---
title: "#panoor |പാനൂരിൽ പാനൂരിന് മികച്ച പ്രതികരണം,  ശ്രദ്ധേയമായി ഡിവൈഎസ്പി  വിവി ബെന്നി - വിജെ കൂട്ടുകെട്ട് ; പ്രദർശനം ഞായറാഴ്ചയും തുടരും"
english_title: "#Great #response to #Panoor in Panur, notably the #DySP #VV Benny -# VJ collaboration,The show will #continue on #Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128650/great-response-to-panoor-in-panur-notably-the-dysp-vv-benny-vj-collaborationthe-show-will-continue-on-sunday"
published_at: "2023-07-08T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9729871e1d_Untitled-3_copy.jpg"
keywords: []
---

# #panoor |പാനൂരിൽ പാനൂരിന് മികച്ച പ്രതികരണം,  ശ്രദ്ധേയമായി ഡിവൈഎസ്പി  വിവി ബെന്നി - വിജെ കൂട്ടുകെട്ട് ; പ്രദർശനം ഞായറാഴ്ചയും തുടരും

> **Lead Summary:** **പാനൂർ : **പാനൂരിൻ്റെ ഇന്നലെകളും, ഇന്നും പ്രമേയമാക്കി വി ജെ കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ച പാനൂർ സിനിമക്ക് മികച്ച പ്രതികരണം. രണ്ടു ദിവസങ്ങളിലായി പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടക്കുന്നത്.

## Article Content

**പാനൂർ : **പാനൂരിൻ്റെ ഇന്നലെകളും, ഇന്നും പ്രമേയമാക്കി വി ജെ കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ച പാനൂർ സിനിമക്ക് മികച്ച പ്രതികരണം. രണ്ടു ദിവസങ്ങളിലായി പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടക്കുന്നത്.

ആദ്യദിനം തന്നെ നല്ല പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രദർശനങ്ങൾ. ഞായറാഴ്ചയും സിനിമ പ്രദർശിപ്പിക്കും. ചിന്തിക്കാനും, ചിന്തിപ്പിക്കാനുമുള്ള നേർക്കാഴ്ചകളുമായാണ് പാനൂർ സിനിമ പ്രദർശനത്തിനെത്തിയത്.

പാനൂരിൻ്റെ ഭീതിദമായ രാഷ്ട്രീയ ഇന്നലെകളും, ഇന്നും ആണ് സിനിമയുടെ വിഷയം. കൊലപാതകങ്ങളും, ബോംബ് സ്ഫോടനങ്ങളും കൊണ്ട് വിറങ്ങലിച്ച പാനൂരിൻ്റെ പൂർവ ചരിത്രം അതിശയോക്തികളൊന്നുമില്ലാതെ കൈയ്യടക്കത്തോടെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

സിനിമയെക്കുറിച്ച് സംവിധായകൻ വിജെ എന്ന വിജേഷിൻ്റെ വാക്കുകൾ ഇങ്ങനെ. നൂറിലധികം കലാകാരന്മാർ സിനിമയുടെ ഭാഗമായിട്ടുണ്ട്. ഒരു കാലത്ത് ഭീതിദമായ രാഷ്ട്രീയ സാഹചര്യത്താൽ തലകുനിച്ച പാനൂരിൻ്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇഴകീറി പരിശോധിക്കുന്നതാണ് സിനിമയെന്ന്‌ അഭിനേതാവ് രാജേന്ദ്രൻ തായാട്ട് പറഞ്ഞു. രക്തം ചീന്തിയ ഇന്നലകൾ ആർക്കു വേണ്ടി, എന്തിനു വേണ്ടിയാണെന്ന ചോദ്യം കൂടി സിനിമ മുന്നോട്ടുവയ്ക്കുന്നുണ്ട്.

പ്രൊബേഷൻ എസ്ഐയായി പാനൂരെത്തുകയും, പിന്നീട് സി.ഐയായും ഏറെക്കാലം പാനൂരിനൊപ്പം ചേർന്ന് നടന്ന ഇപ്പോൾ താനൂർ ഡിവൈഎസ്പിയായി പ്രവർത്തിക്കുന്ന വി.വി ബെന്നിയാണ് സിനിമയിൽ കേന്ദ്ര കഥാപാത്രമായ സണ്ണിയെ അവതരിപ്പിച്ചത്.

ആർട്സ് കോളേജ് പ്രിൻസിപ്പൽ ഷാജിമോൻ, പാനൂർ യൂ പി സ്കൂൾ അധ്യാപകൻ രൂപേഷ് എന്നിവരടക്കം ഒട്ടേറെ അധ്യാപകരും സിനിമയുടെ ഭാഗമായി. ഓസ്കാർ മനോജ്, അനിൽ സി.ഡിറ്റ് എന്നിവരും വേഷമിടുന്നുണ്ട്.

പീറ്റർ സാജൻ എഡിറ്റിംഗും, പവി കോയ്യോട് ആർട്ടും, ജയജീവൻ മേക്കപ്പും നിർവഹിച്ചു. പാനൂരിലെ യുവാക്കളുടെ സംരംഭം എന്നതുകൊണ്ട് തന്നെ ജാതിമത രാഷ്ട്രീയ ഭേദമന്യേ നല്ല തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെടുന്നത്. സിനിമ ഞായറാഴ്ചയും പ്രദർശിപ്പിക്കും. സിനിമയുടെ രണ്ടാം ഭാഗവും ഉടനുണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128650/great-response-to-panoor-in-panur-notably-the-dysp-vv-benny-vj-collaborationthe-show-will-continue-on-sunday)