---
title: "ആശങ്കകൾക്ക് വിരാമം ; പാനൂർ  അണിയാരത്ത് വീട്ടുകിണറ്റിൽ  വീണ പുലിയെ മയക്ക് വെടിവച്ച് പിടികൂടി,കണ്ണവത്തേക്ക് മാറ്റി"
english_title: "An end to worries;A tiger that fell into a house well at Panur Aniyarat was shot and captured by a decoy and transferred to Kannavam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165926/an-end-to-worriesa-tiger-that-fell-into-a-house-well-at-panur-aniyarat-was-shot-and-captured-by-a-decoy-and-transferred-to-kannavam"
published_at: "2023-11-29T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656741e491a8f_Untitled-5_copy.jpg"
keywords: []
---

# ആശങ്കകൾക്ക് വിരാമം ; പാനൂർ  അണിയാരത്ത് വീട്ടുകിണറ്റിൽ  വീണ പുലിയെ മയക്ക് വെടിവച്ച് പിടികൂടി,കണ്ണവത്തേക്ക് മാറ്റി

> **Lead Summary:** **പാനൂർ: **പാനൂർ അണിയാരത്ത് വീട്ടുകിണറ്റിൽ വീണ പുലിയെ കരക്കെത്തിച്ചത് കൂട്ടായ പരിശ്രമത്തിലൂടെ. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഉഗ്രശബ്ദത്തോടെ കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം സമീപവാസിയായ കക്കുഴി പറമ്പത്ത് കുഞ്ഞിരാമൻ കേട്ടിരുന്നു. രാത്രി രണ്ടു മണിയായതിനാൽ പിറ്റേന്ന് നോക്കാമെന്ന് കരുതിയതായി കുഞ്ഞിരാമൻ പറഞ്ഞു.

## Article Content

**പാനൂർ: **പാനൂർ അണിയാരത്ത് വീട്ടുകിണറ്റിൽ വീണ പുലിയെ കരക്കെത്തിച്ചത് കൂട്ടായ പരിശ്രമത്തിലൂടെ. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഉഗ്രശബ്ദത്തോടെ കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം സമീപവാസിയായ കക്കുഴി പറമ്പത്ത് കുഞ്ഞിരാമൻ കേട്ടിരുന്നു. രാത്രി രണ്ടു മണിയായതിനാൽ പിറ്റേന്ന് നോക്കാമെന്ന് കരുതിയതായി കുഞ്ഞിരാമൻ പറഞ്ഞു.

രാവിലെ ചെന്നു നോക്കിയപ്പോഴാണ് കിണറ്റിൽ പുലിയെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ വിവരം കാട്ടുതീ പോലെ പടർന്നു. അണിയാരത്തെ സുനീഷിൻ്റെ വീട്ടിലേക്ക് പിന്നീട് ജനപ്രവാഹമായി. ജനവാസ കേന്ദ്രത്തിൽ പുലിയെത്തിയതെങ്ങനെയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

വയനാട്ടിൽ നിന്നും ഡി.എഫ്.ഒ പി.കാർത്തിക്കിൻ്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉച്ചയോടെ എത്തി പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകി. വൈകീട്ട് 5 മണിയോടെ വയനാട് മാനന്തവാടിയിൽ നിന്നും സ്ഥലത്തെത്തിയ ഡോ.അജേഷ് മോഹൻ ദാസ് മയക്കുവെടി വച്ചു.

വെടിയേറ്റ് മയങ്ങിയ പുലിയെ ഉയർത്തി മയക്കുമരുന്ന് കുത്തിവച്ചു. ഇതോടെ പൂർണമായും മയങ്ങിയ പുലിയെ പുറത്തെത്തിച്ച് കൂട്ടിലടക്കുകയായിരുന്നു. പുലിയെ കണ്ണവം വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമായത്. സർക്കാറിൻ്റെ നിർദ്ദേശമനുസരിച്ച് തഹസീൽദാർ ഷീബയും സ്ഥലത്തെത്തി.

പാനൂർ ഫയർഫോഴ്സ്, ചൊക്ലി പൊലീസ്, വെറ്ററിനറി സംഘം എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. പുലർച്ചെ രണ്ട് മണിക്ക് ഇരതേടാനിറങ്ങിയതുകൊണ്ടുതന്നെ വിശപ്പിനെ തുടർന്ന് അവശനായ നിലയിലായിരുന്നു പുലി. കനകമലയുടെ അരികിലായി കാടുപിടിച്ച പ്രദേശത്തുനിന്ന് എത്തിയതായിരിക്കാം പുലി എന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165926/an-end-to-worriesa-tiger-that-fell-into-a-house-well-at-panur-aniyarat-was-shot-and-captured-by-a-decoy-and-transferred-to-kannavam)