---
title: "#VeenaGeorge |  ആര്‍ദ്രം ആരോഗ്യം ;  ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ നാളത്തെ  സന്ദർശനത്തിൽ തലശേരി, പാനൂർ ഗവ.ആശുപത്രികളില്ല"
english_title: "Moist health;Thalassery, Panur govt hospitals will not be available during Health Minister Veena George's visit tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155606/moist-healththalassery-panur-govt-hospitals-will-not-be-available-during-health-minister-veena-georges-visit-tomorrow"
published_at: "2023-10-20T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532b29ea56b3_download_(8).jpg"
keywords: []
---

# #VeenaGeorge |  ആര്‍ദ്രം ആരോഗ്യം ;  ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ നാളത്തെ  സന്ദർശനത്തിൽ തലശേരി, പാനൂർ ഗവ.ആശുപത്രികളില്ല

> **Lead Summary:** **പാനൂർ:** 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുമെന്നറിയിപ്പ് വളരെ സന്തോഷത്തോടെയാണ് തലശേരി, പാനൂർ ഭാഗങ്ങളിലെ ജനങ്ങൾ വരവേറ്റത്. എന്നാൽ നാളെ ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രി തലശേരിയിലും, പാനൂരിലുമെത്തില്ല. ഇതോടെ പ്രദേശത്തുകാർ നിരാശയിലായി.

## Article Content

**പാനൂർ:** 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുമെന്നറിയിപ്പ് വളരെ സന്തോഷത്തോടെയാണ് തലശേരി, പാനൂർ ഭാഗങ്ങളിലെ ജനങ്ങൾ വരവേറ്റത്. എന്നാൽ നാളെ ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രി തലശേരിയിലും, പാനൂരിലുമെത്തില്ല. ഇതോടെ പ്രദേശത്തുകാർ നിരാശയിലായി.

പേരിൽ മാത്രം താലൂക്കാശുപത്രിയെന്നറിയപ്പെടുന്ന പാനൂർ ആശുപത്രി ഒഴിവാക്കിയത് അംഗീകരിക്കാമെങ്കിൽ തന്നെ ദിവസേന ആയിരങ്ങളെത്തുന്ന തലശേരി ജനറൽ ആശുപത്രിയെ സന്ദർശന പരിപാടിയിൽ നിന്നൊഴിവാക്കിയതിന് ഒരു ന്യായീകരണവുമില്ലെന്നാണ് ആക്ഷേപമുയരുന്നത്. രാവിലെ 8.30ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, 10 മണി പേരാവൂര്‍ താലൂക്ക് ആശുപത്രി, 11 മണി ഇരിട്ടി താലൂക്ക് ആശുപത്രി, 11.45ന് ഇരിക്കൂര്‍ താലൂക്ക് ആശുപത്രി,  12.45ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രി, 1.30ന് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, 3.30ന് കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവയാണ് ആരോഗ്യ മന്ത്രി സന്ദര്‍ശിക്കുന്നത്.

നാല് മണിക്ക് കലക്ടറേറ്റില്‍ അവലോകന യോഗം നടക്കും. എം എല്‍ എ മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടാകും. ആശുപത്രികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നത്. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് ലഭിക്കുന്നുണ്ടോ എന്നും വിലയിരുത്തുക,

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഈ മാസം ഒമ്പതിനാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി സന്ദര്‍ശിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഒന്നാംഘട്ട സന്ദര്‍ശനം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155606/moist-healththalassery-panur-govt-hospitals-will-not-be-available-during-health-minister-veena-georges-visit-tomorrow)