---
title: "മകളെ ഭർത്താവും, വീട്ടുകാരും  പീഡിപ്പിച്ചു കൊന്നതാണെന്ന് ചൊക്ലിയിലെ   ഷഫ്ന ഷെറിന്റെ മാതാവ് ഷാഹിദ ; ബി.ബി.എ വരെ പഠിച്ചിട്ടും മകളെ  ജോലിക്ക് പോകാനനുവദിച്ചില്ലെന്നും മാതാവ്"
english_title: "Shahida, the mother of Shafna Sher of Chokli, said that her daughter was tortured and killed by her husband and family;The mother also said that she did not allow her daughter to go to work even though she studied up to BBA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168988/shahida-the-mother-of-shafna-sher-of-chokli-said-that-her-daughter-was-tortured-and-killed-by-her-husband-and-familythe-mother-also-said-that-she-did-not-allow-her-daughter-to-go-to-work-even-though-she-studied-up-to-bba"
published_at: "2023-12-13T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579da3f850fa_Untitled-4_copy.jpg"
keywords: []
---

# മകളെ ഭർത്താവും, വീട്ടുകാരും  പീഡിപ്പിച്ചു കൊന്നതാണെന്ന് ചൊക്ലിയിലെ   ഷഫ്ന ഷെറിന്റെ മാതാവ് ഷാഹിദ ; ബി.ബി.എ വരെ പഠിച്ചിട്ടും മകളെ  ജോലിക്ക് പോകാനനുവദിച്ചില്ലെന്നും മാതാവ്

> **Lead Summary:** **ചൊക്ലി:** ഭർതൃവീട്ടിലെ കിണറ്റിൽ മകളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കുമെതിരെ കടുത്ത ആരോപണവുമായി മാതാവ് അടക്കമുള്ള ബന്ധുക്കൾ രംഗത്ത്.

## Article Content

**ചൊക്ലി:** ഭർതൃവീട്ടിലെ കിണറ്റിൽ മകളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കുമെതിരെ കടുത്ത ആരോപണവുമായി മാതാവ് അടക്കമുള്ള ബന്ധുക്കൾ രംഗത്ത്.

കല്യാണം കഴിഞ്ഞതു മുതൽ ഭർത്താവും ബന്ധുക്കളും തന്റെ മകളെ മാനസീകമായി  പീഡിപ്പിച്ചു വന്നിരുന്നതായി ചൊക്ലി മേനപ്രം പെട്ടിപ്പാലത്തെ ആശാരി പുളിക്കൽ ഷാഹിദ കണ്ണീരോടെ  പറഞ്ഞു.

മതാചാര ചിട്ടകളോടെ ജീവിതം നയിക്കുന്ന തന്റെ  മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മകളുടെ മരണത്തിൽ ഞങ്ങൾക്ക് ഒട്ടേറെ സംശയങ്ങളുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു. ഷാഹിദയുടെയും സലിമിന്റെയും നാലു മക്കളിൽ മൂന്നാമത്തെ മകളായ ഷഫ്ന ഷറിനെ (23 ) ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ചൊക്ലി പുല്ലൂക്കരയിലുള്ള ഭതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

വിവരമറിഞ്ഞ് പാനൂരിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്. പരിസരവാസികൾ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മകളുടെ മൃതദേഹത്തോടൊപ്പം വീട്ടിലുണ്ടായ ഭർത്താവോ, മറ്റ് ബന്ധുക്കളോ വന്നില്ല. മകൾ മരിക്കുന്നതിന്റെ തലേ ദിവസം ഭർത്താവ് റയീസ്, ഷഫ്നയെയും, ഒപ്പം റയീസിന്റെ ബന്ധുവിനെയും കൂട്ടി ഫെസ്റ്റിൽ പോയിരുന്നു. ആകാശത്തൊട്ടിലിൽ കയറാൻ ഷഫ്നയെ റയിസ് നിർബ്ബന്ധിച്ചിരുന്നുവെങ്കിലും വഴങ്ങാതിരുന്നതിനാൽ വഴക്കുണ്ടായത്രെ.

നിനക്ക് ബാക്കി വീട്ടിൽ എത്തിയിട്ട് തരാമെന്ന് റയീസ് ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് ഷാഹിദ പറഞ്ഞു. പിറ്റേ ദിവസം രാവിലെയാണ് മകളെ കിണറ്റിൽ മരിച്ച നിലയിൽ കാണുന്നത്. ഇരുമ്പ് ഗ്രിൽ സ്ഥാപിച്ച കിണറിൽ വെള്ളം വലിക്കുന്ന ബക്കറ്റ് ഇറക്കാൻ മാത്രമേ വിടവുള്ളൂ. ഇതിലൂടെ ഒരു മുതിർന്ന കുട്ടിക്ക് കിണറ്റിൽ ചാടാനാവില്ല.

മാത്രമല്ല, മകളുടെ രണ്ട് കൈത്തണ്ടയിലും കഴുത്തിലും മുറിവുണ്ടായിരുന്നു. കുളിമുറിയിൽ നിന്ന് രക്തപ്പാടുള്ള കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മകൾക്ക് ബിരുദവും ബി.ബി.എ സർട്ടിഫിക്കറ്റുമുണ്ട്. ഒരു ജോലിക്ക് പോവാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഭർത്താവ് വിലക്കിയതിനാൽ പിൻതിരിയുകയായിരുന്നുവെന്നും ഷാഹിദ  പറഞ്ഞു.

റയീസും ബന്ധുക്കളും ഇങ്ങോട്ട് വന്ന് പെണ്ണ് ചോദിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം മകളെ നിരന്തരം മാനസികമായി പ്രയാസപ്പെടുത്തി. ഭർതൃ വീട്ടിലെ താമസത്തിനിടയിൽ  ഒരിക്കൽ ഷഫ്നയുടെ സ്വർണ്ണാഭരണം കാണാതായിരുന്നു. അന്ന് ഷഫ്നയെയും, മാതാവിനെയുമാണ് റയീസിന്റെ ബന്ധുക്കൾ കുറ്റപ്പെടുത്തിയത്.

പോലീസിൽ പരാതി നൽകിയപ്പോൾ ആഭരണം മോഷ്ടിച്ചത് ഭർത്താവിന്റെ ബന്ധു തന്നെയാണെന്ന് തിരിച്ചറിഞ്ഞതായും , ഈ പ്രശ്നം മറ്റ് ബന്ധുക്കൾ ഇടപെട്ട് ഒത്തു തീർക്കുകയായിരുന്നെന്നും ഷാഹിദ  പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168988/shahida-the-mother-of-shafna-sher-of-chokli-said-that-her-daughter-was-tortured-and-killed-by-her-husband-and-familythe-mother-also-said-that-she-did-not-allow-her-daughter-to-go-to-work-even-though-she-studied-up-to-bba)