---
title: "# BheemanRaghu|മുഖ്യമന്ത്രിയെ പുകഴ്ത്തിയപ്പോൾ നാക്കു പിഴ ; സമൂഹമാധ്യമങ്ങളിൽ നടൻ ഭീമൻ രഘുവിന് ട്രോളോട് ട്രോൾ"
english_title: "#Tongue #fined for #praising the #Chief Minister #Actor #BheemanRaghu was# trolled by #troll on# social media"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130387/tongue-fined-for-praising-the-chief-minister-actor-bheemanraghu-was-trolled-by-troll-on-social-media"
published_at: "2023-07-14T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b17c770abbd_Untitled-5_copy.jpg"
keywords: []
---

# # BheemanRaghu|മുഖ്യമന്ത്രിയെ പുകഴ്ത്തിയപ്പോൾ നാക്കു പിഴ ; സമൂഹമാധ്യമങ്ങളിൽ നടൻ ഭീമൻ രഘുവിന് ട്രോളോട് ട്രോൾ

> **Lead Summary:** **കണ്ണൂർ : **വർഷങ്ങളായി ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലെത്തിയത് ഏതാണ്ട് ഒരാഴ്ച മുൻപാണ്. ഇടതുപക്ഷത്തെത്തിയ ശേഷം മൂന്നാം പിണറായി സർക്കാർ വരും എന്ന് നടൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

## Article Content

**കണ്ണൂർ : **വർഷങ്ങളായി ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലെത്തിയത് ഏതാണ്ട് ഒരാഴ്ച മുൻപാണ്. ഇടതുപക്ഷത്തെത്തിയ ശേഷം മൂന്നാം പിണറായി സർക്കാർ വരും എന്ന് നടൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എന്നാലിപ്പോൾ നടൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾക്ക് സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോളാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ട്രോളിന് കാരണമായത്.

സഖാവ് പിണറായി വിജയനെ എനിക്ക് വലിയ ഇഷ്ടമാണ്. പിണറായി വിജയനെക്കുറിച്ച് എന്തെല്ലാം പറയുന്നു, ആളുകൾ അത് കൈയിട്ടുവാരി, ഇത് കൈയിട്ടുവാരി എന്നൊക്കെ. ഞാൻ ചോദിക്കട്ടെ, ചക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തതായി ആരുണ്ട് എന്നായിരുന്നു ഭീമൻ്റെ വാക്കുകൾ.

ഇതിനെ കളിയാക്കി ഒന്ന് പൊക്കിയടിച്ചതാണ് നാവ് ചതിച്ചാശാനേ ലേലു അല്ലു എന്നാണ് ചില കമന്റുകൾ. ഭീമൻ രഘു സത്യം വിളിച്ചുപറയുന്നു എന്നാണ് മറ്റൊന്ന്. ബിജെപിയുമായി യോജിച്ചുപോകാനാകില്ലെന്ന് വ്യക്തമാക്കി സംവിധായകൻ രാമസിംഹൻ, രാജസേനൻ എന്നിവർക്ക് പിന്നാലെയാണ് ഭീമൻ രഘു പാർട്ടി വിട്ടത്.

സ്ഥാനമാനം കിട്ടിയില്ലെന്ന് മാത്രമല്ല ബിജെപിയിൽ പോയതുകൊണ്ട് ഉള്ള മാനവും കളഞ്ഞുകുളിച്ച അവസ്ഥയാണെന്ന് സിപിഎമ്മിൽ ചേർന്നശേഷം ഭീമൻ രഘു പ്രതികരിച്ചിരുന്നു. ഇങ്ങനയാണ് പോക്കെങ്കിൽ സി പി എമ്മിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടെന്നും കമൻ്റുകളുണ്ട്.**
**

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130387/tongue-fined-for-praising-the-chief-minister-actor-bheemanraghu-was-trolled-by-troll-on-social-media)