---
title: "ചമ്പാട്ടെ സിപിഎം പ്രവർത്തകൻ മഠത്തിൽ ചന്ദ്രനെ  കൊലപ്പെടുത്തിയ കേസ് ; വിധി 2.30ന്"
english_title: "Champate CPM worker's case of killing Chandran in Math;Judgment at 2.30 p.m"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155060/champate-cpm-workers-case-of-killing-chandran-in-mathjudgment-at-230-pm"
published_at: "2023-10-19T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530d40e9b1f1_download_(3).jpg"
keywords: []
---

# ചമ്പാട്ടെ സിപിഎം പ്രവർത്തകൻ മഠത്തിൽ ചന്ദ്രനെ  കൊലപ്പെടുത്തിയ കേസ് ; വിധി 2.30ന്

> **Lead Summary:** **പാനൂർ: ** പാനൂർ മേഖലകളിൽ ബി.ജെ.പി - സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിൽ സി.പി.എം. പ്രവർത്തകനെ ബി.ജെ.പി. പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടന്ന് വെട്ടികൊലപ്പെടുത്തിയ കേസ് വിധി ഇന്നുച്ചക്ക് 2.30 ന് പറയും..

## Article Content

**പാനൂർ: ** പാനൂർ മേഖലകളിൽ ബി.ജെ.പി - സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിൽ സി.പി.എം. പ്രവർത്തകനെ ബി.ജെ.പി. പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടന്ന് വെട്ടികൊലപ്പെടുത്തിയ കേസ് വിധി ഇന്നുച്ചക്ക് 2.30 ന് പറയും..

നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജെ വിമൽ മുമ്പാകെ പരിഗണിക്കുന്ന കേസിൽ ചമ്പാട് അരയാക്കൂലിലെ മീത്തലെ മഠത്തിൽ ചന്ദ്രനാണ് (44) കൊല്ലപ്പെട്ടത്.

പന്ന്യന്നൂർ സ്വദേശികളും ബി.ജെ.പി. പ്രവർത്തകരുമായ ഒടക്കാത്ത് സന്തോഷ് (43), മുണ്ടോൾ വീട്ടിൽ കുട്ടൻ എന്ന അജയൻ (50) നാലു പുരക്കൽ എൻ.പി.ശ്രീജേഷ് (42), വി.സി.സന്തോഷ് (43), കെ.പി. ബിജേഷ്(40), കെ.കെ. സജീവൻ(45), മൊട്ടമ്മൽ എം. ഷാജി(52), പുത്തൻ പുരയിൽ ദിലീപ് കുമാർ (53), പി.പി മന്മദൻ (48) എന്നിവരാണ് കേസിലെ പ്രതികൾ. 2009 മാർച്ച് 12 ന് രാത്രി ഏഴേകാൽ മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

പ്രതികൾ കൊല്ലപ്പെട്ട ചന്ദ്രന്റെ മരുമകൻ സുനിൽ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് ചന്ദ്രനെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചി കിൽസക്കിടയിൽ മരണപ്പെട്ടു എന്നാണ് കേസ്. എൻ.എം. സുനിൽ കുമാറിന്റെ പരാതി പ്രകാരമാണ് പോലീസ് കേസ്.

പോലീസ് ഓഫീസർമാരായ ഇ.പി. പൃഥ്വിരാജ്, വി.പി.സുരേന്ദ്രൻ, ടി.സുനിൽ കുമാർ, പി.കെ. സുധാകരൻ, ഷാജഹാൻ, ഡോ. ചന്ദ്രശേഖരൻ, ഡോ. അരുൺ, സൈന്റിഫിക് വിദഗ്ധൻ സിറിയക് ജോൺ, വില്ലേജ് ഓഫീസർ കെ.ടി. ഷൈജു, പഞ്ചായത്ത് സെക്രട്ടറി ടി.സതീശൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.

പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. രേഷ്മയാണ് ഹാജരായത്. ഇതിനിടെ കേസിലെ പ്രതിയായ വി.സി സന്തോഷ് വിചാരണ വേളയിൽ മരിച്ചിരുന്നു. സന്തോഷിൻ്റെ സഹോദരൻ ബി.എം.എസ് പ്രവർത്തകനായ വിനയൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ അക്രമത്തിലാണ് ചന്ദ്രൻ കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155060/champate-cpm-workers-case-of-killing-chandran-in-mathjudgment-at-230-pm)