---
title: "പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടു വരുന്ന ഹനുമാൻ കുരങ്ങിനെ പാനൂരിൽ കണ്ടെത്തി ; പരിക്കേറ്റ കുരങ്ങിന് രക്ഷകനായി റസ്ക്യു വാച്ചർ ബിജിലേഷ്"
english_title: "The Hanuman monkey, which is only found in the Western Ghats, was found in Panur;Rescue watcher Bijilesh rescues the injured monkey"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178690/the-hanuman-monkey-which-is-only-found-in-the-western-ghats-was-found-in-panurrescue-watcher-bijilesh-rescues-the-injured-monkey"
published_at: "2024-01-22T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae4b6a41fcb_Untitled-6_copy.jpg"
keywords: []
---

# പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടു വരുന്ന ഹനുമാൻ കുരങ്ങിനെ പാനൂരിൽ കണ്ടെത്തി ; പരിക്കേറ്റ കുരങ്ങിന് രക്ഷകനായി റസ്ക്യു വാച്ചർ ബിജിലേഷ്

> **Lead Summary:** *** പാനൂർ :*** തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പ്രത്യേകയിനം കുരങ്ങ് വർഗ്ഗമാണ് ഹനുമാൻ കുരങ്ങുകൾ. ഇന്ത്യയിൽ ഇവ പ്രധാനമായും കാണപ്പെടുന്നത് ഗോവ, കർന്നാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ട വനങ്ങളിലാണ്. കഴിഞ്ഞ ദിവസമാണ് പാനൂർ ബസ് സ്റ്റാൻ്റിന് സമീപം ഹനുമാൻ കുരങ്ങിനെ അവശനിലയിൽ കണ്ടത്.

## Article Content

*** പാനൂർ :*** തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പ്രത്യേകയിനം കുരങ്ങ് വർഗ്ഗമാണ് ഹനുമാൻ കുരങ്ങുകൾ. ഇന്ത്യയിൽ ഇവ പ്രധാനമായും കാണപ്പെടുന്നത് ഗോവ, കർന്നാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ട വനങ്ങളിലാണ്. കഴിഞ്ഞ ദിവസമാണ് പാനൂർ ബസ് സ്റ്റാൻ്റിന് സമീപം ഹനുമാൻ കുരങ്ങിനെ അവശനിലയിൽ കണ്ടത്.

പരിസരത്തുള്ളവർ വിവരമറിയിച്ചതോടെ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഒഫീസർ അഖിൽ നാരായണൻ്റെയും, കണ്ണവം സെക്ഷൻ ഫോറസ്റ്റർ സുനിൽ എന്നിവർ വിവരം കണ്ണവം റസ്ക്യൂവാച്ചർ വി.സി ബിജിലേഷിന് കൈമാറി. തുടർന്ന് ബിജിലേഷ് പാനൂരിലെത്തി കൈക്ക് മുറിവ് പറ്റിയ കുരങ്ങിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തിങ്കളാഴ്ച പന്ന്യന്നൂർ മൃഗാസ്പത്രിയിലെ ഡോ. ദിവ്യ ഹനുമാൻ കുരങ്ങിന് പ്രാഥമിക ചികിത്സ നൽകി. പരിക്ക് സാരമായതിനാൽ കണ്ണൂർ ജില്ലാ വെറ്ററിനറി ആശുപത്രിയിലേക്ക് കൂടുതൽ ചികിത്സയ്ക്ക് വേണ്ടി മാറ്റി. ബിജിലേഷിനൊപ്പം സഹായിയായി ഉവൈസ് ചൊക്ലിയുമുണ്ടായിരുന്നു.

സ്വതവേ കൂട്ടമായി ജീവിക്കാനും സഞ്ചരിക്കാനും ഇഷ്ടപ്പെടുന്ന ഇവക്ക് സാധാരണ ഇലകളും, ഫലങ്ങളും, ചിലതരം പൂക്കളുമാണ് പ്രിയ ഭക്ഷണം. തവിട്ട് കലർന്ന ചാരനിറത്തിലുള്ള രോമങ്ങൾ ഇവരുടെ പ്രത്യേകതയാണ്. പാദങ്ങൾ, കൈകൾ, മുഖം, ചെവികൾ എന്നിവ കറുത്തതാണ്, മുഖം വെളുത്ത രോമങ്ങൾ കൊണ്ട് മൂടിയിട്ടുണ്ടെങ്കിലും നിറം കറുപ്പാണ്. ഇവയുടെ വാൽ സാധാരണയായി ശരീരത്തേക്കാൾ നീളമുള്ളതാണ്.

ചെവികൾക്കും മുഖത്തിനും കറുപ്പുനിറം, നീളത്തിലുള്ള താടിയും മുടിയും, ചാരക്കുപ്പായമണിഞ്ഞതുപോലെ രോമാവൃത ശരീരവുമുള്ള ജീവിയാണ് ഗ്രേ ലംഗൂർ അഥവാ ഹനുമാൻ കുരങ്ങ്. ആൺ കുരങ്ങുകൾക്ക് ഏകദേശം 75 സെന്റി മീറ്ററും പെൺ കുരങ്ങുകൾക്ക് 65 സെന്റി മീറ്റർ നീളവും കാണും.

ഏകദേശം 27 മുതൽ 40 ഇഞ്ച് വരെയാണ് വാലിന്റെ നീളം. ശരീരഭാരം 10 മുതൽ 18 കിലോ വരെയാണ്. ഈ കുരങ്ങ് എങ്ങനെ ജനവാസ കേന്ദ്രത്തിലെത്തി എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കൈ ക്ക് ഏറ്റ പരിക്ക് ഭേദമായാൽ കുരങ്ങിനെ അതിൻ്റെ ആവാസവ്യവസ്ഥയിൽ തുറന്നു വിടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178690/the-hanuman-monkey-which-is-only-found-in-the-western-ghats-was-found-in-panurrescue-watcher-bijilesh-rescues-the-injured-monkey)