---
title: "തലശേരിയിൽ  ക്ഷേത്രത്തിന് മുന്നിലെ  പടുകൂറ്റൻ ആൽമരം പൊട്ടി വീണ് 2 വീടുകൾക്ക് നാശനഷ്ടം ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക് "
english_title: "In Thalassery, a huge banyan tree in front of the temple fell and damaged 2 houses;The family escaped safely"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174572/in-thalassery-a-huge-banyan-tree-in-front-of-the-temple-fell-and-damaged-2-housesthe-family-escaped-safely"
published_at: "2024-01-04T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65968e685f013_Untitled-5_copy.jpg"
keywords: []
---

# തലശേരിയിൽ  ക്ഷേത്രത്തിന് മുന്നിലെ  പടുകൂറ്റൻ ആൽമരം പൊട്ടി വീണ് 2 വീടുകൾക്ക് നാശനഷ്ടം ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക് 

> **Lead Summary:** **തലശേരി: ** തലശേരിക്കടുത്ത് കോടിയേരി കാരാൽ തെരു ഗണപതി ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലെ ആൽ മരമാണ് പൊട്ടിവീണത്. രണ്ട് വീടുകളിലുള്ളവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോടിയേരി കാരാൽതെരു മഹാഗണപതി ക്ഷേത്രത്തിന് സമീപത്ത് രാത്രി 11.30 ഓടെയാണ് ഉഗ്ര ശബ്ദത്തിൽ കൂറ്റൻ ആൽമരത്തിൻ്റെ ശിഖിരം പൊട്ടിവീണത്.

## Article Content

**തലശേരി: ** തലശേരിക്കടുത്ത് കോടിയേരി കാരാൽ തെരു ഗണപതി ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലെ ആൽ മരമാണ് പൊട്ടിവീണത്. രണ്ട് വീടുകളിലുള്ളവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോടിയേരി കാരാൽതെരു മഹാഗണപതി ക്ഷേത്രത്തിന് സമീപത്ത് രാത്രി 11.30 ഓടെയാണ് ഉഗ്ര ശബ്ദത്തിൽ കൂറ്റൻ ആൽമരത്തിൻ്റെ ശിഖിരം പൊട്ടിവീണത്.

പി പി ഹൗസിൽ പി.പി ഹരീന്ദ്രൻ, മാക്കൂൽ ഹൗസിലെ ഇ.രാധ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് ആൽമരത്തിൻ്റെ ശിഖിരങ്ങൾ പതിച്ച് കേടുപാടുണ്ടായി. ഹരീന്ദ്രൻ്റെ വീടിനാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. വീടിൻ്റെ സൺഷേഡ്, ചുറ്റും ഗ്ലാസിട്ട് അടച്ചുറപ്പുള്ളതാക്കിയ മുകൾ നിലയിലെ ഗ്ലാസുകൾ പൂർണമായും തകർന്നു.

വീടിൻ്റെ ചുറ്റുമതി ലും, ഗേറ്റും തകർന്നു. ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. അപകടം നടക്കുമ്പോൾ ഹരീന്ദ്രനും, ഭാര്യ കമലയും താഴത്തെ നിലയിലായിരുന്നു. സമീപത്തെ മാക്കൂൽ ഹൗസിലെ ഇ.രാധയുടെ വീടിനും കേടുപാടുകൾ സംഭവിച്ചു. വീടിൻ്റെ മുൻവശത്തെ ഞാലി ഭാഗികമായി തകർന്നു.

രാധയും, മക്കളും അകത്തെ മുറിയിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഏറെ നേരം പണിപ്പെട്ടാണ് ആൽ മരത്തിൻ്റെ ശിഖിരങ്ങൾ കൗൺസിലർ മനോഹരൻ്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റിയത്. അപകടാവസ്ഥയിലായ ആൽമരത്തെക്കുറിച്ച് തഹസീൽദാർക്കും, വില്ലേജ് ഓഫീസർക്കും പരാതി നൽകിയിരുന്നതായും, എന്നാൽ വിശ്വാസത്തിൻ്റെ ഭാഗമായതിനാൽ മുറിച്ചു മാറ്റാനാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും റിട്ട. പോസ്റ്റ് മാസ്റ്റർ കൂടിയായ പി.പി ഹരീന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174572/in-thalassery-a-huge-banyan-tree-in-front-of-the-temple-fell-and-damaged-2-housesthe-family-escaped-safely)