---
title: "#malabarcancercenter|മലബാർ ക്യാൻസർ സെൻ്റർ  പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനെ ദത്തെടുത്ത സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മലബാർ ക്യാൻസർ സെൻ്റർ സന്ദർശിച്ചു."
english_title: "#Malabar Cancer Center was# adopted by the #panchayat panchayat #members of the #panchayat visited the# Malabar Cancer Center."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130067/malabar-cancer-center-was-adopted-by-the-panchayat-panchayat-members-of-the-panchayat-visited-the-malabar-cancer-center"
published_at: "2023-07-13T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0226c4e4b6_Untitled-6_copy.jpg"
keywords: []
---

# #malabarcancercenter|മലബാർ ക്യാൻസർ സെൻ്റർ  പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനെ ദത്തെടുത്ത സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മലബാർ ക്യാൻസർ സെൻ്റർ സന്ദർശിച്ചു.

> **Lead Summary:** ** പന്ന്യന്നൂർ: **മലബാർ ക്യാൻസർ സെൻ്റർ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനെ ദത്തെടുത്ത സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മലബാർ ക്യാൻസർ സെൻ്റർ സന്ദർശിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വികസന സമിതിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

## Article Content

** പന്ന്യന്നൂർ: **മലബാർ ക്യാൻസർ സെൻ്റർ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനെ ദത്തെടുത്ത സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മലബാർ ക്യാൻസർ സെൻ്റർ സന്ദർശിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വികസന സമിതിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

ആശുപത്രി ഡയറക്ടർ സതീശ് ബാലസുബ്രഹ്മണ്യം പദ്ധതി വിശദീകരിച്ചു. പന്ന്യന്നൂർ പഞ്ചായത്തിനെ മലബാർ കാൻസർ സെന്റർ ദത്തെടുത്ത സാഹചര്യത്തിൽ പഞ്ചായത്തിൽ നടത്തേണ്ട കാൻസർ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചാലോചിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എം സി സി സന്ദർശിച്ചത്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു ആതുരാലയം പഞ്ചായത്തിനെ പൂർണമായും ദത്തെടുക്കുന്നത്.

പടിപടിയായുള്ള ബോധവത്കരണ പരിപാടികളിലൂടെയും പരിശോധനയിലൂടെയും ആരോഗ്യപൂർണമായ ജനതയെ വാർത്തെടുക്കുകയാണ് ഈ ദത്തെടുക്കൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ആരോഗ്യ ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും, സമ്പൂർണ ആരോഗ്യസാക്ഷ രത ഉറപ്പാക്കുകയും ചെയ്യും. അർബുദത്തെ അകറ്റിനിർ ത്താനുള്ള മാർഗങ്ങൾ പഠന വിധേയമാക്കുകയും ചെയ്യും.

പന്ന്യന്നൂർ പഞ്ചായത്തിനെ എം സി സി ഏറ്റെടുത്തതോടെ 1000 ബോധവത്കരണ ക്ലാസുകൾ വിവിധ വാർഡ് കേന്ദ്രങ്ങളിൽ നടത്തും. വിദ്യാലയങ്ങൾ, ക്ലബുകൾ, കലാസമിതികൾ, അങ്കണവാടികൾ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ ആവിഷ്ക്കരിക്കും. കമ്യൂണിറ്റി ഹെൽത്ത് എജ്യുക്കേഷനൽ പ്രോഗ്രാമിന്റെ ഭാഗമായാണ് കാൻസർ സെന്റർ പന്ന്യന്നൂർ പഞ്ചായത്തിനെ ദത്തെടുത്തത്.

ഒരുവർഷക്കാലം നീളുന്ന ആരോഗ്യസാക്ഷരതാ പരിപാടിയിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനവും പരിശീലനവും കാൻസർ സെൻറർ നൽകുമെന്ന് ഡോ. എ.പി നീതു പറഞ്ഞു. ജീവിതശൈലീരോഗങ്ങൾ കണ്ടെത്താനുള്ള പരിശോധന, കാൻസർ രോഗ നിർണയ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും. ആവശ്യമെങ്കിൽ ആരോഗ്യപ്രവർത്തകർക്കായി പ്രത്യേക പരിശീലനവും നൽകും.

എം സി സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം കാൻസർ സെൻ്ററിനെപ്പറ്റിയുള്ള വിശദീകരണം നൽകി. ഡോക്ടർമാരായ ഫിൻസ് എം ഫിലിപ്പ്, എ.പി നീതു, ചന്ദ്രൻ കെ നായർ, സംഗീത നായനാർ, എം എസ് ബിജി, അഡ്മിനിസ്ട്രേറ്റർ ടി. അനിത എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. ആശുപത്രിയിലെ സൗജന്യ ഭക്ഷണ വിതരണ പദ്ധതിയിലേക്ക് പന്ന്യന്നൂർ പഞ്ചായത്ത് സ്വരൂപിച്ച ഫണ്ട് പ്രസിഡണ്ട് സി.കെ അശോകൻ കൈമാറി.

വൈസ് പ്രസിഡണ്ട് കെ പി രമ, മുൻ പ്രസിഡൻ്റുമാരായ കെ.രവീന്ദ്രൻ, ടി.ഹരിദാസ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡംഗങ്ങൾ, വികസന സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് മലബാർ ക്യാൻസർ സെൻ്റർ സന്ദർശിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130067/malabar-cancer-center-was-adopted-by-the-panchayat-panchayat-members-of-the-panchayat-visited-the-malabar-cancer-center)