---
title: "# Panoor municipal secretary|  പാനൂർ നഗരസഭാ സെക്രട്ടറി കെ.സുധാകരൻ്റെ അടുത്ത  അനുയായിയെന്ന് സിപിഎം  ;  സെക്രട്ടറിക്കെതിരെ   കർശന  നടപടി സ്വീകരിക്കണമെന്നും  സിപിഎം പാനൂർ ഏരിയാ കമ്മിറ്റി"
english_title: "CPM is a close follower of Panur municipal secretary K. Sudhakaran;CPM Panoor area committee should take strict action against the secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151087/cpm-is-a-close-follower-of-panur-municipal-secretary-k-sudhakarancpm-panoor-area-committee-should-take-strict-action-against-the-secretary"
published_at: "2023-10-04T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d7583e89b7_Untitled-1_copy.jpg"
keywords: []
---

# # Panoor municipal secretary|  പാനൂർ നഗരസഭാ സെക്രട്ടറി കെ.സുധാകരൻ്റെ അടുത്ത  അനുയായിയെന്ന് സിപിഎം  ;  സെക്രട്ടറിക്കെതിരെ   കർശന  നടപടി സ്വീകരിക്കണമെന്നും  സിപിഎം പാനൂർ ഏരിയാ കമ്മിറ്റി

> **Lead Summary:** **പാനൂർ: ** പാനൂർ നഗരസഭാ സെക്രട്ടറി പ്രവീൺ നഗരസഭയിലെ തന്നെ ഒരു ഉദ്യോഗസ്ഥനോടും മറ്റും നടത്തിയ വർഗീയ വിദ്വേഷത്തിന് ഇടയാക്കുന്നതും മതവിരുദ്ധവുമായ പ്രസ്ഥാവന സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിര നിയമനടപടി സ്വീകരിക്കണമെന്ന് സി പി എം പാനൂർ ഏരിയാ കമ്മിറ്റി. മാസങ്ങൾക്ക് മുമ്പാണ് വിവാദമായ സംഭാഷണമെല്ലാം നടന്നിട്ടുള്ളത്.

## Article Content

**പാനൂർ: ** പാനൂർ നഗരസഭാ സെക്രട്ടറി പ്രവീൺ നഗരസഭയിലെ തന്നെ ഒരു ഉദ്യോഗസ്ഥനോടും മറ്റും നടത്തിയ വർഗീയ വിദ്വേഷത്തിന് ഇടയാക്കുന്നതും മതവിരുദ്ധവുമായ പ്രസ്ഥാവന സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിര നിയമനടപടി സ്വീകരിക്കണമെന്ന് സി പി എം പാനൂർ ഏരിയാ കമ്മിറ്റി. മാസങ്ങൾക്ക് മുമ്പാണ് വിവാദമായ സംഭാഷണമെല്ലാം നടന്നിട്ടുള്ളത്.

ഉദ്യോഗസ്ഥൻമാർ തമ്മിൽ നടന്ന സ്വകാര്യ സംഭാഷണങ്ങൾ ചോർത്തി കൊടുക്കുകയാണ് ഉണ്ടായത്. നഗരസഭയിലെ കെടുകാര്യസ്ഥതയും, ഭരണ നേതൃത്വത്തിലെ ഭിന്നതയും, അഴിമതിയുമെല്ലാമായി ചീഞ്ഞ് നാറുകയാണ്. മാസങ്ങൾക്ക് മുമ്പ് വിവരങ്ങളെല്ലാം ലഭിച്ചിട്ടും ഭരണ നേതൃത്വം ഇതെല്ലാം ഒളിപ്പിച്ച് വെച്ചത് വലിയ നിലയിൽ ഉള്ള സംശയങ്ങൾക്ക് ഇടയാക്കുന്നു.

ജീവനക്കാർക്കിടയിലെ ഭിന്നത പരിഹരിക്കാൻ കഴിയാത്ത ഭരണക്കാരുടെ നിരുത്തരവാദപരമായ നിലപാടാണ് പൊതു സമൂഹത്തിന് അംഗീകരിക്കാനാവാത്ത ഇത്തരം സംഭാഷണത്തിൽ കലാശിച്ചത്. സംഭവം അറിഞ്ഞ ഉടൻ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുവാൻ എൽ ഡി എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അതിന് തയ്യാറാകാതെ മാസങ്ങളോളം ഇത് നീട്ടികൊണ്ട് പോയത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണക്കാരുടെ അഴിമതി സംബന്ധിച്ച് സെക്രട്ടറിയുടെ കൈവശം ധാരാളം വിവരങ്ങൾ ഉണ്ടെന്നും സംഭാഷണത്തിൽ വെളിപ്പെടുന്നുണ്ട്. കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരനെ നഗരസഭയിലെ എല്ലാ വിവരങ്ങളും തുടർച്ചയായി ധരിപ്പിച്ചിട്ടുണ്ടെന്നും സെക്രട്ടറി വെളിപ്പെടുത്തുന്നുണ്ട്.

കെ.സുധാകരൻ്റെ അനുയായി കൂടിയായ സെക്രട്ടറി നഗരസഭയിലെ ലീഗ് നേതൃത്വത്തിൻ്റെ ഇടപെടലും, ഭരണ രംഗത്തെ അഴിമതിയുമെല്ലാം ദീർഘനേരം സംസാരിച്ചിട്ടുണ്ട്.സുധാകരനോട് അടുത്ത് നിൽക്കുന്ന നഗരസഭയിലെ കോൺഗ്രസ്സ് അനുകൂല സംഘടനാ പ്രതിനിധികളാണ്ഈ സംഭാഷണങ്ങളെല്ലാം പൊതുമധ്യത്തിൽ പ്രചരിപ്പിച്ചതെന്നും വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.

ഇവയാകെ അന്വേഷണ വിധേയമാക്കണം. ഔദ്യോഗിക പദവിക്ക് നിരക്കാത്ത വിധം പര മത വിദ്വേശപ്രചരണം നടത്തിയ സെക്രട്ടറിക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, പരമത വിദ്വേശ പ്രചരണം നടത്തി രാജ്യത്താകെവർഗീയ ധ്രൂവീകരണം നടത്തുന്നത് സംഘ പരിവാർ അജണ്ടയാണ്. യു ഡി എഫ് നേതൃത്വം നൽകുന്ന പാനൂർ നഗരസഭയിൽ സുധാകരൻ്റെ അനുയായിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന നഗരസഭാ സെക്രട്ടറി തന്നെയാണ് ഇതരമത വിദ്വേഷ പ്രചാരണം നടത്തുന്നത്.

വേർതിരിവ് സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങങ്ങളെ മുഴുവൻ ജനാധിപത്യവിശ്വാസികളും അപലപിക്കണമെന്നും, നാട്ടിൽ ഐക്യമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏവരും പങ്കാളികളാവണമെന്നും സി പി എം പാനൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151087/cpm-is-a-close-follower-of-panur-municipal-secretary-k-sudhakarancpm-panoor-area-committee-should-take-strict-action-against-the-secretary)