---
title: "# A.N.Shamsir |  സ്പീക്കര്‍ എ.എന്‍. ഷംസീര്‍ രാജിവെച്ചേക്കും,  നിയമസഭയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു ; ലക്ഷ്യം  മന്ത്രിസഭാ പുനസംഘടനയെന്ന്  സൂചന"
english_title: "#Speaker #A.N.Shamsir may resign, #preparations started in the# assembly.The aim is to reorganize the cabinet"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145208/speaker-anshamsir-may-resign-preparations-started-in-the-assemblythe-aim-is-to-reorganize-the-cabinet"
published_at: "2023-09-10T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd7b0610393_Untitled-1_copy.jpg"
keywords: []
---

# # A.N.Shamsir |  സ്പീക്കര്‍ എ.എന്‍. ഷംസീര്‍ രാജിവെച്ചേക്കും,  നിയമസഭയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു ; ലക്ഷ്യം  മന്ത്രിസഭാ പുനസംഘടനയെന്ന്  സൂചന

> **Lead Summary:** **കണ്ണൂർ : **എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതായി അഭ്യൂഹം. സിപിഎം നേതൃത്വവുമായി ഇതുസംബന്ധിച്ച ആശയവിനിമയം നടന്നുകഴിഞ്ഞതായാണ് സൂചനകൾ.

## Article Content

**കണ്ണൂർ : **എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതായി അഭ്യൂഹം. സിപിഎം നേതൃത്വവുമായി ഇതുസംബന്ധിച്ച ആശയവിനിമയം നടന്നുകഴിഞ്ഞതായാണ് സൂചനകൾ.

രാജി അഭ്യൂഹം നിയമസഭ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വളരെ ശക്തമാണ്. ഇതിന് ആക്കംകൂട്ടി എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ സ്പീക്കറുടെ അറിയിപ്പ് പുറത്തിറങ്ങിയതായും വിവരമുണ്ട്. ഈ മാസം 11ന് നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേളക്ക് ശേഷം എല്ലാ എം.എല്‍.എമാരും ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ എത്തണമെന്ന് നിയമസഭ സെക്രട്ടറി എ.എം. ബഷീര്‍ നിയമസഭ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ സാധാരണഗതിയില്‍ നിയമസഭ സമ്മേളനത്തിന്റെ അവസാന സെക്ഷനില്‍ ആണ് എടുക്കുന്നത്. മുന്‍കാല സ്പീക്കര്‍മാര്‍ എല്ലാം അഞ്ചാം വര്‍ഷത്തില്‍ അവസാന സമ്മേളനത്തില്‍ ആണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത്. നിയമസഭയുടെ ഇരുപത്തിനാലാമത്തെ സ്പീക്കറാണ് ഷംസീര്‍. മുന്‍ സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിയായതിനെ തുടര്‍ന്നാണ് ഷംസീര്‍ സ്പീക്കര്‍ കസേരയില്‍ എത്തുന്നത്. ഷംസീര്‍ സ്പീക്കറായിട്ട് ഒരു വര്‍ഷം തികയുകയാണ്.

2022 സെപ്റ്റംബറിലായിരുന്നു ഷംസീര്‍ സ്പീക്കര്‍ ആയത്. രണ്ട് തവണ എം എല്‍ എ ആയ ഷംസിര്‍ മന്ത്രി കസേരയില്‍ എത്തുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്.

എന്നാല്‍ ഷംസിറിനെ വെട്ടി ആദ്യമായി എം.എല്‍.എ ആയ റിയാസിനെ മന്ത്രിയാക്കുകയായിരുന്നു പിണറായി. അവസാന നാളുകളില്‍ കോടിയേരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പിണറായി ഷംസീറിനെ സ്പീക്കര്‍ ആക്കുകയായിരുന്നു. സ്പീക്കര്‍ കസേരയില്‍ പുതിയ മുഖവുമായി ഷംസീര്‍ ശോഭിക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.

നിഷ്പക്ഷനായ സ്പീക്കര്‍ എന്ന പേര് ഷംസീറിന് ലഭിച്ചു. മകള്‍ വീണ വിജയനെതിരെ പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ ഷംസീറിനായി. മന്ത്രിസഭ പുന:സംഘടനക്ക് പിണറായി തയ്യാറാവുകയാണ്. നവംബറിൽ 'മന്ത്രിസഭ പുനസംഘടന ഉണ്ടാകും,. മന്ത്രി കസേരയിൽ ചാടാൻ വേണ്ടിയാണ് ഷംസീർ രാജിവയ്ക്കാൻ തയ്യാറാകുന്നതെന്ന അഭ്യൂഹവും ശക്തമാണ്. എം എൽ എ മാരുടെ ഗ്രൂപ്പ് ഫോട്ടോ നേരത്തെ ആക്കിയ ഷംസീറിൻ്റെ തീരുമാനം തലസ്ഥാന നഗരിയിൽ ചർച്ചയായി മാറുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145208/speaker-anshamsir-may-resign-preparations-started-in-the-assemblythe-aim-is-to-reorganize-the-cabinet)