---
title: "#PanurTalukHospital|പാനൂർ താലൂക്കാശുപത്രി ; പദ്ധതി അട്ടിമറിച്ച രാഷ്ട്രീയ നേതൃത്വങ്ങൾ ജനങ്ങളോട് മാപ്പു പറയണമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി "
english_title: "Panur Taluk Hospital People's Action Committee wants the political leaders who sabotaged the project to apologize to the people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129190/panur-taluk-hospital-peoples-action-committee-wants-the-political-leaders-who-sabotaged-the-project-to-apologize-to-the-people"
published_at: "2023-07-10T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac1250dfe93_Untitled-1_copy.jpg"
keywords: []
---

# #PanurTalukHospital|പാനൂർ താലൂക്കാശുപത്രി ; പദ്ധതി അട്ടിമറിച്ച രാഷ്ട്രീയ നേതൃത്വങ്ങൾ ജനങ്ങളോട് മാപ്പു പറയണമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി 

> **Lead Summary:** **പാനൂർ : **താലൂക്ക് ആശുപത്രിക്കായി സ്ഥലം ഏറ്റെടുക്കാൻ 2015 ൽ മുൻ മന്ത്രി കെ.പി.മോഹനൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്ഥലമെടുപ്പ് പ്രഖ്യാപനം, ഇന്നും വെറും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനു കാരണക്കാരായവർ പൊതുജനത്തെ വിഢികളാക്കുന്നത് തുടരുകയാണെന്ന് ജനകീയ ആക്ഷൻ കമ്മറ്റി പാനൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**പാനൂർ : **താലൂക്ക് ആശുപത്രിക്കായി സ്ഥലം ഏറ്റെടുക്കാൻ 2015 ൽ മുൻ മന്ത്രി കെ.പി.മോഹനൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്ഥലമെടുപ്പ് പ്രഖ്യാപനം, ഇന്നും വെറും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനു കാരണക്കാരായവർ പൊതുജനത്തെ വിഢികളാക്കുന്നത് തുടരുകയാണെന്ന് ജനകീയ ആക്ഷൻ കമ്മറ്റി പാനൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2017 ജൂൺ 28 ന് ബജറ്റിൽ സ്ഥലം ഏറ്റെടുക്കാൻ 25 കോടി എൽഡിഎഫ് സർക്കാർ നീക്കി വെച്ചിരുന്നു. 2015 ൽ കണ്ടെത്തിയ പാനൂർ ബൈപ്പാസ് റോഡിലെ സ്ഥലം ഏറ്റെടുക്കാതെ മറ്റൊരു സ്ഥലം പാനൂർ - പൂക്കോം റോഡിൽ കണ്ടെത്തുന്നത്.

എന്നാൽ ഇതുവരെ ആ സ്ഥലമേറ്റെടുക്കാനും ഈ സർക്കാറിന് സാധിച്ചിട്ടില്ല എന്ന് മാത്രമല്ല, സ്ഥലം ഉടമ നുച്ചിക്കാട് മുസ്തഫ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തപ്പോൾ, പരാതിക്കാരനൊപ്പം ചേർന്ന് സ്ഥലമേറ്റെടുക്കൽ വൈകിപ്പിക്കുന്ന നടപടിയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നത്.

242/021 E ക്രൈം നമ്പറിലുള്ള കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചെങ്കിലും സർക്കാർ അഭിഭാഷകൻ ഹാജരാവാതെ കേസ് മാറ്റി വെയ്പ്പിക്കുകയായിരുന്നു. എതിർ സത്യവാങ്മൂലം നൽകാൻ പോലും തയ്യാറാകാതെ കേസ് ഉടമയ്ക്ക് അനുകൂലമാക്കി തീർക്കാനാണ് ശ്രമം നടന്നത്.

ഒടുവിൽ സ്ഥലം വിലപേശി ഏറ്റെടുക്കാൻ സർക്കാറിന് താൽപ്പര്യമുണ്ടെങ്കിൽ അറിയിക്കാം എന്ന് കോടതി ആരാഞ്ഞപ്പോൾ താൽപ്പര്യമില്ല എന്ന മറുപടിയാണ് ഗവ: പ്ലീഡർ നൽകിയത്. കേസ് നീട്ടിവെയ്പ്പിച്ച് പദ്ധതി വൈകിപ്പിക്കുന്നതിനു പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.പി ജിതേഷ് പറഞ്ഞു.

പ്രവാസി വ്യവസായി നൊച്ചിക്കാട് മുസ്തഫക്കു വേണ്ടി പാനൂരിലെ രാഷ്ട്രീയ നേതൃത്വം സഹായം നൽകി വരികയാണ്. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ ജനകീയ ആക്ഷൻ കമ്മറ്റി കക്ഷി ചേർന്ന് നിയമ പോരാട്ടം ശക്തമാക്കും.

അതോടൊപ്പം സ്ഥലം ഏറ്റെടുക്കാതെ ഹൈക്കോടതിയിൽ പരാതിക്കാരന് വേണ്ടി നിലപാടെടുക്കുന്ന സമീപനത്തിനെതിരെയും, ഇതിനെതിരെ മൗനം തുടരുന്ന പാനൂർ നഗരസഭ ഭരണ സമിതിക്കും, പ്രതി കരണ ശേഷി നഷ്ടപ്പെട്ട പാനൂരിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെയും കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് 2021 ലെ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് പാനൂർ താലൂക്ക് ആശുപത്രി നിർമ്മാണം എന്നതായിരുന്നു.

94 കോടി സ്ഥലമെടുപ്പിനും, കെട്ടിട നിർമ്മാണത്തിനും പ്രഖ്യാപിച്ചവർ വർഷം 2 പിന്നിട്ടിട്ടും ഹൈക്കോടതിയിൽ നൽകിയ കേസിൽ ഉടമയ്ക്കൊപ്പം ചേർന്ന് ആശുപത്രി സ്ഥലമെടുപ്പ് അട്ടിമറിക്കുകയാണെന്നും കൺവീനർ ഇ.മനീഷ് പറഞ്ഞു.

ഇതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും ജനകീയ കമ്മിറ്റി അംഗം സി.കെ വത്സരാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129190/panur-taluk-hospital-peoples-action-committee-wants-the-political-leaders-who-sabotaged-the-project-to-apologize-to-the-people)