---
title: "#panoor |ഒട്ടേറെ നേട്ടങ്ങളിലേക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്തിനെ നയിച്ച  സെക്രട്ടറി ടി വി സുഭാഷിന് സ്ഥലം മാറ്റം ;  കാസർകോഡ് അസിസ്റ്റൻറ്  ഡയറക്ടറായി പ്രമോഷനോടുകൂടിയാണ്  മാറ്റം."
english_title: "#Secretary TV Subhash, who led the Panoor #Block Panchayat to many #achievements, has been# transferred The change comes with the #promotion of #Kasarkode as #Assistant #Director."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135022/secretary-tv-subhash-who-led-the-panoor-block-panchayat-to-many-achievements-has-been-transferred-the-change-comes-with-the-promotion-of-kasarkode-as-assistant-director"
published_at: "2023-07-30T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c64a8c95d7c_Untitled-6_copy.jpg"
keywords: []
---

# #panoor |ഒട്ടേറെ നേട്ടങ്ങളിലേക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്തിനെ നയിച്ച  സെക്രട്ടറി ടി വി സുഭാഷിന് സ്ഥലം മാറ്റം ;  കാസർകോഡ് അസിസ്റ്റൻറ്  ഡയറക്ടറായി പ്രമോഷനോടുകൂടിയാണ്  മാറ്റം.

> **Lead Summary:** **പാനൂർ : **പാനൂർ ബ്ലോക്കിന് എല്ലാ ഘടക സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന ആധുനിക കെട്ടിടം പണിതത് സുഭാഷിൻ്റെ നേട്ടമാണ്. ജലസംരക്ഷണ പ്രവർത്തനമായ നനവ് ഉൾപ്പടെ ഒട്ടേറെ ജനപ്രിയ പദ്ധതികൾ സധൈര്യം ഏറ്റെടുത്ത് നടപ്പാക്കിയ സെക്രട്ടറിയാണ് സുഭാഷ്.

## Article Content

**പാനൂർ : **പാനൂർ ബ്ലോക്കിന് എല്ലാ ഘടക സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന ആധുനിക കെട്ടിടം പണിതത് സുഭാഷിൻ്റെ നേട്ടമാണ്. ജലസംരക്ഷണ പ്രവർത്തനമായ നനവ് ഉൾപ്പടെ ഒട്ടേറെ ജനപ്രിയ പദ്ധതികൾ സധൈര്യം ഏറ്റെടുത്ത് നടപ്പാക്കിയ സെക്രട്ടറിയാണ് സുഭാഷ്.

2017 ഒക്ടോബർ 11നാണ് ചക്കരക്കല്ല് സ്വദേശിയായ ടി.വി സുഭാഷ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി ചുമതല ഏറ്റത്. കെ.ഇ കുഞ്ഞബ്ദുള്ളയായിരുന്നു അന്ന് ബ്ലോക്ക് പ്രസിഡൻറ്. സ്വന്തമായി കെട്ടിടമില്ലാതെയാണ് ബ്ലോക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നത്.

ബ്ലോക്കിന് സ്വന്തമായി കെട്ടിടമൊരുക്കുകയായിരുന്നു സെക്രട്ടറിയെന്ന നിലയിൽ വലിയ വെല്ലുവിളി. ഒന്നര വർഷത്തിനകം ബ്ലോക്കിൻ്റെ എല്ലാ ഘടക സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന അത്യാധുനിക കെട്ടിടമൊരുക്കാനായി.

വള്ള്യായിൽ ആർ ആർ എഫ് കെട്ടിടം പണിതത്, വ്യവസായ എസ്റ്റേറ്റിനായി 2 ഏക്കർ സ്ഥലം ഏറ്റെടുത്തത്, കതിരൂർ വയോജനകേന്ദ്രം എന്നിവയും സുഭാഷിൻ്റെ കൂടി നേട്ടമാണ്. 12 പുതിയ അംഗൻവാടി കെട്ടിടങ്ങളും നിർമ്മിക്കാനായി. ഇതിൽ 11 അംഗൻ വാടികൾക്കും സ്വകാര്യ വ്യക്തികളാണ് സ്ഥലം നൽകിയത്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണ് അംഗൻവാടികൾ പണിതതെന്നതും ശ്രദ്ധേയമാണ്.

2005 ൽ പൊലീസുകാരനായാണ് സുഭാഷ് സർക്കാർ സർവീസിൽ പ്രവേശിക്കുന്നത്. സംഘർഷ സമയത്ത് പാനൂരിൽ 8 മാസം സേവനമനുഷ്ഠിച്ചു. പിന്നീട് പൊലീസ് ജോലി വിട്ട് കണ്ണൂരിൽ സ്കൂൾ ലാബ് അസിസ്റ്റൻ്റായി 4 വർഷവും, കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ 2 കൊല്ലവും ജോലി ചെയ്ത ശേഷമാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായത്.

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ്, നിലവിലെ പ്രസിഡണ്ട് ശൈലജ എന്നിവരുടെ ഭരണ സമിതിക്കൊപ്പവും പ്രവർത്തിച്ചു. ഭരണസമിതിയും, ഉദ്യോഗസ്ഥരും നല്ല പിന്തുണയാണ് നൽകിയതെന്ന് സുഭാഷ് പറഞ്ഞു.

സ്ഥലം മാറി പോകുന്ന സെക്രട്ടറിക്ക് കഫേശ്രീ ജനകീയ ഹോട്ടൽ ഭാരവാഹികളും, ബ്ലോക്ക് പഞ്ചായത്ത് ഷട്ടിൽ ടീമും യാത്രയയപ്പ് നൽകി. പാനൂർ ബ്ലോക്ക് പഞ്ചായത്തിനെ സംബന്ധിച്ച് ഊർജസ്വലനും, ഏവർക്കും പ്രിയങ്കരനുമായ സെക്രട്ടറിയുടെ സ്ഥലം മാറ്റം ഒരു നഷ്ടം തന്നെയാണെന്ന് പാനൂർ ബ്ലോക്ക് ഭരണസമിതിയംഗങ്ങളും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135022/secretary-tv-subhash-who-led-the-panoor-block-panchayat-to-many-achievements-has-been-transferred-the-change-comes-with-the-promotion-of-kasarkode-as-assistant-director)