---
title: "#ArtsFestival |   ഉപജില്ല കലോത്സവത്തിൽ താരങ്ങളായി ഭിന്നശേഷി വിദ്യാർത്ഥികളും ;  കലാപരിപാടികൾ ആസ്വാദക മനം കവർന്നു"
english_title: "#Chokli Upazila Arts Festival stars #differently-abled# students;The# performances# captivated the# audience"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162794/chokli-upazila-arts-festival-stars-differently-abled-studentsthe-performances-captivated-the-audience"
published_at: "2023-11-16T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65563222b35ad_Untitled-3_copy.jpg"
keywords: []
---

# #ArtsFestival |   ഉപജില്ല കലോത്സവത്തിൽ താരങ്ങളായി ഭിന്നശേഷി വിദ്യാർത്ഥികളും ;  കലാപരിപാടികൾ ആസ്വാദക മനം കവർന്നു

> **Lead Summary:** **ചൊക്ലി:** ചൊക്ലി ബിആർസി മുൻകൈയെടുത്താണ് വിവിധ സ്കൂളുകളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ അരങ്ങിലെത്തിച്ചത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആസ്വാദക മനം കവരുകയും ചെയ്തു. പെരിങ്ങത്തൂർ എൻ.എ. എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നവമ്പർ 13 മുതൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും ഒരിടം.

## Article Content

**ചൊക്ലി:** ചൊക്ലി ബിആർസി മുൻകൈയെടുത്താണ് വിവിധ സ്കൂളുകളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ അരങ്ങിലെത്തിച്ചത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആസ്വാദക മനം കവരുകയും ചെയ്തു. പെരിങ്ങത്തൂർ എൻ.എ. എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നവമ്പർ 13 മുതൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും ഒരിടം.

തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ മാറ്റി നിർത്തപ്പെടുകയോ, സ്വയം മാറിനിൽക്കേണ്ടി വരികയോ ചെയ്യുന്നവരാണ് ഭിന്നശേഷി വിദ്യാർത്ഥികൾ. വിവിധ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് സമഗ്രശിക്ഷ കേരളം - ചൊക്ലി ബി.ആർ.സി പ്രവർത്തകർ പൊതുവേദിയിലെത്തിക്കുകയായിരുന്നു.

ഒപ്പന, സംഘനൃത്തം, നാടോടിനൃത്തം , തിരുവാതിര, പദ്യംചൊല്ലൽ തുടങ്ങിയ മത്സര ഇനങ്ങളിൽ അവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ കലാപരിപാടികളാവട്ടെ മികച്ച നിലവാരം പുലർത്തുന്നു എന്ന് വിധികർത്താക്കളും സാക്ഷ്യപ്പെടുത്തി. ഒപ്പനക്ക് ശേഷം പ്രധാന വേദിയിൽ ഒരുക്കിയ പ്രത്യേക ചടങ്ങിൽ വി. നാസർ മാസ്റ്റർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ എൻ.എ.എം ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ഡോ: എൻ.എ. റഫീഖ് ,എ.ഇ.ഒ വി.കെ സുധി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിദ്ധിക്ക് കൂടത്തിൽ, ബി.പി.സി സുനിൽ ബാൽ, സ്പെഷ്യൽ എഡ്യുക്കേറ്റർ പി.ശ്രീലത എന്നിവർ പങ്കെടുത്തു. ഐൻ ഷെഫീഖ്, ഷിഫ മറിയം, ഷെഹ്സ, ജസ്ന നാസർ, സിദ്ര, ഫിദ, ഹരിപ്രിയ, സ്നേഹ സജീവൻ, രശ്മി ശീതൾ, അനുനന്ദ, അനന്യ കൃഷ്ണ, മീരാ മുരളി തുടങ്ങിയ വിദ്യാർത്ഥികളാണ് കലാ പരിപാടികൾ അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162794/chokli-upazila-arts-festival-stars-differently-abled-studentsthe-performances-captivated-the-audience)