---
title: "#heavyrain|  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ പെയ്തേക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "#Heavy# rain may #occur in the #state today #Yellow alert in #four# districts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143177/heavy-rain-may-occur-in-the-state-today-yellow-alert-in-four-districts"
published_at: "2023-09-02T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2ba02ae4f5_download.jpg"
keywords: []
---

# #heavyrain|  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ പെയ്തേക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **കണ്ണൂർ : **തെക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ ഇടുക്കി ജില്ലയിൽ മാത്രമായിരുന്നു അലേർട്ട് പ്രഖ്യാപിച്ചിരുന്നത്.

## Article Content

**കണ്ണൂർ : **തെക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ ഇടുക്കി ജില്ലയിൽ മാത്രമായിരുന്നു അലേർട്ട് പ്രഖ്യാപിച്ചിരുന്നത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ചില ഇടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ശബരിമല വനമേഖലയിൽ കനത്ത മഴയാണ് ഇന്നലെ രാത്രിയിൽ പെയ്തത്. മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു . മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടിയതായി സംശയമുണ്ട്. പമ്പ ത്രിവേണിയിൽ പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മൂഴിയാർ ഡാമിലെ ജലനിരപ്പ് 192.63 മീറ്ററായി ഉയർന്ന സാഹചര്യത്തിലാണ് ഡാമിന്റെ 3 ഷട്ടറുകൾ 30 സെൻറീമീറ്റർ വീതം ഉയർത്തിയത്.

പിന്നീട് രണ്ട് ഷട്ടറുകൾ താഴ്ത്തി. ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ കക്കാട്ടാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ആങ്ങമൂഴി, സീതത്തോട് എന്നീ പ്രദേശങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കക്കാട്ടാറിന്റെ ഇരുവശങ്ങളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മൂഴിയാർ ഡാം മുതൽ കക്കാട് പവർഹൗസ് വരെയുള്ളഇരു കരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തേണ്ടതാണ്. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചിൽ മൂലം ഗവിയിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആങ്ങമൂഴിയിൽ നിന്ന് ഗവിയിലേക്കുള്ള പാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143177/heavy-rain-may-occur-in-the-state-today-yellow-alert-in-four-districts)