---
title: "മുഖ്യമന്ത്രിക്ക് നേരെ നടന്നത് ഭീകരാക്രമണം ; വന്നത് പരിശീലനം ലഭിച്ചവർ, പ്രതികരണം സ്വാഭാവികമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ"
english_title: "Terrorist attack on the Chief Minister;LDF convener EP Jayarajan said that the trained people came and the response was natural"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163916/terrorist-attack-on-the-chief-ministerldf-convener-ep-jayarajan-said-that-the-trained-people-came-and-the-response-was-natural"
published_at: "2023-11-21T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c4935e4535_Untitled-6_copy.jpg"
keywords: []
---

# മുഖ്യമന്ത്രിക്ക് നേരെ നടന്നത് ഭീകരാക്രമണം ; വന്നത് പരിശീലനം ലഭിച്ചവർ, പ്രതികരണം സ്വാഭാവികമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ

> **Lead Summary:** മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വടിയും കല്ലുമായാണ് അവർ വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രതിഷേധിച്ചവർക്ക് നേരെ നടന്നത് സ്വാഭാവിക ചെറുത്ത് നിൽപ്പ് മാത്രമാണെന്നും യൂത്ത് കോൺഗ്രസുകാരെ ആരും മർദിച്ചിട്ടില്ലെന്നും അവർ തിരിച്ച് ആക്രമിക്കുകയാണ് ചെയ്‌തതെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വടിയും കല്ലുമായാണ് അവർ വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രതിഷേധിച്ചവർക്ക് നേരെ നടന്നത് സ്വാഭാവിക ചെറുത്ത് നിൽപ്പ് മാത്രമാണെന്നും യൂത്ത് കോൺഗ്രസുകാരെ ആരും മർദിച്ചിട്ടില്ലെന്നും അവർ തിരിച്ച് ആക്രമിക്കുകയാണ് ചെയ്‌തതെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടോ മൂന്നോ ആളുകൾ വന്ന് നടത്തുന്ന ഭീകരപ്രവർത്തനമാണോ പ്രതിഷേധം?. മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം?. എന്നാൽ അവർ നടത്തട്ടെ. ജനം അത് തിരിച്ചറിയും. പരിശീലനം ലഭിച്ചവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമം നടത്തിയത്'- ഇപി ജയരാജൻ പറഞ്ഞു.

പതിനായിരക്കണക്കിന് ആളുകൾ വന്നിട്ടുള്ള ഒരു റാലിയുടെ നേരെ ഇങ്ങനെയുള്ള ഒരു ഭീകരപ്രവർത്തനം വരുമ്പോൾ അവിടെയുള്ള എല്ലാവരും സിപിഎമ്മിന്റെ ഉന്നതമായ കാഴ്‌ചപ്പാടോട് കൂടി ഇതിനെയെല്ലാം സഹിച്ചും, ഗാന്ധിജിയെ പോലെ നെഞ്ചുനിവർത്തിപ്പിടിച്ചും സഹിക്കുമെന്നാണോ ധരിക്കുന്നത്?. അക്രമങ്ങൾ ഇല്ലായ്‌മ ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രവർത്തകർ തടഞ്ഞത്.

പൊലീസ് സ്റ്റേഷന് മുന്നിൽ തന്നെ വന്നിരുന്ന് മുഖ്യമന്ത്രിയുടെ വാഹനത്തെ ആക്രമിക്കുന്നത് ആസൂത്രിതമാണ് ജയരാജൻ പറഞ്ഞു. മഹാജനക്കൂട്ടത്തിന് മുന്നിലേക്ക് മൂന്നോ നാലോ പേർ വടിയും കല്ലുമായി വന്നാൽ എന്താണ് സംഭവിക്കുക?. അവിടെയിരിക്കുന്ന സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആളുകൾക്ക് ഉണ്ടാവുന്ന വികാരം എത്രവലുതായിരിക്കും.

കേരളമായതും കൊണ്ടും സിപിഎം ആയതു കൊണ്ടും എൽഡിഎഫ് ആയതുകൊണ്ടുമാണ് അവർക്ക് ഒന്നും സംഭവിക്കാതിരുന്നത്. അവരെ പൊലീസ് മർദിച്ചിട്ടില്ല. ഇത് ഭീകരപ്രവർത്തനമാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിയലായിരുന്നു പരിപാടി. കോൺഗ്രസ് നവകേരളകോൺഗ്രസ് നവകേരള സദസിനെതിരെ ഇത്തരമൊരു പ്രതിഷേധ പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ?.

ഇത് ജനാധിപത്യപരമായ പ്രതിഷേധമാണോ?. വിവേകത്തോടെയുള്ള സമരമാണോ അവിടെ നടന്നത്. ഇത്തരമൊരു മഹാസംഭവത്തിന് നേരെ വടിയും കല്ലുമായി വന്ന് ആക്രമിച്ചത് നിങ്ങൾ ആദ്യം കാണു. ഇങ്ങനെ വന്നാൽ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്'- ജയരാജൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163916/terrorist-attack-on-the-chief-ministerldf-convener-ep-jayarajan-said-that-the-trained-people-came-and-the-response-was-natural)