---
title: "റിപ്പബ്ലിക്ക് ദിന പരേഡിൽ സാഹസിക പ്രകടനത്തിനായി ജിൻസി ഇന്നിറങ്ങും ;  പാനൂർ ജനമൈത്രി പൊലീസിന് അഭിമാന നിമിഷം"
english_title: "Jinsi will perform in the Republic Day Parade today;A proud moment for Panur Janmaitri Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179573/jinsi-will-perform-in-the-republic-day-parade-todaya-proud-moment-for-panur-janmaitri-police"
published_at: "2024-01-26T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b32e43521b7_Untitled-3_copy.jpg"
keywords: []
---

# റിപ്പബ്ലിക്ക് ദിന പരേഡിൽ സാഹസിക പ്രകടനത്തിനായി ജിൻസി ഇന്നിറങ്ങും ;  പാനൂർ ജനമൈത്രി പൊലീസിന് അഭിമാന നിമിഷം

> **Lead Summary:** **പാനൂർ:** റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫ് മോട്ടോർ സൈക്കിൾ സാഹസിക പ്രകടനത്തിൽ 10 മലയാളികൾ. സി ആർ പി എ ഫിന്റെ 262 അംഗ മോട്ടോർ സൈക്കിൾ സാഹസിക പ്രകടന സംഘമായ യശസ്വിനിയിലാണ് ഇവർ മലയാളത്തിന്റെ പെരുമ ഉയർത്തുന്നത്.

## Article Content

**പാനൂർ:** റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫ് മോട്ടോർ സൈക്കിൾ സാഹസിക പ്രകടനത്തിൽ 10 മലയാളികൾ. സി ആർ പി എ ഫിന്റെ 262 അംഗ മോട്ടോർ സൈക്കിൾ സാഹസിക പ്രകടന സംഘമായ യശസ്വിനിയിലാണ് ഇവർ മലയാളത്തിന്റെ പെരുമ ഉയർത്തുന്നത്.

ഇതിൽ പാനൂർ ഇൻസൈറ്റിന്റെ പബ്ലിക് സർവ്വീസ് പരീക്ഷ പരിശീലനത്തിലൂടെ സി ആർപി എഫിൽ ജോലി ലഭിച്ച എം കെ ജിൻസിയും ഉൾപ്പെടുന്നു. 10 പേരിൽ ഒരാളായ പാറക്കടവ് സ്വദേശി എം കെ ജിൻസിയാണ് പാനൂർ ഇൻസൈറ്റിലെ പരീക്ഷ പരിശീലനത്തിലൂടെ സി ആർ പി എഫിൽ ജോലി നേടിയത്. ബീംറോൾ, പിരമിഡ് ഓൾ റൗഡ് ഡിഫൻസ്, നാരീ ശക്തി, ആരോഹെഡ് തുടങ്ങിയ സാഹസിക പ്രകടനങ്ങളാണ് യശസ്വിനി ടീം അവതരിപ്പിക്കുന്നത്.

ഇതിൽ മൂന്നെണ്ണത്തിലാണ് മലയാളികളുടെ സാഹസിക പ്രകടനം. റൈഡർമാരും കോ റൈഡർമാരുമായി 10 മലയാളികളാണ് ഇതിൽ ടീമിൽ ഉള്ളത്. ഇതിൽ റൈഡറിൽ ഒരാളാണ് എം കെ ജിൻസി. റിപ്പബ്ലിക് പരേഡിൽ ഇത്തരം ഒരു അവസരം കിട്ടിയതിൽ ഏറെ അഭിമാനമുണ്ടെന്നും, പാനൂർ ഇൻസൈറ്റിന്റെ ഏറ്റവും മികച്ച പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ് തനിക്ക് ഇതിൽ ഒരു അംഗമാകാൻ സാധിച്ചതെന്നും ജിൻസി പറഞ്ഞു. ഡൽഹിയിലെ കൊടും തണുപ്പിൽ രാവിലെ അഞ്ചു മണി മുതലാണ് ഇവർ പരിശീലനം നടത്തുന്നത്.

പുലർച്ചെ 2.45ന് ഉണർന്ന് തയ്യാറെടുപ്പുകൾക്ക് ശേഷമാണ് പരിശീലനം നടത്തുന്നതെന്ന് ജിൻസി പറഞ്ഞു. സിആർപിഎഫിന് പുറമെ സശസ്ത്ര സീമ ബൽ, ബിഎസ് എഫ് തുടങ്ങിയ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നുള്ള വനിതകളും സാഹസിക പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. 2018 മുതലാണ് റിപ്പബ്ലിക് ദിന പരേഡിൽ മോട്ടോർ സൈക്കിൾ സാഹസിക സംഘത്തിൽ ബിഎസ്എഫ് വനിതകളെ ഉൾപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179573/jinsi-will-perform-in-the-republic-day-parade-todaya-proud-moment-for-panur-janmaitri-police)