---
title: "#kannurairport | സുപ്രധാന നാഴികക്കല്ല് പിന്നിട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാരുടെ എണ്ണം 50ലക്ഷം കടന്നു "
english_title: "Kannur International Airport crosses important milestone;The number of passengers has crossed 50 lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149752/kannur-international-airport-crosses-important-milestonethe-number-of-passengers-has-crossed-50-lakh"
published_at: "2023-09-29T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65167e7b7c365_download_(16).jpg"
keywords: []
---

# #kannurairport | സുപ്രധാന നാഴികക്കല്ല് പിന്നിട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാരുടെ എണ്ണം 50ലക്ഷം കടന്നു 

> **Lead Summary:** **കണ്ണൂർ : ** സുപ്രധാന നാഴികക്കല്ല് പിന്നിട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 50ലക്ഷം കടന്നു. ഇന്നലെ ഉച്ചയ്ക്ക് ഷാർജയിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ IX-744 വിമാനത്തിലെ യാത്രക്കാരായ അജീഷും ഭാര്യ കവിതയും (മുണ്ടയാട് വളപ്പിൽ, ചരൽ പള്ള എം.എം ബസാർ പി.ഒ, പയ്യന്നൂർ) ആണ് 50 ലക്ഷം എന്ന സുപ്രധാന നാഴികക്കല്ലിന്റെ ഭാഗമായ യാത്രക്കാർ.

## Article Content

**കണ്ണൂർ : ** സുപ്രധാന നാഴികക്കല്ല് പിന്നിട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 50ലക്ഷം കടന്നു. ഇന്നലെ ഉച്ചയ്ക്ക് ഷാർജയിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ IX-744 വിമാനത്തിലെ യാത്രക്കാരായ അജീഷും ഭാര്യ കവിതയും (മുണ്ടയാട് വളപ്പിൽ, ചരൽ പള്ള എം.എം ബസാർ പി.ഒ, പയ്യന്നൂർ) ആണ് 50 ലക്ഷം എന്ന സുപ്രധാന നാഴികക്കല്ലിന്റെ ഭാഗമായ യാത്രക്കാർ.

50 ലക്ഷം തികച്ച യാത്രക്കാർക്ക് നിയമ സഭാ സ്പീക്കർ അഡ്വ. എ.എൻ.ഷംസീറും എം.എൽ.എ കെ.കെ.ശൈലജ ടീച്ചറും ചേർന്ന് ഉപഹാരം നൽകി. ചടങ്ങിൽ കണ്ണൂർ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ ദിനേശ് കുമാർ.സി, കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, ചേമ്പർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ, ഫസ്റ്റ് ഫ്ളൈറ്റ് യാത്രക്കാരുടെ പ്രതിനിധികൾ, യാത്രക്കാരനായ യോഗേഷ് ഗുപ്ത ഐ.പി.എസ് (എ.ഡി.ജി.പി) തുടങ്ങിയവരും പങ്കെടുത്തു. 2016 ഡിസംബർ 09 ന് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച കണ്ണൂർ എയർപോർട്ട് വരുന്ന ഡിസംബർ 19 ന് 5 വർഷം പൂർത്തിയാവുകയാണ്.

5-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലാണ് 50 ലക്ഷമെന്ന യാത്രക്കാർ എന്ന നേട്ടത്തിലൂടെയും കണ്ണൂർ എയർപോർട്ട് കടന്നുപോകുന്നത്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച് വളരെ കാലം കഴിയും മുമ്പു തന്നെ കോവിഡ് മഹാമാരി കാരണം വൻ സാമ്പത്തിക നഷ്ടം സംഭവിച്ച ഒരു സ്ഥാപനമാണ് കണ്ണൂർ എയർപോർട്ട്.

ഈ പ്രതിസന്ധി മറികടന്നു കൊണ്ടാണ് ഈ നേട്ടത്തിലൂടെ കടന്നു പോവുക എന്നത് ആശാവഹമായ വാർത്തയാണ്. വിദേശ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുമതിയില്ലാത്ത സാഹചര്യത്തിലും കൂടിയാണ് കണ്ണൂർ വിമാനത്താവളം 50 ലക്ഷം യാത്രക്കാർ എന്നും നാഴികക്കല്ല് പിന്നിടുന്നത്.

വിദേശ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ അനുമതി കൂടി ലഭിക്കുകയാണെങ്കിൽ തീർച്ചയായും കണ്ണൂർ വിമാനത്താവളത്തിന് മലബാറിന്റെ വികസന മുന്നേറ്റത്തിന്റെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കാൻ കഴിയുമെന്നുറപ്പാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149752/kannur-international-airport-crosses-important-milestonethe-number-of-passengers-has-crossed-50-lakh)