---
title: "#thalassery|തലശേരിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസിൽ ഒളിവിൽപോയ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി"
english_title: "The# District Sessions #Court #rejected the #anticipatory bail plea of the #absconding #husband in the #case of #hanging himself at the #house of the# newbride in #Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132307/the-district-sessions-court-rejected-the-anticipatory-bail-plea-of-the-absconding-husband-in-the-case-of-hanging-himself-at-the-house-of-the-newbride-in-thalassery"
published_at: "2023-07-21T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba15e222874_Untitled-3_copy.jpg"
keywords: []
---

# #thalassery|തലശേരിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസിൽ ഒളിവിൽപോയ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

> **Lead Summary:** **തലശേരി: ** തലശേരിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസിൽ ഒളിവിൽപോയ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ്‌ കോടതി തള്ളി. കതിരൂർ അയ്യപ്പമഠത്തിനടുത്ത മാധവി നിവാസിൽ സച്ചിൻ നൽകിയ ഹർജിയാണ്‌ ജഡ്‌ജി നിസാർ അഹമ്മദ്‌ തള്ളിയത്‌.

## Article Content

**തലശേരി: ** തലശേരിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസിൽ ഒളിവിൽപോയ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ്‌ കോടതി തള്ളി. കതിരൂർ അയ്യപ്പമഠത്തിനടുത്ത മാധവി നിവാസിൽ സച്ചിൻ നൽകിയ ഹർജിയാണ്‌ ജഡ്‌ജി നിസാർ അഹമ്മദ്‌ തള്ളിയത്‌.

പിണറായി പടന്നക്കര ‘സൗപർണിക’യിൽ മേഘയെ (28) ജൂൺ 10ന് രാത്രിയാണ് ഭർതൃവീടിന്റെ മുകൾനിലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌. പണത്തിനും സ്വർണത്തിനുമായി സച്ചിൻ ഭാര്യയെ പീഡിപ്പിക്കാറുണ്ടെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

ഇൻക്വസ്‌റ്റ്‌ സമയത്ത്‌ മൃതദേഹത്തിലെ 11 മുറിവ്‌ തഹസിൽദാർ രേഖപ്പെടുത്തിയതാണ്‌. 16 മുറിവുള്ളതായി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുമുണ്ട്‌. പൊലീസ്‌ ശേഖരിച്ച സച്ചിന്റെ ഫോൺകോൾ വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

പ്രോസിക്യൂഷൻ വാദവും രേഖകളും പരിശോധിച്ചാണ്‌ മുൻകൂർജാമ്യ ഹർജി തള്ളിയത്‌. കോഴിക്കോട്ടെ ഹൈലൈറ്റ് മാളിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറായിരുന്ന മേഘയും ഫിറ്റ്‌നസ്‌ പരിശീലകനായ സച്ചിനും ഏപ്രിൽ രണ്ടിനാണ്‌ വിവാഹിതരായത്‌. നേരത്തെ കതിരൂർ പൊലീസ്‌ അന്വേഷിച്ച കേസ്‌ ഇപ്പോൾ ക്രൈംബ്രാഞ്ചിനാണ്‌. സച്ചിന്റെ മാനസികവും ശാരീരികവുമായ പീഡനത്തിൽ മനംനൊന്ത്‌ ജീവനൊടുക്കിയെന്നാണ്‌ കേസ്‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132307/the-district-sessions-court-rejected-the-anticipatory-bail-plea-of-the-absconding-husband-in-the-case-of-hanging-himself-at-the-house-of-the-newbride-in-thalassery)