---
title: "വരനെത്തിയത് ഒട്ടകപ്പുറത്ത്,   ഫ്രീക്കൻമാർക്കു മുന്നിൽ നിശബ്ദരായി മഹൽ കമ്മിറ്റികളും,  പൗര പ്രൗമുഖരും ; കണ്ണൂരിൽ വിവാഹ ആഭാസങ്ങൾ വീണ്ടും തലപൊക്കുന്നു"
english_title: "The bridegroom arrived on camels, and the palace committees and civil leaders were silent before the Freaks;In Kannur, the rumors of marriage are again on the rise"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177290/the-bridegroom-arrived-on-camels-and-the-palace-committees-and-civil-leaders-were-silent-before-the-freaksin-kannur-the-rumors-of-marriage-are-again-on-the-rise"
published_at: "2024-01-16T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6b5c9a0aea_Untitled-1_copy.jpg"
keywords: []
---

# വരനെത്തിയത് ഒട്ടകപ്പുറത്ത്,   ഫ്രീക്കൻമാർക്കു മുന്നിൽ നിശബ്ദരായി മഹൽ കമ്മിറ്റികളും,  പൗര പ്രൗമുഖരും ; കണ്ണൂരിൽ വിവാഹ ആഭാസങ്ങൾ വീണ്ടും തലപൊക്കുന്നു

> **Lead Summary:** മഹൽ കമ്മിറ്റി ഉൾപ്പെടെയുള്ള സമുദായ സംഘടനകളുടെയും, രാഷ്ട്രീയ പാർട്ടികളുടെയും, ശക്തമായ ഇടപെടലിനെ തുടർന്ന് ഇടക്കാലത്ത് നിലച്ചു പോയ വിവാഹ ആഭാസങ്ങൾ വീണ്ടും തിരിച്ചുവരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ വാരത്താണ് എല്ലാ സീമകളും ലംഘിച്ച് വിവാഹ ആഘോഷ ആഭാസം അരങ്ങേറിയത്.

## Article Content

മഹൽ കമ്മിറ്റി ഉൾപ്പെടെയുള്ള സമുദായ സംഘടനകളുടെയും, രാഷ്ട്രീയ പാർട്ടികളുടെയും, ശക്തമായ ഇടപെടലിനെ തുടർന്ന് ഇടക്കാലത്ത് നിലച്ചു പോയ വിവാഹ ആഭാസങ്ങൾ വീണ്ടും തിരിച്ചുവരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ വാരത്താണ് എല്ലാ സീമകളും ലംഘിച്ച് വിവാഹ ആഘോഷ ആഭാസം അരങ്ങേറിയത്.

വളപട്ടണം സ്വദേശിയായ യുവാവിന്റെയും, വാരം ചതുരകിണർ സ്വദേശിനിയായ യുവതിയുടെയും വിവാഹത്തിൽ വരന്റെ കൂടെ വന്ന ഒരു സംഘം യുവാക്കളാണ് ആഘോഷം ആഭാസമാക്കി മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ചയാ യിരുന്നു നിക്കാഹ്. അത് കഴിഞ്ഞ് ഞായറാഴ്ച്‌ച വരനും സംഘവും വധുവിൻ്റെ വീട്ടിലെ സൽക്കാരത്തിന് എത്തുമ്പോഴായിരുന്നു സംഭവം.

വളപട്ടണത്ത് നിന്ന് പുറപ്പെട്ട സംഘം മുണ്ടയാട് എത്തിയപ്പോഴാണ് ഒരു സംഘം ഇടപെട്ട് വരന്റെ യാത്ര ഒട്ടകപ്പുറത്തേക്ക് മാറ്റിയത്. അലങ്കരിച്ച ഒട്ടകത്തിന് മുകളിൽ പുഷ്‌പകിരീടം ചൂടി കോട്ടും സൂട്ടും അണിഞ്ഞ വരന്റെ പിറകേ നൃത്തചുവടുകളോടെ സുഹൃത്തുക്കൾ നീങ്ങി. അകമ്പടി സേവിക്കാൻ കാതടപ്പിക്കുന്ന ബാൻ്റ് വാദ്യവും ഉണ്ടായിരുന്നു. ആഘോഷത്തിന് ഉപയോഗിക്കുന്ന ഗൺ ഉപയോഗിച്ച് പ്രദേശത്ത് ആകെ പുകപരത്തുകയും ചെയ്‌തു. മറ്റൊരു ഗണ്ണിലൂടെ തീപ്പൊരി ചിതറിപ്പിച്ചു. പുക കാരണം പലർക്കും കാഴ്‌ച മങ്ങി. തീപ്പൊരികൾ പലരുടെയും ശരീരത്തിലേക്ക് ചിതറുകയും ചെയ്തു. കണ്ണൂർ - ഇരിട്ടി എയർപോർട്ട് റോഡിൽ പൂർണ്ണമായും ഗതാഗതം സ്ത‌ംഭിപ്പിച്ചു കൊണ്ടായിരുന്നു ഘോഷയാത്ര നീങ്ങിയത്.

അതുവഴി വന്ന രണ്ട് ആംബുലൻസുകൾക്കും കടന്നുപോകാൻ പറ്റാത്ത അവസ്ഥയുണ്ടായതോടെ ക്ഷുഭിതരായ നാട്ടുകാർ ഇടപെ ട്ടു. അപ്പോഴേക്കും വിവരമറിഞ്ഞ് ചക്കരക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു. വിവാഹ സംഘത്തിലെ ചിലർ പോലീ സിനോടും തട്ടിക്കയറി തുടർന്ന് പോലീസിന് ചെറിയതോതിൽ ബലപ്രയോഗം നടത്തേണ്ടിവന്നു.

വരനെ ഒട്ടകപ്പുറത്ത് നിന്ന് താഴെയിറക്കുകയും ചെയ്‌തു. പോലീസിന് നേരെ തട്ടിക്കയറിയ സംഘത്തിലെ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. പിന്നീട് താക്കീത് ചെയ്‌ത് വിട്ടയച്ചു. എയർപോർട്ടിലേക്കുള്ള യാത്രക്കാർ ബഹളം വച്ചതോടെ പോലീസും നാട്ടുകാരും ഇടപെട്ട് വരന്റെ ഒപ്പമെത്തിയ ഫ്രീക്കൻമാരായ സംഘത്തെ ചെറിയതോതിൽ കൈകാര്യം ചെയ്തു. അടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാകാനും നിർദേശം നൽകി. ഇതോടെ എല്ലാറ്റിനും നേതൃത്വം നൽകിയ ഫ്രീക്കൻമാരും, കൂടെയെത്തിയ ഫ്രീക്കോളികളും പത്തിമടക്കി ഒളിച്ചോടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177290/the-bridegroom-arrived-on-camels-and-the-palace-committees-and-civil-leaders-were-silent-before-the-freaksin-kannur-the-rumors-of-marriage-are-again-on-the-rise)