത്ത് വിദ്യാർത്ഥികൾ 280 രൂപ നൽകി.

സംഭവം വിദ്യാർത്ഥികൾ സ്കൂളധികൃതരുടെയും, സ്നേഹാരാമം ഉദ്ഘാടന ചടങ്ങിനെത്തിയവരുടെയും ശ്രദ്ധയിൽപ്പെടുത്തിയതോടെ നാട്ടുകാർ ബസുകാരോട് വിശദീകരണമാവശ്യപ്പെട്ട് ബസ് അടുത്ത ദിവസം തടയാനുള്ള തയ്യാറെടുപ്പിലാണ്. പി ടി എ പ്രസിഡണ്ട് നസീർ ഇടവലത്ത് ബസ് ടിക്കറ്റടക്കം കാണിച്ച് പാനൂർ സ്റ്റേഷനിൽ പരാതി നൽകി.

ഇതോടെ ബസ് ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പരാതി ലഭിച്ചാൽ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതുൾപ്പടെയുള്ള നടപടിയെടുക്കുമെന്ന് ആർ.ടി.ഒ അധികാരികളും അറിയിച്ചു. സ്കൂൾ ദിവസങ്ങളിൽ രാവിലെ 7 മുതൽ രാത്രി 7 വരെ ആവശ്യം ന്യായമാണെങ്കിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കണമെന്നത് നിയമമാണെന്നും, ലംഘിക്കുന്നത് കുറ്റകരമാണെന്നും നിയമവിദഗ്ധരും പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179642/nss-students-were-not-given-bus-concessioncomplaint-against-devika-on-panur-thalassery-route)