---
title: "#ChokliPolice |  നിയമം ചൊക്ലി  പൊലീസിനും ബാധകമല്ലെ..? ;  ചോദിച്ച യുവാവിനും,  നാട്ടുകാർക്കുമെതിരെ കേസ്"
english_title: "Does the law not apply to #Chokli Police?A #case against the youth who asked and the locals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152563/does-the-law-not-apply-to-chokli-policea-case-against-the-youth-who-asked-and-the-locals"
published_at: "2023-10-10T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65258242e7bcb_Untitled-2_copy.jpg"
keywords: []
---

# #ChokliPolice |  നിയമം ചൊക്ലി  പൊലീസിനും ബാധകമല്ലെ..? ;  ചോദിച്ച യുവാവിനും,  നാട്ടുകാർക്കുമെതിരെ കേസ്

> **Lead Summary:** **ചൊക്ലി: ** നിയമം ചൊക്ലി പൊലീസിനും ബാധകമല്ലെ..? ; ചോദിച്ച യുവാവിനും, നാട്ടുകാർക്കുമെതിരെ കേസ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് ചൊക്ലി പൊലീസും യുവാവും തമ്മില്‍ നടു റോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തിൽ പരക്കെ കേസെടുത്ത് പൊലീസ്.

## Article Content

**ചൊക്ലി: ** നിയമം ചൊക്ലി പൊലീസിനും ബാധകമല്ലെ..? ; ചോദിച്ച യുവാവിനും, നാട്ടുകാർക്കുമെതിരെ കേസ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് ചൊക്ലി പൊലീസും യുവാവും തമ്മില്‍ നടു റോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തിൽ പരക്കെ കേസെടുത്ത് പൊലീസ്.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണത്രെ കേസ്. ഹെല്‍മെറ്റ് ഇടാത്തതിന് തനിക്ക് പിഴ ചുമത്തിയ പോലീസ് സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലെന്ന് കാട്ടി യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ പിഴയിട്ടതില്‍ പ്രകോപിതനായി തട്ടിക്കയറിയെന്നാണ് പോലീസ് വാദം. കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് സനൂപിനെതിരെയും, കണ്ടാലറിയാവുന്നവർക്കുമെതിരെയുമാണ് പോലീസ് കേസ്.

അതേ സമയം നവ മാധ്യമങ്ങളിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ചൊക്ലി മുക്കില്‍ പീടികയിലാണ് സംഭവം നടന്നത്. ചൊക്ലി എസ്ഐയും, സംഘവുമാണ് യുവാവിനോട് തട്ടികയറിയത്. സംഭവത്തെ കുറിച്ച് യുവാവിൻ്റെ വാക്കുകൾ ഇങ്ങനെ... താനും സുഹൃത്തും വണ്ടി റോഡരികില്‍ നിര്‍ത്തിയിട്ട് ചായ കുടിക്കുന്നതിനിയില്‍ പോലീസ് വന്നു.

സുഹൃത്തിന് ഹെല്‍മെറ്റ് ധരിച്ചില്ലെന്നതിന് പിഴയിട്ടു. എന്നാല്‍ നിര്‍ത്തിയിട്ട വാഹനത്തിനാണ് പിഴയിട്ടതെന്ന് പറഞ്ഞ് താൻ എതിര്‍ത്തു. . പിഴ ചുമത്തിയ ശേഷം പോലീസ് വണ്ടി അവിടെ നിന്ന് പോയി മടങ്ങി വന്നപ്പോള്‍ എസ്ഐ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. താൻ ഇത് ചോദ്യം ചെയ്തു. ഇതോടെ എസ് ഐ പ്രകോപിതനായി തനിക്കെതിരെ എഫ്.ഐ.ആർ ഇടുമെന്ന് പറഞ്ഞതോടെ നാട്ടുകാരും തനിക്കൊപ്പം ചേര്‍ന്നു. താൻ പോലീസ് വണ്ടി തടഞ്ഞെന്നായിരുന്നു പൊലീസ് നാട്ടുകാരോട് വിശദീകരിച്ചത്.

എന്നാൽ ഇതിനൊക്കെ നാട്ടുകാർ സാക്ഷികളാണ്. എസ്.ഐ സീറ്റ് ബെല്‍റ്റ് ഇടാത്തത് മാത്രമാണ് ചോദ്യം ചെയ്തതെന്ന് സനൂപ് പറഞ്ഞു. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചു വരുന്നത് കണ്ടെന്നും അതാണ് പിഴയിട്ടതെന്നുമാണ് പോലീസിന്റെ വാദം. വാഹനം അവിടെ നിന്ന് സ്റ്റാര്‍ട്ടാക്കും മുന്‍പ് സീറ്റ് ബെല്‍റ്റ് ഇട്ടിലെന്ന് പറഞ്ഞ് സനൂപ് വണ്ടി തടഞ്ഞു തട്ടിക്കയറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും, ഗതാഗത തടസ്സം ഉണ്ടാക്കിയതിനും പോലീസ് ഇയാള്‍ക്കെതിരെയും, കണ്ടാലറിയാവുന്നവർക്കുമെതിരെ കേസെടുത്തു. അതേ സമയം നവ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പൊലീസിൻ്റെ നടപടിക്കെതിരെ രൂക്ഷ വിമർശനങ്ങളുയരുന്നുണ്ട്. സനൂപിനൊപ്പം നിന്ന നാട്ടുകാർക്കും അഭിനന്ദന പ്രവാഹമാണ്. പൊലീസാണെങ്കിലും നിയമം എല്ലാവർക്കും ബാധകമല്ലേയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152563/does-the-law-not-apply-to-chokli-policea-case-against-the-youth-who-asked-and-the-locals)