---
title: "അണിയാരത്ത് വീട്ടുകിണറ്റിൽ പുലി  വീണത് പുലർച്ചെ രണ്ട് മണിക്ക് ;  പുറത്തെത്തിക്കാൻ കൂട്ടായ ശ്രമം "
english_title: "The tiger fell into the house well at Aniyarat at two o'clock in the morning;Collective effort to get out"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165864/the-tiger-fell-into-the-house-well-at-aniyarat-at-two-oclock-in-the-morningcollective-effort-to-get-out"
published_at: "2023-11-29T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566f6298fa65_Untitled-2_copy.jpg"
keywords: []
---

# അണിയാരത്ത് വീട്ടുകിണറ്റിൽ പുലി  വീണത് പുലർച്ചെ രണ്ട് മണിക്ക് ;  പുറത്തെത്തിക്കാൻ കൂട്ടായ ശ്രമം 

> **Lead Summary:** ** പാനൂർ: **പാനൂർ അണിയാരത്ത് വീട്ടുകിണറ്റിൽ വീണ പുലിയെ കരക്കെത്തിക്കാൻ കൂട്ടായ പരിശ്രമം തുടരുന്നു. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്.

## Article Content

** പാനൂർ: **പാനൂർ അണിയാരത്ത് വീട്ടുകിണറ്റിൽ വീണ പുലിയെ കരക്കെത്തിക്കാൻ കൂട്ടായ പരിശ്രമം തുടരുന്നു. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ഉഗ്രശബ്ദത്തോടെ കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം സമീപവാസിയായ കക്കുഴി പറമ്പത്ത് കുഞ്ഞിരാമൻ കേട്ടിരുന്നു. രാത്രി രണ്ടു മണിയായതിനാൽ പിറ്റേന്ന് നോക്കാമെന്ന് കരുതിയതായി കുഞ്ഞിരാമൻ പറഞ്ഞു. രാവിലെ ചെന്നു നോക്കിയപ്പോഴാണ് കിണറ്റിൽ പുലിയെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

ഇതിനിടെ വിവരം കാട്ടുതീ പോലെ പടർന്നു. അണിയാരത്തെ സുനീഷിൻ്റെ വീട്ടിലേക്ക് പിന്നീട് ജനപ്രവാഹമായി. ജനവാസ കേന്ദ്രത്തിൽ പുലിയെത്തിയതെങ്ങനെയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വയനാട്ടിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ ഉച്ചയോടെ എത്തി പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനുള്ള നടപടികൾ കൈെക്കൊള്ളുകയാണ്.

പാനൂർ ഫയർഫോഴ്സ്, ചൊക്ലി പൊലീസ്, വെറ്ററിനറി സംഘം എന്നിവർ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പുലർച്ചെ രണ്ട് മണിക്ക് ഇരതേടാനിറങ്ങിയതുകൊണ്ടുതന്നെ വിശപ്പിനെ തുടർന്ന് അവശനായ നിലയിലാണ് പുലി. ഇതിനിടെ കിണറ്റിൽ ഇറക്കിയ മരത്തടിയിൽ വിശ്രമിക്കുകയാണ് പുലി. എങ്ങനെ കരക്കെത്തിക്കുമെന്ന കൂടിയാലോചനകൾ നടക്കുകയാണിപ്പോൾ. കനകമലയുടെ അരികിലായി കാടുപിടിച്ച പ്രദേശത്തുനിന്ന് എത്തിയതായിരിക്കാം പുലി എന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165864/the-tiger-fell-into-the-house-well-at-aniyarat-at-two-oclock-in-the-morningcollective-effort-to-get-out)