---
title: "#Chatalapuzha|കരകവിഞ്ഞൊഴുകി ചാടാലപ്പുഴ ; ചമ്പാട്, പന്ന്യന്നൂർ  മേഖല വെള്ളക്കെട്ടിൽ, വാഹന ഗതാഗതം നിലച്ചു"
english_title: "#Chatalapuzha #overflows its banks;#Champat,# Pannianur region #waterlogged, #vehicular #traffic stopped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128005/chatalapuzha-overflows-its-bankschampat-pannianur-region-waterlogged-vehicular-traffic-stopped"
published_at: "2023-07-06T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a69c08e6db3_Untitled-1_copy.jpg"
keywords: []
---

# #Chatalapuzha|കരകവിഞ്ഞൊഴുകി ചാടാലപ്പുഴ ; ചമ്പാട്, പന്ന്യന്നൂർ  മേഖല വെള്ളക്കെട്ടിൽ, വാഹന ഗതാഗതം നിലച്ചു

> **Lead Summary:** **പന്ന്യന്നൂർ:** **** കനത്ത മഴയിൽ ചമ്പാട് ,പന്ന്യന്നൂർ മേഖലയിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ചാടാലപ്പുഴ കരകവിഞ്ഞൊഴുകിയതോടെ മേലെ ചമ്പാടും പരിസരവും വെള്ളം കയറി. പലയിടങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു.

## Article Content

**പന്ന്യന്നൂർ:** **** കനത്ത മഴയിൽ ചമ്പാട് ,പന്ന്യന്നൂർ മേഖലയിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ചാടാലപ്പുഴ കരകവിഞ്ഞൊഴുകിയതോടെ മേലെ ചമ്പാടും പരിസരവും വെള്ളം കയറി. പലയിടങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു.

മനേക്കരയിൽ മതിലിടിഞ്ഞ് വീണ് ഒരാൾക്ക് പരിക്കേറ്റു. രണ്ട് ദിവസമായി പെയ്യുന്ന കനത്തമഴയിൽ ചമ്പാട് മേഖലയിൽ വ്യാപകമായി വെള്ളം കയറി. ചമ്പാട് കൂരാറ റോഡിൽ മുരിക്കോൾ താഴതോട് കരകവിഞ്ഞൊഴുകി.

ഇതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബസുൾപ്പടെയുള്ള വാഹനങ്ങൾ സർവീസ് നിർത്തിവച്ചു. മീത്തലെ ചമ്പാട് മനയത്ത് വയലിലും വ്യാപകമായി വെള്ളം കയറി. ഈ ഭാഗത്തും വാഹന ഗതാഗതം നിരോധിച്ചിരുന്നു.

നിരവധി വീട്ടുകാർ വെള്ളക്കെട്ടു കാരണം ദുരിതത്തിലായി. ചമ്പാട് വെസ്റ്റ് യൂപി, എൽപി സ്കൂളുകളിലേക്ക് നിരവധി കുട്ടികൾ സഞ്ചരിക്കുന്ന വഴിയാണിത്. ഓവുചാലുകൾ പുതുക്കി പണിത് റോഡുയർത്തിയാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ചാടാലപ്പുഴ ചെക്ക്ഡാം പരിസരത്തും പുഴ കരകവിഞ്ഞൊഴുകി. പ്രദേശത്ത് വ്യാപകമായി വെള്ളമുയർന്നിട്ടുണ്ട്. അരയാക്കൂൽ തോട്ടുമ്മൽ പ്രദേശത്തും വെള്ളം കയറി. വീടുകളിൽ നിന്നും കിടപ്പു രോഗികളെയടക്കം നാട്ടുകാർ മാറ്റി പാർപ്പിച്ചു. പന്ന്യന്നൂർ പ്രദേശ ത്തും വ്യാപകമായി വെള്ളം കയറി.

പഞ്ചായത്ത് ഓഫീസ് പരിസരത്തും വെള്ളക്കെട്ടുണ്ടായി. കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് മനേക്കര സ്വദേശിക്ക് പരിക്കേറ്റു. നെല്ലിയുള്ളതിൽ ലക്ഷം വീട് കോളനിയിലെ കൽപ്പണിക്കാരൻ ബാലകൃഷ്ണനാണ് പരിക്കേറ്റത്. സമീപത്തെ നിഷയുടെ വീട്ടുമതിലാണ് ഇടിഞ്ഞത്.

വീടിന് സമീപം നിൽക്കുകയായിരുന്ന ബാലകൃഷ്ണൻ്റെ ദേഹത്തേക്ക് മതിലിടിഞ്ഞ് വീഴുകയായിരുന്നു. സിമൻറുകട്ടകൾക്കിടയിൽ കാൽ കുടുങ്ങിയ ബാലകൃഷ്ണനെ ഓടിയെത്തിയ സമീപവാസികൾ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ബാലകൃഷ്ണൻ്റെ കാലിന് പൊട്ടലുണ്ട്. വെള്ളം കയറിയ പ്രദേശങ്ങൾ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ, വൈസ് പ്രസിഡണ്ട് ടി.ടി റംല, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ, വൈസ് പ്രസിഡണ്ട് സി.കെ രമ , ബ്ലോക്ക് പഞ്ചായത്തംഗം നിഖിൽ, വാർഡംഗങ്ങളായ കാവിലേരി മോഹനൻ, ഇ.ഹഫ്സത്ത്, എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128005/chatalapuzha-overflows-its-bankschampat-pannianur-region-waterlogged-vehicular-traffic-stopped)