---
title: "ഹൃദ്രോഗിയായ അമ്മ ആശുപത്രിയിൽ; പൊലീസ് സ്‌റ്റേഷനിലെത്തിയത് നാലു കുരുന്നുകൾ; കരഞ്ഞു തളർന്ന നാലുമാസക്കാരിയെ മുലയൂട്ടി പൊലീസമ്മ "
english_title: "Mother in hospital with heart disease;Four children reached the police station;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164722/mother-in-hospital-with-heart-diseasefour-children-reached-the-police-station"
published_at: "2023-11-24T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656043a0ecf52_Untitled-2_copy.jpg"
keywords: []
---

# ഹൃദ്രോഗിയായ അമ്മ ആശുപത്രിയിൽ; പൊലീസ് സ്‌റ്റേഷനിലെത്തിയത് നാലു കുരുന്നുകൾ; കരഞ്ഞു തളർന്ന നാലുമാസക്കാരിയെ മുലയൂട്ടി പൊലീസമ്മ 

> **Lead Summary:** പൊലീസ് സ്‌റ്റേഷനിലെത്തിയ നാലു മാസം പ്രായമുള്ള കുരുന്നിനെ മുലയൂട്ടി പൊലീസമ്മ. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലായ അതിഥി തൊഴിലാളികളുടെ മകളാണ് വനിതാ പൊലീസുകാരിയുടെ മനം കവർന്നത്. അമ്മയെ കാണാതെ കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ കൊച്ചി സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ എം.എ.ആര്യയിലെ അമ്മ മനസ്സിന് അത് കണ്ടു നിൽക്കാനായില്ല. വീട്ടിലുള്ള തന്റെ സ്വന്തം മകളാണ് അതെന്ന് ആര്യയ്ക്ക് തോന്നിയത്. പിന്നെ ഒന്നും ആലോചിച്ചില്ല.

## Article Content

പൊലീസ് സ്‌റ്റേഷനിലെത്തിയ നാലു മാസം പ്രായമുള്ള കുരുന്നിനെ മുലയൂട്ടി പൊലീസമ്മ. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലായ അതിഥി തൊഴിലാളികളുടെ മകളാണ് വനിതാ പൊലീസുകാരിയുടെ മനം കവർന്നത്. അമ്മയെ കാണാതെ കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ കൊച്ചി സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ എം.എ.ആര്യയിലെ അമ്മ മനസ്സിന് അത് കണ്ടു നിൽക്കാനായില്ല. വീട്ടിലുള്ള തന്റെ സ്വന്തം മകളാണ് അതെന്ന് ആര്യയ്ക്ക് തോന്നിയത്. പിന്നെ ഒന്നും ആലോചിച്ചില്ല.

വാരിയെടുത്ത് മുലയൂട്ടി. വിശപ്പടങ്ങിയ കുരുന്ന് ആര്യയോടു പറ്റിച്ചേർന്നതു കണ്ടുനിന്ന പൊലീസ് സ്റ്റേഷനിലെ മറ്റ് അമ്മമാരും നിർവൃതിയിലായി. ഇന്നലെയാണു അതിഥിത്തൊഴിലാളികളുടെ മകളായ നാലുമാസക്കാരി അപ്രതീക്ഷിതമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഹൃദ്രോഗിയായ മാതാവിനെ ശ്വാസം മുട്ടലിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചതോടെയാണു നാലുമാസക്കാരിയുടെയും മൂത്ത മൂന്നു കുട്ടികളുടെയും താൽക്കാലിക സംരക്ഷണച്ചുമതല വനിതാ പൊലീസുകാർ ഏറ്റെടുത്തത്.

കുഞ്ഞുങ്ങളുടെ അച്ഛൻ ജയിലിലാണ്. ആശുപത്രി അധികൃതർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് എസ്‌ഐ ആനി ശിവയുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ഏറ്റെടുത്തത്. കുഞ്ഞുങ്ങളെ പിന്നീട് ശിശുഭവനിലേക്കു മാറ്റി. വൈക്കം സ്വദേശിനിയായ ആര്യ പ്രസവാവധി കഴിഞ്ഞു മൂന്നു മാസം മുൻപാണു തിരികെ ജോലിയിൽ പ്രവേശിച്ചത്. സ്വന്തം കുഞ്ഞിന് 9 മാസം പ്രായം. നാലു മാസക്കാരിയായ മറ്റൊരു കുരുന്നിനെ കണ്ടപ്പോൾ അതും ആര്യയ്ക്ക് നൊന്തു പെറ്റ കുഞ്ഞിനെ പോലെയായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164722/mother-in-hospital-with-heart-diseasefour-children-reached-the-police-station)