---
title: "#heavyrain|  അറബികടലിലെ തീവ്രന്യൂനമർദ്ദം രാത്രിയോടെ കരയിലേക്ക് ;   കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ് "
english_title: "The #extreme low #pressure in the #Arabian Sea will reach the #land by night#Heavy #rain warning in# Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150143/the-extreme-low-pressure-in-the-arabian-sea-will-reach-the-land-by-nightheavy-rain-warning-in-kerala"
published_at: "2023-09-30T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65185983418fa_Untitled-1_copy.jpg"
keywords: []
---

# #heavyrain|  അറബികടലിലെ തീവ്രന്യൂനമർദ്ദം രാത്രിയോടെ കരയിലേക്ക് ;   കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ് 

> **Lead Summary:** ** **അറബികടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം രാത്രിയോടെ കരയിൽ പ്രവേശിക്കാൻ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം നേരത്തെ തീവ്രന്യൂനമർദമായി മാറിയിരുന്നു.

## Article Content

** **അറബികടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം രാത്രിയോടെ കരയിൽ പ്രവേശിക്കാൻ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം നേരത്തെ തീവ്രന്യൂനമർദമായി മാറിയിരുന്നു.

ഈ തീവ്രന്യൂനമർദ്ദം ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്‌നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിൽ തന്നെ ഇന്നും നാളെയും (സെപ്റ്റംബർ 30, ഒക്ടോബർ 1) ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് ഉള്ളത്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ 5 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ ജാഗ്രത.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150143/the-extreme-low-pressure-in-the-arabian-sea-will-reach-the-land-by-nightheavy-rain-warning-in-kerala)