---
title: "ഓൺലൈൻ  ജോലി വാഗ്ദാനം ചെയ്ത് ഗ്രൂപ്പിൽ ചേർത്തു ;  അമിതലാഭം നൽകാമെന്ന കെണിയിൽ വീണ പന്ന്യന്നൂർ സ്വദേശിയായ 27 കാരന് നഷ്ടമായത് ആറര  ലക്ഷത്തോളം  രൂപ"
english_title: "Joined the group by offering online jobs;A 27-year-old native of Panniyannur who fell into the trap of paying excessive profit lost around Rs. 6.5 lakhs."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179023/joined-the-group-by-offering-online-jobsa-27-year-old-native-of-panniyannur-who-fell-into-the-trap-of-paying-excessive-profit-lost-around-rs-65-lakhs"
published_at: "2024-01-24T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b083495a9c6_Untitled-3_copy.jpg"
keywords: []
---

# ഓൺലൈൻ  ജോലി വാഗ്ദാനം ചെയ്ത് ഗ്രൂപ്പിൽ ചേർത്തു ;  അമിതലാഭം നൽകാമെന്ന കെണിയിൽ വീണ പന്ന്യന്നൂർ സ്വദേശിയായ 27 കാരന് നഷ്ടമായത് ആറര  ലക്ഷത്തോളം  രൂപ

> **Lead Summary:** ***പന്ന്യന്നൂർ: *** സൈബർ തട്ടിപ്പിൽ കുടുങ്ങിയ യുവാവിന് ആറ് ലക്ഷത്തിലധികം രൂപ നഷ്ടമായി. ചമ്പാട് പന്ന്യന്നൂർ സ്വദേശിയായ 27കാരനെയാണ് അമിത ലാഭം വാഗ്ദാനം ചെയ്ത‌് കെണിയിൽ വീഴ്ത്തിയത്. ടി.ടി ജയേഷിൻ്റെ പണമാണ് നഷ്ടമായത്. 2023 നവമ്പർ 29 മുതൽ ഡിസംബർ 29 വരെയുള്ള കാലയളവിൽ വിവിധ തവണകളായി പണം നിക്ഷേപിച്ച ഇയാൾക്ക് 6,32,000 രൂപയാണ് നഷ്ടമായത്.

## Article Content

***പന്ന്യന്നൂർ: *** സൈബർ തട്ടിപ്പിൽ കുടുങ്ങിയ യുവാവിന് ആറ് ലക്ഷത്തിലധികം രൂപ നഷ്ടമായി. ചമ്പാട് പന്ന്യന്നൂർ സ്വദേശിയായ 27കാരനെയാണ് അമിത ലാഭം വാഗ്ദാനം ചെയ്ത‌് കെണിയിൽ വീഴ്ത്തിയത്. ടി.ടി ജയേഷിൻ്റെ പണമാണ് നഷ്ടമായത്. 2023 നവമ്പർ 29 മുതൽ ഡിസംബർ 29 വരെയുള്ള കാലയളവിൽ വിവിധ തവണകളായി പണം നിക്ഷേപിച്ച ഇയാൾക്ക് 6,32,000 രൂപയാണ് നഷ്ടമായത്.

ഓൺലൈൻ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വാട്‌സ് ആപ് ഗ്രൂപ്പിൽ ചേർത്തായിരുന്നു തട്ടിപ്പ് നടത്തിയത്. യുവാവിന്റെ പരാതിയിൽ കണ്ണൂർ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബർ തട്ടിപ്പിനെതിരെ പോലീസ് ശക്തമായ ബോധവൽക്കരണം തുടരുമ്പോഴും നിരവധി പേരാണ് വീണ്ടും തട്ടിപ്പുകാരുടെ കെണിയിൽ വീഴുന്നത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് കമ്പനികളുടെ വ്യാജ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. വാട്ട്സ് ആപ്പ്, ടെലഗ്രാം, ഇൻസ്റ്റ ഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ, കമ്പനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179023/joined-the-group-by-offering-online-jobsa-27-year-old-native-of-panniyannur-who-fell-into-the-trap-of-paying-excessive-profit-lost-around-rs-65-lakhs)