---
title: "സ്കൂളിൽ നിന്നും മൂന്ന്  മക്കളെയും കൂട്ടി അമ്മ പോയത് കടലിൽച്ചാടി ജീവനൊടുക്കാൻ; അധ്യാപകരുടെ സംശയവും,  കുറ്റ്യാടി -  കൊയിലാണ്ടി സ്റ്റേഷനുകളിലെ  പോലീസുകാരുടെ സമയോചിത ഇടപെടലും കാരണം രക്ഷപ്പെട്ടത് വിലപ്പെട്ടനാല് ജീവൻ ജീവൻ"
english_title: "The mother took her three children and jumped into the sea to kill herself;timely intervention of police;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177361/the-mother-took-her-three-children-and-jumped-into-the-sea-to-kill-herselftimely-intervention-of-police"
published_at: "2024-01-17T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a770fba1e4f_65a76c4e06ba3_police.jpg"
keywords: []
---

# സ്കൂളിൽ നിന്നും മൂന്ന്  മക്കളെയും കൂട്ടി അമ്മ പോയത് കടലിൽച്ചാടി ജീവനൊടുക്കാൻ; അധ്യാപകരുടെ സംശയവും,  കുറ്റ്യാടി -  കൊയിലാണ്ടി സ്റ്റേഷനുകളിലെ  പോലീസുകാരുടെ സമയോചിത ഇടപെടലും കാരണം രക്ഷപ്പെട്ടത് വിലപ്പെട്ടനാല് ജീവൻ ജീവൻ

> **Lead Summary:** ***കൊയിലാണ്ടി: *** കടലില്‍ച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പോലീസുകാര്‍ക്ക് ബിഗ് സല്യൂട്ട്. കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസുകാരുടെ അവസരോചിതമായ ഇടപെടലാണ് കൊല്ലം പാറപ്പള്ളിക്കുസമീപത്തെ കടലില്‍ച്ചാടി മക്കളോടൊപ്പം ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെടുത്തിയത്.

## Article Content

***കൊയിലാണ്ടി: *** കടലില്‍ച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പോലീസുകാര്‍ക്ക് ബിഗ് സല്യൂട്ട്. കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസുകാരുടെ അവസരോചിതമായ ഇടപെടലാണ് കൊല്ലം പാറപ്പള്ളിക്കുസമീപത്തെ കടലില്‍ച്ചാടി മക്കളോടൊപ്പം ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെടുത്തിയത്.

കുറ്റ്യാടി സ്വദേശിയായ അമ്മയെയും കുഞ്ഞുങ്ങളെയുമാണ് പോലീസുകാര്‍ ഇടപെട്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സ്‌കൂളിലെത്തിയ അമ്മ മൂന്നുകുഞ്ഞുങ്ങളെയും വിളിച്ച് പോയതില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ പെട്ടെന്നുതന്നെ ആ വിവരം കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് കുറ്റ്യാടി സി.ഐ. ഇ.കെ. ഷിജു പറഞ്ഞു.

ഇതോടെ സ്ത്രീയുടെ ഫോണിന്റെ ലൊക്കേഷന്‍ പോലീസ് പരിശോധിച്ചു. കൊയിലാണ്ടി കൊല്ലം മന്ദമംഗലം പരിസരത്ത് ഇവര്‍ ഉള്ളതായി വ്യക്തമായതോടെ കൊയിലാണ്ടി പോലീസിന് ഉടനടി വിവരം കൈമാറി. കൊയിലാണ്ടിയിലെ ഗ്രേഡ് എസ്.ഐ. തങ്കരാജ്, കുറ്റ്യാടി സി.ഐ.യില്‍നിന്ന് വിവരം ലഭിച്ചയുടന്‍ മന്ദമംഗലം ഭാഗത്തേക്ക് കുതിച്ചു. എന്നാല്‍, വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കൊല്ലം പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കി.

ഉടന്‍തന്നെ തങ്കരാജും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിലേക്ക് കുതിച്ചെത്തി. ഈ സമയം മക്കളോടൊപ്പം കടലിലേക്ക് ചാടാനുള്ള ഒരുക്കത്തിലായിരുന്നു യുവതി. പോലീസ് സംഘം ഇവരെ അനുനയിപ്പിച്ച് ജീപ്പില്‍ക്കയറ്റി കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും കുട്ടികളെയും കുറ്റ്യാടി പോലീസിന് കൈമാറി.

ഏതാനും ദിവസംമുമ്പ് മക്കള്‍ക്ക് വിഷംനല്‍കി ആത്മഹത്യക്കൊരുങ്ങിയ ഒരാളെ വടകര, കൊയിലാണ്ടി പോലീസിന്റെ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയിരുന്നു. വിഷം ഉളളില്‍ച്ചെന്നതിനെത്തുടര്‍ന്ന് അവശരായ കുട്ടികളെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയായിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177361/the-mother-took-her-three-children-and-jumped-into-the-sea-to-kill-herselftimely-intervention-of-police)