---
title: "ആശങ്കയൊഴിഞ്ഞു ; കുന്നോത്ത് പറമ്പിൽ കണ്ടെത്തിയ കാൽപാട് പുലിയുടേതല്ല, പ്രചരിക്കുന്ന വീഡിയോകൾ വ്യാജം"
english_title: "No worries;The footprint found in the Kunnoth paddock is not that of a tiger, the videos circulating are fake"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173465/no-worriesthe-footprint-found-in-the-kunnoth-paddock-is-not-that-of-a-tiger-the-videos-circulating-are-fake"
published_at: "2023-12-30T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590186425182_download_(2).jpg"
keywords: []
---

# ആശങ്കയൊഴിഞ്ഞു ; കുന്നോത്ത് പറമ്പിൽ കണ്ടെത്തിയ കാൽപാട് പുലിയുടേതല്ല, പ്രചരിക്കുന്ന വീഡിയോകൾ വ്യാജം

> **Lead Summary:** **കുന്നോത്തുപറമ്പ്: **മീത്തലെ കുന്നോത്തുപറമ്പ് - പുത്തൂർ ഭാഗത്തെ വയലിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ പുലിയുടെതിന് സാദൃശ്യമുള്ള കാൽപ്പാട് കണ്ടത്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാൽപ്പാട് പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു.

## Article Content

**കുന്നോത്തുപറമ്പ്: **മീത്തലെ കുന്നോത്തുപറമ്പ് - പുത്തൂർ ഭാഗത്തെ വയലിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ പുലിയുടെതിന് സാദൃശ്യമുള്ള കാൽപ്പാട് കണ്ടത്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാൽപ്പാട് പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു.

നവ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ പഴയതാണെന്നും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി  മീത്തലെ കുന്നോത്തുപറമ്പ് - പുത്തൂർ ഭാഗത്തെ വയലിൽ ഭാഗത്താണ് പുലിയെ  കണ്ടതായി  അഭ്യൂഹമുയർന്നത്. പ്രദേശ വാസിയായ ഷീജയാണ്‌ രാത്രി 9.20 ന് വീട്ടുമുററത്ത് നായക്ക് പിന്നാലെ ഓടുന്ന ജീവിയുടെ പിൻ ഭാഗം കണ്ടത്.

അയൽവാസിയായ മീത്തലെ കുന്നോത്തുപറമ്പിൽ മരപണിക്കാരനായ അനീഷൻ, ഭാര്യ പ്രിയ, മകൻ അശ്മിത്ത് എന്നിവർ വീടിന് പുറത്ത് കിതച്ചു കൊണ്ട് ഒരു ജീവി ഓടുന്ന ശബ്ദം കേട്ടുവെന്നും പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് ചെറുപ്പറമ്പിലെ കെ.കെ. അശ്രഫിന്റെ വീട്ടുപരിസരത്തും കടുങ്ങാൻ പൊയിൽ ടി.പി.ചന്ദ്രന്റെ വീട്ടുപരിസരത്തും ഇത്തരത്തിൽ കാൽപാടുകൾ കണ്ടിരുന്നു.

രാത്രി കാലങ്ങളിൽ തെരുവുനായകൾ പരിഭ്രാന്തരായി ഭയന്നോടുന്നതും, നിലവിളിക്കുന്നതും പ്രദേശത്തെ ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരുന്നു. ശനിയാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാൽപ്പാട് പുലിയുടേതല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് ദിവസങ്ങളായി പ്രദേശത്ത് നില നിന്ന ആശങ്കക്ക് വിരാമമായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173465/no-worriesthe-footprint-found-in-the-kunnoth-paddock-is-not-that-of-a-tiger-the-videos-circulating-are-fake)