---
title: "മുത്തലാഖ് ചൊല്ലി വിദേശത്തുള്ള ഭർത്താവ്  വിവാഹബന്ധം  വേർപ്പെടുത്തി ; യുവതിയുടെ പരാതിയിൽ ഭർത്താവിനും, ഭർതൃമാതാവിനും എതിരെ കേസ്"
english_title: "The foreign husband divorced the marriage due to triple talaq;A case against her husband and mother-in-law was filed on the woman's complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176117/the-foreign-husband-divorced-the-marriage-due-to-triple-talaqa-case-against-her-husband-and-mother-in-law-was-filed-on-the-womans-complaint"
published_at: "2024-01-11T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fd6d40a8a9_download_(7).jpg"
keywords: []
---

# മുത്തലാഖ് ചൊല്ലി വിദേശത്തുള്ള ഭർത്താവ്  വിവാഹബന്ധം  വേർപ്പെടുത്തി ; യുവതിയുടെ പരാതിയിൽ ഭർത്താവിനും, ഭർതൃമാതാവിനും എതിരെ കേസ്

> **Lead Summary:** *** ***മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതിനെതിരെ കേസ്. വാഴക്കാല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്. തൃക്കാക്കര പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. നിയമം മൂലം നിരോധിക്കപ്പെട്ട മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തി എന്നാണ് കേസ്.

## Article Content

*** ***മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതിനെതിരെ കേസ്. വാഴക്കാല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്. തൃക്കാക്കര പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. നിയമം മൂലം നിരോധിക്കപ്പെട്ട മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തി എന്നാണ് കേസ്.

മുത്തലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസാണിത്. മുത്തലാഖ് നിയമം മൂലം നിരോധിക്കപ്പെട്ട ശേഷവും വിദേശത്തുള്ള ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും മാനസികമായി ഭർതൃവീട്ടുകാർ പീഡിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയുടെ പരാതി.

ഭർതൃവീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.പരാതിയിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് യുവതിയുടെ ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും കേസെടുത്തിരിക്കുന്നത്.

യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകളും, മുത്തലാഖ് നിരോധന നിയമത്തിലെ വകുപ്പുകൾക്കൊപ്പം ചുമത്തിയിട്ടുണ്ട്. 2019 ആഗസ്റ്റ് ഒന്നിനാണ് രാജ്യത്ത് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176117/the-foreign-husband-divorced-the-marriage-due-to-triple-talaqa-case-against-her-husband-and-mother-in-law-was-filed-on-the-womans-complaint)