---
title: "#Siddique| ഹിറ്റുകളുടെ 'ഗോഡ്‌ഫാദർ' ഇനി ഓർമ്മകളുടെ വെള്ളിത്തിരയിൽ ജ്വലിക്കും; സിദ്ദിഖിന് വിടചൊല്ലി  ജന്മനാട് "
english_title: "The 'Godfather' of hits will now burn on the silver screen of memories Saying goodbye to Siddique's hometown"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137736/the-godfather-of-hits-will-now-burn-on-the-silver-screen-of-memories-saying-goodbye-to-siddiques-hometown"
published_at: "2023-08-09T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3994d4892e_Untitled-1_copy.jpg"
keywords: []
---

# #Siddique| ഹിറ്റുകളുടെ 'ഗോഡ്‌ഫാദർ' ഇനി ഓർമ്മകളുടെ വെള്ളിത്തിരയിൽ ജ്വലിക്കും; സിദ്ദിഖിന് വിടചൊല്ലി  ജന്മനാട് 

> **Lead Summary:** ** **മലയാളത്തിന്‍റെ ഹിറ്റ് മേക്കർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി ജന്മനാട്. ഇന്നലെ അന്തരിച്ച സംവിധായകൻ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും വിടചൊല്ലി.

## Article Content

** **മലയാളത്തിന്‍റെ ഹിറ്റ് മേക്കർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി ജന്മനാട്. ഇന്നലെ അന്തരിച്ച സംവിധായകൻ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും വിടചൊല്ലി.

മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വീട്ടിൽ വച്ച് പൊലീസ് ബഹുമതി നൽകി. തുടർന്ന് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങി.

പള്ളിയിൽ ഔദ്യോഗിക ബഹുമതി നൽകിയ ശേഷം നിസ്കാര ചടങ്ങുകൾക്ക് പിന്നാലെ ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. തുടർച്ചയായി സൂപ്പർ മെഗാ ഹിറ്റുകൾ എങ്ങനെയൊരുക്കാമെന്ന് മലയാള സിനിമയെ പരിചയപ്പെടുത്തിയ ‘ഗോഡ്ഫാദർ’ ആയിരുന്നു സിദ്ദിഖ്. 63-ാമത്തെ വയസിൽ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം യാത്ര പറഞ്ഞു.

ഇന്ന് രാവിലെ എട്ടരയോടെയാണ് പളളിക്കരയിലെ വീട്ടിൽ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. മലയാള സിനിമാ ലോകവും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്കെത്തി.

ചേതനയറ്റ പ്രിയ സുഹൃത്തിനെക്കണ്ട്  നടനും സംവിധായകനുമായ ലാൽ വിങ്ങിപ്പൊട്ടി. മമ്മൂട്ടി, സായികുമാർ, ജഗദീഷ്, കമൽ, ബി ഉണ്ണികൃഷ്ണൻ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ യാത്രാമൊഴി ചൊല്ലി. പുല്ലേപ്പടിയിലെ വീട്ടിൽ നിന്ന് കൊച്ചിൻ കലഭവനിലൂടെ സിനിമയിലെത്തിയ സിദ്ധിഖിനെ നഗരപൗരാവലിയും ചലച്ചിത്രപ്രേമികളും അവസാനമായി ഒരുനോക്കു കണ്ടു.

പതിനൊന്നരയോടെ മൃതദേഹം പളളിക്കരയിലെ വീട്ടിലേക്ക് കൊണ്ടു പോയി. ചലച്ചിത്ര പ്രവർത്തകരും നാട്ടുകാരും അവിടെയും  അന്ത്യാഞ്ജലി അർപ്പിച്ചു. നാലരയോടെയാണ് മൃതദേഹം വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാമസ്ജിദിലേക്ക് കൊണ്ടു വന്നത്, തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതി. പിന്നാലെ  ഖബറിസ്ഥാനിൽ സംസ്കാരം. മലയാള സിനിമ എക്കാലവും ഓർക്കുന്ന ഹിറ്റ്‌മേക്കർ ഓർമ്മകളുടെ വെളളിത്തിരയിൽ ഇനി ജ്വലിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137736/the-godfather-of-hits-will-now-burn-on-the-silver-screen-of-memories-saying-goodbye-to-siddiques-hometown)