---
title: "പൊയിലൂരിൽ ക്ഷേത്രോത്സവത്തിനിടെ  ആന വിരണ്ടു ; ഭക്തർ ചിതറിയോടി, വൻ അപകടമൊഴിവായത് തലനാരിഴക്ക്."
english_title: "An elephant feasted during the temple festival at Poilur;The devotees scattered and there was a huge accident."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170643/an-elephant-feasted-during-the-temple-festival-at-poilurthe-devotees-scattered-and-there-was-a-huge-accident"
published_at: "2023-12-20T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658247513a53a_Untitled-1_copy.jpg"
keywords: []
---

# പൊയിലൂരിൽ ക്ഷേത്രോത്സവത്തിനിടെ  ആന വിരണ്ടു ; ഭക്തർ ചിതറിയോടി, വൻ അപകടമൊഴിവായത് തലനാരിഴക്ക്.

> **Lead Summary:** **പാനൂർ : **പാനൂരിനടുത്ത് വടക്കേപോയിലൂര്‍ ശ്രീ കുരുടന്‍കാവ് ദേവീ ക്ഷേത്രത്തില്‍ എട്ട് ദിവസങ്ങളിലായി നടന്നു വന്ന ആറാട്ടുത്സവ സമാപന ദിവസമാണ് ആനകളെ എത്തിച്ചത്. രാത്രി 11 മണിയോടെ ആറാട്ട് നടക്കുന്നതിനിടെ ഘോഷയാത്രക്കിടെ ആന വിരളുകയായിരുന്നു. ആന വിരണ്ടതറിഞ്ഞ ഭക്തർ ചിതറിയോടുകയായിരുന്നു.

## Article Content

**പാനൂർ : **പാനൂരിനടുത്ത് വടക്കേപോയിലൂര്‍ ശ്രീ കുരുടന്‍കാവ് ദേവീ ക്ഷേത്രത്തില്‍ എട്ട് ദിവസങ്ങളിലായി നടന്നു വന്ന ആറാട്ടുത്സവ സമാപന ദിവസമാണ് ആനകളെ എത്തിച്ചത്. രാത്രി 11 മണിയോടെ ആറാട്ട് നടക്കുന്നതിനിടെ ഘോഷയാത്രക്കിടെ ആന വിരളുകയായിരുന്നു. ആന വിരണ്ടതറിഞ്ഞ ഭക്തർ ചിതറിയോടുകയായിരുന്നു.

ആനപ്പുറത്ത് ആളുമുണ്ടായിരുന്നു. നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ഓട്ടത്തിനിടെ പലർക്കും പരിക്കേറ്റതായും വിവരങ്ങളുണ്ട്. ഇതിനിടെ തന്നെ ആനയെ തളക്കാനായതിനാൽ വൻ അപകടമാണ് ഒഴിവായത്. നിരവധി ഇരുചക്രവാഹനങ്ങളും റോഡരികിലുണ്ടായിരുന്നു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ കൊളവല്ലൂർ പൊലീസും, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും സ്ഥിതി ഗതികൾ ശാന്തമാക്കി.

ഡി ജെ മ്യൂസിക്കും, ചെണ്ടമേളവും ആനയെ അസ്വസ്ഥനാക്കിയതാവാമെന്നാണ് കരുതുന്നത്. ആനയെ പുലർച്ചെയോടെ കൊണ്ടുപോകുകയും ചെയ്തു. സമാപനദിവസമായ ചൊവ്വാഴ്ച പ്രത്യക്ഷ മഹാഗണപതി ഹോമവും ആനയൂട്ടും ക്ഷേത്രത്തിൽ നടന്നിരുന്നു. എട്ടു ദിവസങ്ങളിലായി നടന്ന ആറാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടികളില്‍ നിരവധി ഭക്തര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170643/an-elephant-feasted-during-the-temple-festival-at-poilurthe-devotees-scattered-and-there-was-a-huge-accident)