---
title: "പാനൂരിൽ ഓർമ്മച്ചെപ്പ് തുറന്ന് 1987 ലെ  എസ്.എസ്.സി ബാച്ച് ; പൂർവ വിദ്യാർത്ഥി സംഗമം നവ്യാനുഭവമായി"
english_title: "SSC batch of 1987 opened memory in Panur;Alumni reunion was a new experience"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175251/ssc-batch-of-1987-opened-memory-in-panuralumni-reunion-was-a-new-experience"
published_at: "2024-01-07T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ab8a762b48_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ഓർമ്മച്ചെപ്പ് തുറന്ന് 1987 ലെ  എസ്.എസ്.സി ബാച്ച് ; പൂർവ വിദ്യാർത്ഥി സംഗമം നവ്യാനുഭവമായി

> **Lead Summary:** സംസ്ഥാനത്ത് ഒരു വർഷം എസ്.എസ്.എൽ.സിക്ക് പകരം നടപ്പാക്കിയ എസ്.എസ്.സി ബാച്ചിൻ്റെ അപൂർവ വിദ്യാർത്ഥി സംഗമമാണ് ഞായറാഴ്ച പാനൂർ പിആർഎംഎച്ച്എസ്എസിൽ നടന്നത്. കെ.പി മോഹനൻ എം എൽ എ സംഗമം ഉദ്ഘാടനം ചെയ്തു. എ. യതീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

സംസ്ഥാനത്ത് ഒരു വർഷം എസ്.എസ്.എൽ.സിക്ക് പകരം നടപ്പാക്കിയ എസ്.എസ്.സി ബാച്ചിൻ്റെ അപൂർവ വിദ്യാർത്ഥി സംഗമമാണ് ഞായറാഴ്ച പാനൂർ പിആർഎംഎച്ച്എസ്എസിൽ നടന്നത്. കെ.പി മോഹനൻ എം എൽ എ സംഗമം ഉദ്ഘാടനം ചെയ്തു. എ. യതീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

പി ആർ എം എച്ച് എസ് എസ് പ്രധാനധ്യാപിക മിനിജ കുമാരി ആൽമരത്തണലിൽ ഡയറക്ടറി കം സുവനീർ പ്രകാശനം ചെയ്തു. അംഗങ്ങളുടെ ഫോട്ടോയും, വിവരങ്ങളും സുവനീറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്എസ്എൽസി യിൽ നിന്ന് എസ് എസ് സി യായി മാറ്റത്തിന് വിധേയമായ വേറിട്ട ഒരനുഭവം ഉള്ള ഒരേ ഒരു ബാച്ച് ആണ് ഇത്.

വലിയ എസ് എസ് സി ബുക്കും 1200 ൽ ഉള്ള മാർക്കും ഈ ബാച്ചിന് മാത്രം അവകാശപ്പെട്ടതാണ്. അധ്യാപകർക്ക് ആദരവ്, ഫോട്ടോ സെഷൻ, വിവിധ കലാപരിപാടികൾ, ഫണ്ണി ഗെയിംസ് എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളും നടന്നു. 36 വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ ഒത്തുചേരാനുള്ള അവസരം ഒരുങ്ങിയത് കഴിഞ്ഞ വർഷം ജൂൺ 15ന് രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും സംഗമത്തിനായി മാത്രം എത്തിച്ചേർന്നു. 1987 ന് ശേഷം പരസ്പരം കണ്ട് മുട്ടാത്തവരായിരുന്നു ഭൂരിഭാഗം പേരും. 750 ഓളം പേരാണ് ഈ എസ്.എസ്.സി ബാച്ചിലുള്ളത്. അഞ്ഞൂറോളം പേർ സംഗമത്തിനെത്തി. സംഘാടക സമിതി പ്രസിഡൻ്റ് കെ.എം സുനലൻ അധ്യക്ഷനായി. സ്കൂൾ മാനേജർ പി കെ സരള, പാനൂർ പ്രസ് ഫോറം പ്രസിഡണ്ടും,

മുൻ അധ്യാപകനുമായ വി.പി ചാത്തു, എം ഭാനുമാസ്റ്റർ, സംഗമം ഭാരവാഹികളായ പ്രകാശൻ മൊകേരി, കെ ഐ കൃഷ്ണമുരളി, വിനോദൻ ചുങ്കക്കാരൻ, കെ.പി ശുഭ, സജ്ന മഹമൂദ് എന്നിവർ സംസാരിച്ചു. അനുശോചന പ്രമേയം കെ പി നന്ദനനും, പ്രവർത്തന റിപ്പോർട്ട് ടി രാജീവ് കുമാറും അവതരിപ്പിച്ചു. സെക്രട്ടറി കെ.പി രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത് കുമാർ നന്ദിയും പറഞ്ഞു. അംഗങ്ങൾ തന്നെ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175251/ssc-batch-of-1987-opened-memory-in-panuralumni-reunion-was-a-new-experience)