---
title: "വടകര  ആർപിഎഫും, സൈബർ സെല്ലും ഒപ്പം  കരിമ്പനപ്പാലവും കൈകോർത്തു ; നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിച്ച കൊല്ലം സ്വദേശിനി അനന്യ  മനസമാധാനത്തിൽ  പരീക്ഷയെഴുതും."
english_title: "Vadakara RPF, Cyber Cell and Karimbanapalam joined hands;Ananya, a native of Kollam who got her lost phone back, will take the exam with peace of mind"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174483/vadakara-rpf-cyber-cell-and-karimbanapalam-joined-handsananya-a-native-of-kollam-who-got-her-lost-phone-back-will-take-the-exam-with-peace-of-mind"
published_at: "2024-01-04T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596407f31cfd_6596358304a2c_police.jpg"
keywords: []
---

# വടകര  ആർപിഎഫും, സൈബർ സെല്ലും ഒപ്പം  കരിമ്പനപ്പാലവും കൈകോർത്തു ; നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിച്ച കൊല്ലം സ്വദേശിനി അനന്യ  മനസമാധാനത്തിൽ  പരീക്ഷയെഴുതും.

> **Lead Summary:** **വടകര:** ''സാറേ പരീക്ഷ നാളെത്തുടങ്ങുകയാ... പരീക്ഷയുടെ എല്ലാ കാര്യങ്ങളും ഫോണിലാണുള്ളത്... എങ്ങനെയെങ്കിലും ഫോണ്‍ കണ്ടെത്തിത്തരണം...'' മലബാര്‍ എക്‌സ്പ്രസില്‍നിന്ന് വടകരയ്ക്ക് സമീപം തെറിച്ചുവീണ തന്റെ മൊബൈല്‍ ഫോണിനുവേണ്ടി അനന്യ ശങ്കര്‍ എന്ന വിദ്യാര്‍ഥിനി വടകര ആര്‍.പി.എഫ്. എ.എസ്.ഐ. പി.പി. ബിനീഷിനോട് പറഞ്ഞ വാക്കുകളാണിത്. 16,000 രൂപയുടെ ഫോണാണ്. അനന്യയുടെ സങ്കടം കേട്ട ബിനിഷ് വെറുതേയിരുന്നില്ല.

## Article Content

**വടകര:** ''സാറേ പരീക്ഷ നാളെത്തുടങ്ങുകയാ... പരീക്ഷയുടെ എല്ലാ കാര്യങ്ങളും ഫോണിലാണുള്ളത്... എങ്ങനെയെങ്കിലും ഫോണ്‍ കണ്ടെത്തിത്തരണം...'' മലബാര്‍ എക്‌സ്പ്രസില്‍നിന്ന് വടകരയ്ക്ക് സമീപം തെറിച്ചുവീണ തന്റെ മൊബൈല്‍ ഫോണിനുവേണ്ടി അനന്യ ശങ്കര്‍ എന്ന വിദ്യാര്‍ഥിനി വടകര ആര്‍.പി.എഫ്. എ.എസ്.ഐ. പി.പി. ബിനീഷിനോട് പറഞ്ഞ വാക്കുകളാണിത്. 16,000 രൂപയുടെ ഫോണാണ്. അനന്യയുടെ സങ്കടം കേട്ട ബിനിഷ് വെറുതേയിരുന്നില്ല.

പിന്നെക്കണ്ടത് ഈ ഫോണ്‍ കണ്ടെത്താന്‍ ആര്‍.പി.എഫും കരിമ്പനപ്പാലത്തെ നാട്ടുകാരുമെല്ലാം ഒന്നിച്ചിറങ്ങുന്ന കാഴ്ചയാണ്. സൈബര്‍ സെല്ലും സഹായം നല്‍കി. രണ്ടുമണിക്കൂര്‍ നീണ്ട മാരത്തണ്‍ തിരച്ചിലിനൊടുവില്‍ ഫോണ്‍ കിട്ടി. കൊല്ലം സ്വദേശിനിയായ അനന്യ കണ്ണൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. കൊല്ലത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ 5.30-ഓടെ വടകര സ്റ്റേഷനിലെത്തും മുമ്പേയാണ് ഫോണ്‍ ജനലിലൂടെ തെറിച്ച് പുറത്തേക്കുവീണത്.

കണ്ണൂരിലെത്തിയ അനന്യ വിവരം ആര്‍.പി.എഫിനെ അറിയിച്ചു. പിന്നാലെ വിവരം വടകര ആര്‍.പി.എഫിലുമെത്തി. ഇതോടെയാണ് ഫോണ്‍ കണ്ടെത്താനുളള 'ഓപ്പറേഷന്‍' തുടങ്ങിയത്. ആര്‍.പി.എഫ്. വിവരം ട്രാക്ക്മാന്‍മാര്‍ക്ക് കൈമാറി. ഫോണ്‍ വീണതെന്ന് സംശയിക്കുന്ന കരിമ്പനപ്പാലത്തെ റെസിഡന്‍സ് അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പിലും വിവരം പങ്കുവെച്ചു. ഇതോടെ ബിനീഷിന്റെ നേതൃത്വത്തില്‍ മുപ്പതോളം നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി.

കോട്ടക്കടവ് മുതല്‍ വടകര സ്റ്റേഷന്‍ പരിസരംവരെ തിരഞ്ഞെങ്കിലും ഫോണ്‍ കിട്ടിയില്ല. ഇതോടെ എല്ലാവരും നിരാശരായി. പിന്നാലെ സൈബര്‍സെല്ലില്‍ വിവരം അറിയിച്ചു.

ഫോണിന്റെ ലൊക്കേഷന്‍ കരിമ്പനപ്പാലം തന്നെയെന്ന് സ്ഥിരീകരണം. ഇതോടെ തിരച്ചില്‍ വീണ്ടും ഉഷാര്‍. ഒടുവില്‍ ഒമ്പതരയോടെ കള്ളുഷാപ്പിന് സമീപത്തായി കുറ്റിക്കാട്ടിനുള്ളില്‍നിന്ന് ഫോണ്‍ കിട്ടി. കാര്യമായ കേടുപാടൊന്നും പറ്റിയില്ല. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി എഴുതിനല്‍കിയാണ് അനന്യ ഫോണുമായി മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174483/vadakara-rpf-cyber-cell-and-karimbanapalam-joined-handsananya-a-native-of-kollam-who-got-her-lost-phone-back-will-take-the-exam-with-peace-of-mind)