---
title: "മലയാളത്തെ ലോകത്തിനടയാളപ്പെടുത്തിയ ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് 29 വർഷം"
english_title: "It has been 29 years since Beypur Sultan, who marked Malayalam to the world"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127597/it-has-been-29-years-since-beypur-sultan-who-marked-malayalam-to-the-world"
published_at: "2023-07-05T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a50842ccb38_Untitled-5_copy.jpg"
keywords: []
---

# മലയാളത്തെ ലോകത്തിനടയാളപ്പെടുത്തിയ ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് 29 വർഷം

> **Lead Summary:** **കണ്ണൂർ : ** അനശ്വരതയുടെ താക്കോൽ ദൈവത്തിൽനിന്ന്‌ നേരിട്ട്‌ വാങ്ങിയൊരാൾ എന്ന്‌ പ്രൊഫ. എം കെ സാനു വിശേഷിപ്പിച്ച വൈക്കം മുഹമ്മദ്‌ ബഷീർ, ഓർമകളിൽ അനശ്വരമായിട്ട്‌ ഇന്നേക്ക്‌ 29 വർഷം. യൗവനതീക്ഷ്‌ണവും പ്രേമസുരഭിലവുമായിരുന്ന ബഷീർകാലത്തിന്റെ മരിക്കാത്ത ഓർമകൾ മഹാനഗരമായി വളർന്ന കൊച്ചിക്കും പറയാനുണ്ട്‌.

## Article Content

**കണ്ണൂർ : ** അനശ്വരതയുടെ താക്കോൽ ദൈവത്തിൽനിന്ന്‌ നേരിട്ട്‌ വാങ്ങിയൊരാൾ എന്ന്‌ പ്രൊഫ. എം കെ സാനു വിശേഷിപ്പിച്ച വൈക്കം മുഹമ്മദ്‌ ബഷീർ, ഓർമകളിൽ അനശ്വരമായിട്ട്‌ ഇന്നേക്ക്‌ 29 വർഷം. യൗവനതീക്ഷ്‌ണവും പ്രേമസുരഭിലവുമായിരുന്ന ബഷീർകാലത്തിന്റെ മരിക്കാത്ത ഓർമകൾ മഹാനഗരമായി വളർന്ന കൊച്ചിക്കും പറയാനുണ്ട്‌.

കൊച്ചിയുടെ ബഷീർസ്‌മരണകളിൽ പ്രധാനം നഗരത്തിൽ പലയിടത്തായി മാറിമാറി പ്രവർത്തിച്ച ബഷീർസ്‌ ബുക്ക്‌സ്‌റ്റാൾതന്നെ. ആദ്യം ബോട്ട്‌ ജെട്ടിയുടെ കവാടത്തിലായിരുന്നു കച്ചവടം. അവിടെനിന്ന്‌ കാനൺഷെഡ് റോഡിൽ കൊച്ചിൻ ബേക്കറിയുടെ മുന്നിലേക്ക്‌.

പിന്നീട്‌ അന്ന്‌ ടിബി റോഡായിരുന്ന ഇന്നത്തെ പ്രസ്‌ക്ലബ് റോഡിന്റെ കവാടത്തിലേക്ക്‌ മാറി. ‘ലോകമേ ശ്രദ്ധിക്കുക! ഹിന്ദുമഹാമണ്ഡലക്കാർ, മുസ്ലിംലീഗുകാർ, സോഷ്യലിസ്റ്റുകാർ, കോൺഗ്രസുകാർ, കമ്യൂണിസ്റ്റുകാർ എന്നുവേണ്ട ഏതു മൂരാച്ചിക്കും പറ്റിയ പുസ്തകങ്ങളുള്ള ദുനിയാവിലെ ഏക ബുക്ക് സ്റ്റാൾ' എന്നായിരുന്നു ബുക്ക്‌സ്‌റ്റാളിന്റെ പരസ്യം. എഴുത്തും സൗഹൃദങ്ങളും പ്രണയവുമൊക്കെയായി ബഷീർ ഉഗ്രപ്രതാപിയായി വാണ കാലംകൂടിയായിരുന്നു അത്‌.

മട്ടാഞ്ചേരിക്കാരി അധ്യാപികയുമായി ഉണ്ടായ തീവ്രപ്രണയം ‘പ്രണയത്തിന്റെ കഥ’യായി പിറന്നത്‌ ഇക്കാലത്ത്‌. പി കൃഷ്‌ണപിള്ളയും കെ സി ജോർജും സഹോദരൻ അയ്യപ്പനും എം എൻ വിജയനും എ ഐ ജലീലുംവരെയുള്ളവർ ബുക്ക്‌സ്‌റ്റാൾ സന്ദർശകരായിരുന്നു. ശിഷ്യരും ആരാധകരും സൃഷ്‌ടിച്ച അനേകം കഥകളിൽ ബഷീറും കഥാപാത്രമായി. അത്തരം കഥകളിലൊന്ന്‌ ഇങ്ങനെ: ഒരു മഴക്കാലത്ത്‌ ബഷീറിന്റെ ബുക്ക്‌സ്‌റ്റാളിൽ പുസ്‌തകങ്ങൾ നോക്കാൻ ഒരാൾ വന്നു. മടങ്ങിപ്പോകുമ്പോൾ മൂലയിൽ ചാരിവച്ച കുടയുമായി ഇറങ്ങി. ഇതുകണ്ട ബഷീർ അയാളെ വിളിച്ച്‌ ഇങ്ങനെ ചോദിച്ചു–- ‘നിങ്ങൾ മുഹമ്മദ്‌ ബഷീറാണോ. ‘അല്ല...’ കുടയെടുത്തയാളുടെ മറുപടി. ‘നിങ്ങൾ ബഷീറാണെങ്കിൽമാത്രം ആ കുട കൊണ്ടുപോകാം.

അത്‌ ബഷീറിന്റെ കുടയാണ്‌’–- ബഷീറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. വിഖ്യാത ബഷീർകൃതി ‘നീലവെളിച്ചം’ അതേപേരിൽ സിനിമയായ വർഷംകൂടിയാണിത്‌. കൊച്ചിക്കാരനായ അഷിഖ്‌ അബുവാണ്‌ സംവിധായകൻ. എ വിൻസന്റിന്റെ സംവിധാനത്തിൽ 60 വർഷംമുമ്പാണ്‌ ‘ഭാർഗവീനിലയം’ എന്ന പേരിൽ ഈ രചന ആദ്യം സിനിമയായത്‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127597/it-has-been-29-years-since-beypur-sultan-who-marked-malayalam-to-the-world)