---
title: "# Punnol |  പുന്നോൽ കുറിച്ചിയിൽ എൽ പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച ഒരു നാൾ വരും പ്രദർശനത്തിന് ; ടീസർ പ്രകാശനം ചൊവ്വാഴ്ച ലോറൽ ഗാർഡനിൽ"
english_title: "#Erun Naal Viruhi made by #LP School Alumni in #Punnol Kurichi will be #exhibited#Teaser# release on #Tuesday at #Laurel Gardens"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145031/erun-naal-viruhi-made-by-lp-school-alumni-in-punnol-kurichi-will-be-exhibitedteaser-release-on-tuesday-at-laurel-gardens"
published_at: "2023-09-09T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc495662449_Untitled-9_copy.jpg"
keywords: []
---

# # Punnol |  പുന്നോൽ കുറിച്ചിയിൽ എൽ പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച ഒരു നാൾ വരും പ്രദർശനത്തിന് ; ടീസർ പ്രകാശനം ചൊവ്വാഴ്ച ലോറൽ ഗാർഡനിൽ

> **Lead Summary:** **തലശ്ശേരി : ** പുന്നോല്‍ കുറിച്ചിയില്‍ എല്‍.പി.സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ പൂര്‍ത്തിയായ ഓര്‍മ്മപ്പൂമരം ക്രിയേഷന്‍സിന്റെ ബാനറിൽ അനില്‍ സോപാനം കഥയെഴുതി, സംവിധാനം നിര്‍വ്വഹിച്ച കുടുംബചിത്രം ഒരു നാള്‍ സിനിമ പ്രദര്‍ശനത്തിനൊരുങ്ങി.

## Article Content

**തലശ്ശേരി : ** പുന്നോല്‍ കുറിച്ചിയില്‍ എല്‍.പി.സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ പൂര്‍ത്തിയായ ഓര്‍മ്മപ്പൂമരം ക്രിയേഷന്‍സിന്റെ ബാനറിൽ അനില്‍ സോപാനം കഥയെഴുതി, സംവിധാനം നിര്‍വ്വഹിച്ച കുടുംബചിത്രം ഒരു നാള്‍ സിനിമ പ്രദര്‍ശനത്തിനൊരുങ്ങി.

ചിത്രത്തിന്റെ ടീസര്‍ പ്രകാശനം സെപ്തംബര്‍ 12ന് ന്യൂമാഹി ഉസൈന്‍മൊട്ടയിലെ ലോറല്‍ ഗാര്‍ഡനില്‍ നടക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തലശേരിയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ടീസര്‍ പ്രകാശനം, ഓഡിയോ റിലീസ്, പ്രവേശന കൂപ്പണ്‍ ഏറ്റു വാങ്ങല്‍ എന്നീ ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഹുസ്സന്‍ മൊട്ടയിലെ ലോറല്‍ ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ടീസര്‍ പ്രകാശനം സിനിമാ - നാടകരംഗത്തെ പ്രശസ്ത വ്യക്തിത്വം രാജേന്ദ്രന്‍ തായാട്ട് നിര്‍വ്വഹിക്കും. ഓഡിയോ റിലീസ് സിനിമാനടനും യു.എ.ഇ യിലെ റേഡിയോ പ്രോഗ്രാം ഡയറക്ടറുമായ കെ.പി.കെ. വെങ്ങര നിര്‍വ്വഹിക്കും. രാജേന്ദ്രന്‍ തായാട്ടിനെ ആദരിക്കും. വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ആദര സമര്‍പ്പണം നടത്തും.

വ്യവസായിയും ലോറല്‍ ഗാര്‍ഡന്‍ ഉടമയുമായ ജസ്ലീം മീത്തല്‍ മുഖ്യാതിഥിയാവും. സിനിമാ പ്രവേശന കൂപ്പണ്‍ അദ്ദേഹം ഏറ്റുവാങ്ങും. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഓര്‍മ്മ പൂമരം കൂട്ടായ്മ പ്രസിഡന്റുറുമായ എ.വി.ചന്ദ്രദാസന്‍ അധ്യക്ഷത വഹിക്കും. പൂര്‍ണ്ണമായും ജനകീയ കൂട്ടായ്മയിലാണ് ചിത്രം നിര്‍മ്മിച്ചത്.

നാട്ടിലെ കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും പ്രോത്സാഹനം നല്‍കുന്നതോടൊപ്പം സ്‌കൂളിന്റെ വികസനവും ലക്ഷ്യം വച്ചാണ് സിനിമ നിര്‍മ്മിച്ചത്. മണിയൂര്‍ ഗ്രാമത്തിന്റെ വിശുദ്ധിയില്‍ ജാതിയുടെയും മതത്തിന്റെയും മതില്‍ക്കെട്ടുകളില്ലാത്ത സ്നേഹവും സാഹോദര്യവും മാത്രം കൈമുതലായുള്ള പച്ചയായ മനുഷ്യരുടെ കഥ പറയുകയാണ് ഒരു നാള്‍.

വ്യത്യസ്തമായ പഴയ കാല പ്രണയകഥയാണിത്. ഉള്‍പ്പെടെ ന്യൂമാഹി, മാഹി, ചൊക്ലി, അഴിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി 8 - ഓളം പ്രദര്‍ശനങ്ങളാണ് നടക്കുക.

സംഭാവനകൂപ്പണ്‍ നല്‍കിയാണ് സിനിമയുടെ പ്രദര്‍ശനം നടത്തുന്നത്. ഒരു നാള്‍ സിനിമ പ്രദര്‍ശനം ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.വി.ചന്ദ്രദാസന്‍, സഗീഷ്, അനില്‍ സോപനം (സംവിധായകന്‍), ശശിശങ്കര്‍ (തിരക്കഥാകൃത്ത്), എന്‍.വി.അജയകുമാര്‍, എസ്.കെ.വിജയന്‍, എന്‍.വി.സ്വാമി ദാസന്‍, കെ.വി.ദിവിത എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145031/erun-naal-viruhi-made-by-lp-school-alumni-in-punnol-kurichi-will-be-exhibitedteaser-release-on-tuesday-at-laurel-gardens)