---
title: "#Nipha   | നിപ ജാഗ്രത; വടകരയിലെ ഹാരിസിന്റെ സംസ്കാരം  പരിശോധന ഫലം വന്ന ശേഷം"
english_title: "#Nipa# vigilance;Harris'# funeral at Vadakara after the results of the post-mortem"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145761/nipa-vigilanceharris-funeral-at-vadakara-after-the-results-of-the-post-mortem"
published_at: "2023-09-12T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65003f9788f9f_Untitled-5_copy.jpg"
keywords: []
---

# #Nipha   | നിപ ജാഗ്രത; വടകരയിലെ ഹാരിസിന്റെ സംസ്കാരം  പരിശോധന ഫലം വന്ന ശേഷം

> **Lead Summary:** **കോഴിക്കോട് : ** ശക്തമായ പനിയെത്തുടന്നുള്ള ചികിത്സക്കിടയിൽ മരിച്ച വടകര ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് മമ്പളിക്കുനിൽ ഹാരിസ് ന്റെ മൃതദേഹം നിപ പരിശോധന ഫലം വന്ന ശേഷം സംസ്കരിക്കും .

## Article Content

**കോഴിക്കോട് : ** ശക്തമായ പനിയെത്തുടന്നുള്ള ചികിത്സക്കിടയിൽ മരിച്ച വടകര ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് മമ്പളിക്കുനിൽ ഹാരിസ് ന്റെ മൃതദേഹം നിപ പരിശോധന ഫലം വന്ന ശേഷം സംസ്കരിക്കും .

ഇന്നലെ രാത്രി എട്ടേ മുപ്പതോടെയാണ്‌ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച് ഹാരിസ് മരിക്കുന്നത് . ഇതേത്തുടർന്ന് നടത്തിയ വൈറസ് പരിശോധന പോസ്റ്റിറ്റീവ് ആയതെന്നാണ് സൂചന . നിപ ബാധ സംശയത്താൽ ഇദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്നുള്ള സ്രവം പൂനെ വൈറോളജി ഇൻസ്ടിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട് .

നിപ പ്രോട്ടോകോൾ പ്രകാരമാണ് ഹാരിസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് . ഇന്ന് വൈകിട്ട് പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ സംസ്കാര നടപടികൾ ആരംഭിക്കുകയുള്ളുയെന്ന് ബന്ധുക്കൾ അറിയിച്ചു . ഖത്തറിൽ ജോലി ചെയ്യുന്ന ഹാരിസ് അഞ്ച് മാസം മുൻപാണ് നാട്ടിൽ എത്തിയത് .

ഈ വരുന്ന 23 ന് ഗൾഫിലേക്ക് മടങ്ങാനിരിക്കെയാണ് മരണം . ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തെ അവസാന വാരം ഭാര്യ പിതാവിന്റെ ചികിത്സാർത്ഥം അദ്ദേഹത്തിനോടൊപ്പം ഹാരിസ് കോഴിക്കോട് ഇക്ര ആശുപത്രിയിൽ പോയിരുന്നു .

ഈ സമയം പനി ബാധിതനായി അവശനായി ഇവിടെയെത്തിയ കുറ്റ്യാടി അടുക്കത്ത് സ്വദേശി മുഹമ്മദലി (45 ) ക്ക് ആശുപത്രിയിൽ വെച്ച് ഹാരിസ് സഹായം ചെയ്തതായി ബന്ധുക്കൾ പറയുന്നു . കടുത്ത പനിബാധിതനായ മുഹമ്മദലി ഇക്കഴിഞ്ഞ 30 - ന് മരിച്ചിരുന്നു .

മുഹമ്മദലിയുടെ ഒൻപത് വയസ്സുള്ള മകൾ പെൺകുട്ടിയും നാല് വയസ്സുള്ള ആൺകുട്ടിയും ഇപ്പോൾ ചികിത്സയിലാണ് . ഈ കഴിഞ്ഞ എട്ടാം തീയ്യതിയാണ് ഹാരിസ് പനി ബാധിതനായത് .

പനി ബാധിതനായ ഹാരിസ് ഇക്കഴിഞ്ഞ എട്ടി ന് ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു . പനി കുറവുണ്ടെങ്കിലും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാൽ ഒൻപതാം തീയതിയും പത്താം തീയതിയും വില്യാപള്ളിയിലെ ആശുപത്രിയിൽ ചികിത്സതേടി . ഇന്നലെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തി .

ഇവിടെ നിന്നും നടത്തിയ ഡെങ്കി , ചിക്കുൻഗുനിയയും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു . ശക്തമായ ശ്വാസതടസത്തെ തുടർന്നാണ് ഇവിടെ നിന്ന് രാത്രി 8 മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ചത് .

ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 8 :30 യോടെ മരണം സംഭവിക്കുകയായിരുന്നു . പരേതനായ മമ്പളിക്കുനി മൊയ്‌ദീൻകുട്ടി ഹാജിയുടെ മകനാണ് ഹാരിസ് . ഭാര്യ : അസ്മ, മക്കൾ : യാഫിസ് സഹറാൻ, മുഹമ്മദ്‌ സഹറാൻ, ഫാത്തിമ സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, നാസർ, മാമി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145761/nipa-vigilanceharris-funeral-at-vadakara-after-the-results-of-the-post-mortem)