---
title: "# NitinDas |   ദുബായിലെ അപകടത്തിൽ മരിച്ച തലശേരി സ്വദേശി  നിതിൻ ദാസിന് നാടിൻ്റെ കണ്ണീർ പ്രണാമം ; മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു "
english_title: "Nation pays #tribute to #Thalassery native Nitin Das, who died in an accident in# Dubai;The body was cremated in the presence of a large crowd"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156834/nation-pays-tribute-to-thalassery-native-nitin-das-who-died-in-an-accident-in-dubaithe-body-was-cremated-in-the-presence-of-a-large-crowd"
published_at: "2023-10-25T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539116a4e537_Untitled-6_copy.jpg"
keywords: []
---

# # NitinDas |   ദുബായിലെ അപകടത്തിൽ മരിച്ച തലശേരി സ്വദേശി  നിതിൻ ദാസിന് നാടിൻ്റെ കണ്ണീർ പ്രണാമം ; മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു 

> **Lead Summary:** **ന്യൂമാഹി: **ദുബായ് കറാമയിലെ താമസസ്ഥലത്തെ ഫ്ലാറ്റിനോട് ചേർന്നു പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച തലശ്ശേരി ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ നിട്ടൂർ വീട്ടിൽ നിതിൻ ദാസിന് നാടിൻ്റെ കണ്ണീർ പ്രണാമം. ബുധനാഴ്ച രാവിലെ 9.45 ഓടെ വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.

## Article Content

**ന്യൂമാഹി: **ദുബായ് കറാമയിലെ താമസസ്ഥലത്തെ ഫ്ലാറ്റിനോട് ചേർന്നു പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച തലശ്ശേരി ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ നിട്ടൂർ വീട്ടിൽ നിതിൻ ദാസിന് നാടിൻ്റെ കണ്ണീർ പ്രണാമം. ബുധനാഴ്ച രാവിലെ 9.45 ഓടെ വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.

നിതിൻ്റെ ബന്ധുക്കളം സുഹൃത്തുക്കളും അവരുടെ ബന്ധുക്കളും കൂടെ പഠിച്ചവരും നാട്ടുകാരുമൊക്കെയായി ആയിരങ്ങൾ വീട്ടിലെത്തി അന്ത്യോപചാരമർപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട് വിമാനത്താവളത്തിൽ പുലർച്ചെ 3.45 ഓടെ എത്തിയ മൃതദേഹം നോർക്കയുടെ ആംബുലൻസിൽ 7.45 ഓടെ വീട്ടിലെത്തിയിരുന്നു. 9 വരെ വീടിന് സമീപം പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലെത്തിച്ച് സംസ്കരിച്ചത്.

നിതിൻ ദാസിൻ്റെ ദുബായിൽ ജോലി ചെയ്യുന്ന സഹോദരൻ എൻ.വി. നിമിനേഷ് മൃതദേഹത്തെ അനുഗമിച്ച് എത്തിയിരുന്നു.ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ദുബായിൽ പാചകവാതക സിലിണ്ടർ ദുരന്തമുണ്ടായത്.അപകടത്തിൽ നിതിൻ ദാസിനും പുന്നോലിലെ തന്നെ ഷാനിൽ (26), നഹീൽ (26) എന്നിവർക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്. മറ്റ് ഒമ്പത് പേർക്കും പരിക്കേറ്റിരുന്നു.വ്യാഴാഴ്ച പുലർച്ചെയാണ് നിതിൻ ദാസ് ദുബായിലെ റാഷിദ് ആശുപത്രിയിൽ മരിച്ചത്.സംഭവം നടന്നയുടനെ സംഭവ സ്ഥലത്ത് മരിച്ച മലപ്പറം സ്വദേശി യാക്കൂബിൻ്റെ മൃതദേഹം കഴിഞ്ഞ ദിവസം തിരൂരിലെ വീട്ടിലെത്തിതിച്ച് കബറടക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ്‌ അഫ്സൽ, തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാ റാണി, പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു,

മറ്റ് ജനപ്രതിനിധികളായ അർജുൻ പവിത്രൻ, രജിതാ പ്രദീപ്, ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ്, വിവിധ സംഘടനാ നേതാക്കളായ കെ.ജയപ്രകാശൻ, സി.കെ.പ്രകാശൻ, അനീഷ് കൊളവട്ടത്ത്, വൈ.എം.അനിൽ, എ.വി.ചന്ദ്രദാസൻ, അബ്ദുൾ ഗഫൂർ മഹാ, കെ.എം.രഘുരാമൻ, കെ.വി.സന്തോഷ് കുമാർ, കെ.കെ. സുബീഷ്, കെ.എ. രത്നകുമാർ, വി.കെ.അനീഷ് ബാബു, എൻ.കെ.സജീഷ്, കെ.വി.ദിവിത, വി.വത്സൻ, സി.വി.രാജൻ പെരിങ്ങാടി, കെ.വത്സല, തയ്യിൽ രാഘവൻ തുടങ്ങി ഒട്ടേറെ പേർ അന്ത്യോപചാരമർപ്പിക്കാനെത്തി.

നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ, കെ.മുരളീധരൻ എം.പി, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സി.പി.എം ഏരിയാ സെക്രട്ടറി സി.കെ.രമേശൻ തുടങ്ങി ഒട്ടേറെ പേർ വീട്ടിലെത്തി ബന്ധുക്കളെ അനുശോചനം അറിയിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരന് വേണ്ടി റീത്ത് സമർപ്പിച്ചു. കേരള പ്രവാസി സംഘം, കർഷക സംഘം, സഫ്ദർ ഹാഷ്മി കലാകേന്ദ്രം, യങ്ങ് പയനീർസ്ക്ലബ്ബ്, വ്യാപാരി വ്യവസായി സമിതി, ഓർമ്മപ്പൂമരം കൂട്ടായ്മ, ഈയത്തുങ്കാട് ശ്രീനാരായണ മഠം, സി.പി.എം, സി.പി.ഐ., ഡി.വൈ.എഫ്.ഐ. തുടങ്ങി ഒട്ടേറെ സംഘടനകൾ റീത്തുകൾ സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156834/nation-pays-tribute-to-thalassery-native-nitin-das-who-died-in-an-accident-in-dubaithe-body-was-cremated-in-the-presence-of-a-large-crowd)