---
title: "#cabinetmeeting |   ചരിത്രമാകാൻ പൈതൃക നഗരി ; അപൂർവ്വ മന്ത്രിസഭാ യോഗം നാളെ തലശേരിയിൽ"
english_title: "A heritage city to become history;Rare cabinet meeting tomorrow in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164077/a-heritage-city-to-become-historyrare-cabinet-meeting-tomorrow-in-thalassery"
published_at: "2023-11-21T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cca2e29ec5_Untitled-3_copy.jpg"
keywords: []
---

# #cabinetmeeting |   ചരിത്രമാകാൻ പൈതൃക നഗരി ; അപൂർവ്വ മന്ത്രിസഭാ യോഗം നാളെ തലശേരിയിൽ

> **Lead Summary:** **തലശേരി: **സംസ്ഥാന ചരിത്രത്തിലെ അപൂർവതയായി മന്ത്രി സഭായോഗം നാളെ സെക്രട്ടേറി യറ്റിനു പുറത്തുചേരും. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡല പര്യടനത്തിലായതിനാലാണ് ബുധനാഴ്ചകളിലെ മന്ത്രി സഭാ യോഗം നിയമസഭയ്ക്കു പുറത്തുചേരുന്നത്.

## Article Content

**തലശേരി: **സംസ്ഥാന ചരിത്രത്തിലെ അപൂർവതയായി മന്ത്രി സഭായോഗം നാളെ സെക്രട്ടേറി യറ്റിനു പുറത്തുചേരും. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡല പര്യടനത്തിലായതിനാലാണ് ബുധനാഴ്ചകളിലെ മന്ത്രി സഭാ യോഗം നിയമസഭയ്ക്കു പുറത്തുചേരുന്നത്.

നാളെ രാവിലെ ഒമ്പതിന് തലശേരി കൊടുവള്ളി യിലെ പേൾവ്യൂ ഹോട്ടലിലാണ് മന്ത്രിസഭായോഗം. ഒരു ഹോട്ടലിൽ മന്ത്രിസഭാ യോഗം ചേരുന്നുവെന്നത് മറ്റൊരു ചരിത്രമാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഏതെങ്കിലും ഹോട്ടലിലോ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലോ മന്ത്രിസഭ ചേർന്നിട്ടില്ല. യു.പി.എ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി മൻമോഹൻ സിങ് കേരളത്തിലെത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എറണാകുളം ഗസ്റ്റ്ഹൗസിൽ പ്രത്യേക മന്ത്രി സഭാ യോഗം വിളിച്ചിരുന്നു.

തലശേരിയിൽ പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസ് ഉണ്ടെങ്കിലും റൗണ്ട് ടേബിൾ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് സ്വകാര്യ ഹോട്ടലിൽ മന്ത്രിസഭായോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി അജൻഡയും മറ്റു കാര്യങ്ങളും തീരുമാനിക്കാൻ ചീഫ്സെക്രട്ടറി വി. വേണു ഇന്ന് കണ്ണൂരിലെത്തും. വൈകിട്ട് മന്ത്രിമാർക്ക് അജൻഡ കൈമാറും. നയപരമായ കാര്യങ്ങൾ ചർച്ചയ്ക്കെടുക്കാത്തതിനാൽ ഒരു മണിക്കുറിനകം മന്ത്രി സഭായോഗം പൂർത്തിയാകാനാണ് സാധ്യത.

നവകേരള സദസിൽ ലഭിച്ച പരാതികളുടെയും, നിർദേശങ്ങളുടെയും അടിസ്ഥാന ത്തിൽ ജനോപകാരപ്രദമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 18ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപിക്കുന്നതുവരെ അഞ്ച് മന്ത്രിസഭായോഗങ്ങളാണ് സംസ്ഥാനത്തെ വിവിധയിട ങ്ങളിൽ നടക്കുക. അടുത്ത മന്ത്രി സഭായോഗം 28ന് മലപ്പുറം വള്ളിക്കുന്നിലാണ്. ഡിസംബർ ആറിന് തൃശൂരിലും, 12ന് ഇടുക്കി പീരുമേ ട്ടിലും, 20ന് കൊല്ലത്തുമാണ് മറ്റ് മന്ത്രിസഭായോഗങ്ങൾ.

സാധാരണ ബുധനാഴ്ചകളിലാണ് മന്ത്രി സഭാ യോഗം നടക്കാറുള്ളതെങ്കിലും നവകേരളസദസിനിടെ രണ്ടു മന്ത്രിസഭാ യോഗങ്ങൾ ചൊവ്വാഴ്ചകളിലാണ്. ഡിസംബർ 27നാണ് സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം പുനരാരംഭിക്കുക. മന്ത്രി സഭാ യോഗങ്ങൾ നടക്കുന്ന ദിവസങ്ങളിൽ പൗരപ്രമുഖരുമായുള്ള പ്രഭാതയോഗം ഒഴിവാക്കും. ജനസമ്പർക്ക പരിപാടിയുടെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ സെക്രട്ടേറിയറ്റിലെത്തുകയായിരുന്നു പതിവ്. നവകേരള സദസ് ആരംഭിക്കുന്ന തിനു തൊട്ടുമുമ്പ് മഞ്ചേശ്വരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെ ടുത്ത അവലോകനയോഗം നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164077/a-heritage-city-to-become-historyrare-cabinet-meeting-tomorrow-in-thalassery)