---
title: "സംസ്ഥാനത്ത് കൊവിഡ് രോ​ഗികള്‍ കൂടുന്നു, പരിശോധനകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശം; ജാഗ്രത വേണം"
english_title: "covid patients are increasing in the state, proposal to increase the number of tests;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170143/covid-patients-are-increasing-in-the-state-proposal-to-increase-the-number-of-tests"
published_at: "2023-12-18T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fdeceed462_download_(6).jpg"
keywords: []
---

# സംസ്ഥാനത്ത് കൊവിഡ് രോ​ഗികള്‍ കൂടുന്നു, പരിശോധനകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശം; ജാഗ്രത വേണം

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തില്‍ കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുതൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശം. എല്ലാ ആശുപത്രികളിലും കൊവിഡ് പരിശോധന തുടങ്ങാൻ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **കേരളത്തില്‍ കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുതൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശം. എല്ലാ ആശുപത്രികളിലും കൊവിഡ് പരിശോധന തുടങ്ങാൻ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ (ഞായര്‍) 277 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 260 കൊവിഡ് കേസുകളിൽ 227 എണ്ണവും കേരളത്തിലാണ്. സംസ്ഥാനത്ത് 1634 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ ഉള്ളത്. ശനിയാഴ്ച സംസ്ഥാനത്ത് നാലു പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

302 പേർക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. മുൻ ദിവസത്തെ അപേക്ഷിച്ച് ഞായറാഴ്ച കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായ നേരിയ കുറവ് അവധി ദിവസം ആയതിനാൽ പരിശോധനകളുടെ എണ്ണം കുറഞ്ഞതുകൊണ്ടാണ് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ജാഗ്രത വേണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒമിക്രോണും ഉപ വകഭേദമായ ജെഎൻ1 ഉം ആണ് കേരളത്തിൽ പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതൽ രോഗികളും ആശുപത്രിയിൽ എത്തുന്നത്. പ്രായമായവരും മറ്റുള്ള അസുഖങ്ങൾ ഉള്ളവരും മാസ്കടക്കം മുൻകരുതൽ എടുക്കണം. സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. സൗകര്യങ്ങൾ ഉള്ള എല്ലാ സർക്കാർ ആശുപത്രികളിലും പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. കണക്കുകൾ ക്രോഡീകരിച്ച ശേഷം വകുപ്പുതലയോഗം ചേരാനും തീരുമാനമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170143/covid-patients-are-increasing-in-the-state-proposal-to-increase-the-number-of-tests)