---
title: "#rain |  തുലാവർഷം അതിശക്തമാകുന്നെന്ന് സംശയം,  21 ന് തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം ; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം "
english_title: "#Suspected of #strong Libra rain, an extreme low pressure may form on the 21st;Weather Center with warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154588/suspected-of-strong-libra-rain-an-extreme-low-pressure-may-form-on-the-21stweather-center-with-warning"
published_at: "2023-10-17T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ea8723bdc4_Untitled-6_copy.jpg"
keywords: []
---

# #rain |  തുലാവർഷം അതിശക്തമാകുന്നെന്ന് സംശയം,  21 ന് തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം ; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം 

> **Lead Summary:** **കണ്ണൂർ ** സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ തീവ്ര ന്യൂനമർദ്ദ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് രംഗത്ത്. ഈ മാസം 21 ന് മധ്യ അറബിക്കടലിൽ തീവ്ര ന്യൂന മർദ്ദം രൂപപ്പെട്ടേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അടുത്ത 36 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

## Article Content

**കണ്ണൂർ ** സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ തീവ്ര ന്യൂനമർദ്ദ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് രംഗത്ത്. ഈ മാസം 21 ന് മധ്യ അറബിക്കടലിൽ തീവ്ര ന്യൂന മർദ്ദം രൂപപ്പെട്ടേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അടുത്ത 36 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

തുടർന്ന് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലിൽ തീവ്ര ന്യൂന മർദ്ദമായി മാറാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്കും, ഇന്ന് (ഒക്ടോബർ 17) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും തുടരുകയാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായും അറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154588/suspected-of-strong-libra-rain-an-extreme-low-pressure-may-form-on-the-21stweather-center-with-warning)