---
title: "#chambad|മഴപെയ്താൽ ചോരും, കളിക്കുമ്പോൾ ആണി കൊണ്ട് പരിക്കേൽക്കും, വൈദ്യുതിയുമില്ല ; ഒരു കോടി 26 ലക്ഷം രൂപക്ക് പണിത ചമ്പാട് ഇൻഡോർ സ്റ്റേഡിയം നോക്കുകുത്തിയായി"
english_title: "If it# rains it will bleed, while #playing it will get #hurt by nails, there is no #electricity #Champat# Indoor# Stadium, built at a #cost of 1# crore 26 #lakh #rupees, is# finished"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130053/if-it-rains-it-will-bleed-while-playing-it-will-get-hurt-by-nails-there-is-no-electricity-champat-indoor-stadium-built-at-a-cost-of-1-crore-26-lakh-rupees-is-finished"
published_at: "2023-07-13T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0164f9d989_Untitled-4_copy.jpg"
keywords: []
---

# #chambad|മഴപെയ്താൽ ചോരും, കളിക്കുമ്പോൾ ആണി കൊണ്ട് പരിക്കേൽക്കും, വൈദ്യുതിയുമില്ല ; ഒരു കോടി 26 ലക്ഷം രൂപക്ക് പണിത ചമ്പാട് ഇൻഡോർ സ്റ്റേഡിയം നോക്കുകുത്തിയായി

> **Lead Summary:** **ചമ്പാട്: ** മഴപെയ്താൽ ചോരും, കളിക്കുമ്പോൾ ആണി കൊണ്ട് പരിക്കേൽക്കും, വൈദ്യുതിയുമില്ല ; ഒരു കോടി 26 ലക്ഷം രൂപക്ക് പണിത ചമ്പാട് ഇൻഡോർ സ്റ്റേഡിയം നോക്കുകുത്തിയായി സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്തതിൻ്റെ നേർ സ്മാരകമാവുകയാണ് മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയം.

## Article Content

**ചമ്പാട്: ** മഴപെയ്താൽ ചോരും, കളിക്കുമ്പോൾ ആണി കൊണ്ട് പരിക്കേൽക്കും, വൈദ്യുതിയുമില്ല ; ഒരു കോടി 26 ലക്ഷം രൂപക്ക് പണിത ചമ്പാട് ഇൻഡോർ സ്റ്റേഡിയം നോക്കുകുത്തിയായി സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്തതിൻ്റെ നേർ സ്മാരകമാവുകയാണ് മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയം.

എം എൽ എ അഡ്വ.എ.എൻ ഷംസീറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 26 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇൻഡോർ സ്‌റ്റേഡിയം പണിതത്. 2020 ഒക്ടോബർ 28 ന് അന്ന് സ്പോർട്സ് മന്ത്രിയായിരുന്ന ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്ത ഇൻഡോർ സ്റ്റേഡിയം ഇന്ന് നാശോന്മുഖമാണ്.

മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തെ കായിക പ്രേമികളും കൈയ്യൊഴിയുകയാണ്. നിർമ്മാണത്തിലെ അപാകതകൾ കാരണം അതീവ ദുരിതാവസ്ഥയിലായി മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയം. മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുകയാണ് ഇൻഡോർ സ്റ്റേഡിയം. നിരവധി തവണ രേഖാമൂലവും വാക്കാലും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. തേക്ക് തടികൊണ്ട് പാകിയ കളിസ്ഥലം മുഴുവൻ മഴ വീണ് ദ്രവിക്കുകയാണ്. മഞ്ഞത്തും സ്ഥിതി വ്യത്യസ്ഥമല്ല.

കളിക്കാനെത്തുന്നവരാണ് സ്റ്റേഡിയം പരിപാലിക്കുന്നത്. വുഡൻ പാനലിംഗിന് വേണ്ടി ഒരു പരിചയവുമില്ലാത്ത കരാറുകാരൻ ഇരുമ്പാണികൾ അടിച്ചു താഴ്ത്തിയതോടെ ആണികൾ പൊങ്ങി വന്ന് കളിക്കാർക്ക് പരിക്കേൽക്കുകയാണ്. ഇത്തരത്തിൽ കൈയ്യും, കാലും മുറിഞ്ഞവരുണ്ട്.

സൂര്യപ്രകാശം തടയുന്നതിന് വേണ്ടി ഉയരത്തിൽ മറയായി കെട്ടിയ ഷീറ്റുകൾ കാറ്റത്ത് മുറിഞ്ഞ് താഴെ വീഴുകയാണ്. എക്സ്സോസ്റ്റ് ഫാൻ ഘടിപ്പിക്കണമെന്ന കരാറും പാലിച്ചിട്ടില്ല. എം എൽ എ ഫണ്ടിൽ നിന്നും വകയിരുത്തിയ ഒരു കോടി 27 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയം പണിതത്.

ചമ്പാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ. സി കെ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പരിശീലനവും, വോളിബോൾ പരിശീലനവും ഷട്ടിൽ കളിയുമെല്ലാം നടക്കുന്നുണ്ട്. സ്റ്റേഡിയത്തിൽ വൈദ്യുതി ലഭിച്ചിട്ടില്ല. താത്ക്കാലിക കണക്ഷനാണ്.

ബില്ല് കൃത്യമായി അടക്കുന്നത് കെ.സി.കെ സ്പോർട്സ് ക്ലബാണ്. ഈ താത്ക്കാലിക കണക്ഷൻ കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി കാരണമൊന്നും കൂടാതെ വിച്ഛേദിച്ചു. ഇതോടെ പുലർച്ചെയും, രാത്രിയും കായികപരിശീലനം നിലച്ചിരിക്കുകയാണ്.

50 ഓളം വിദ്യാർത്ഥികൾക്ക് കെ.സി.കെ നിലവിൽ കായിക പരിശീലനം നൽകുന്നുണ്ട്. എന്നാലിപ്പോൾ പൂട്ടിയിടേണ്ട അവസ്ഥയിലാണ് സ്റ്റേഡിയം. ഇതോടെ പ്രതിഷേധത്തിലാണ് കായിക പ്രേമികൾ. നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കെ സി കെ ക്ലബ്. അതിനിടെ വിഷയത്തിൽ വെള്ളിയാഴ്ച ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ യോഗം വിളിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130053/if-it-rains-it-will-bleed-while-playing-it-will-get-hurt-by-nails-there-is-no-electricity-champat-indoor-stadium-built-at-a-cost-of-1-crore-26-lakh-rupees-is-finished)