---
title: "3 എം എൽ എ മാരുടെ ഫണ്ടിൽ നിന്നായി മൂന്നരക്കോടി രൂപ ;  കൂത്തുപറമ്പ് ഐ എച്ച് ആർ ഡി കോളേജിൻ്റെ സ്വന്തം കെട്ടിടം ഉദ്ഘാടനം  സജ്ജം"
english_title: "Three and a half crore rupees from the fund of 3 MLAs;Koothuparam IHRD College's own building ready for inauguration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127563/three-and-a-half-crore-rupees-from-the-fund-of-3-mlaskoothuparam-ihrd-colleges-own-building-ready-for-inauguration"
published_at: "2023-07-05T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4fb7e51c36_Untitled-2_copy.jpg"
keywords: []
---

# 3 എം എൽ എ മാരുടെ ഫണ്ടിൽ നിന്നായി മൂന്നരക്കോടി രൂപ ;  കൂത്തുപറമ്പ് ഐ എച്ച് ആർ ഡി കോളേജിൻ്റെ സ്വന്തം കെട്ടിടം ഉദ്ഘാടനം  സജ്ജം

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള കൂത്തുപറമ്പ് ഐ എച്ച് ആർ ഡി കോളേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. വലിയ വെളിച്ചത്ത് ഒരേക്കറിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. കൂത്തുപറമ്പ് എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പി ജയരാജന്റെ കാലത്തെ 50 ലക്ഷം രൂപയും , കെ കെ ശൈലജ ടീച്ചറുടെ കാലത്തെ രണ്ട് കോടിരൂപയും കെ പി മോഹനന്റെ കാലത്തെ ഒരു കോടി രൂപയും ഉൾപ്പെടെ മൊത്തം മൂന്നര കോടി രൂപ ചെലവിലാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള കൂത്തുപറമ്പ് ഐ എച്ച് ആർ ഡി കോളേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. വലിയ വെളിച്ചത്ത് ഒരേക്കറിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. കൂത്തുപറമ്പ് എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പി ജയരാജന്റെ കാലത്തെ 50 ലക്ഷം രൂപയും , കെ കെ ശൈലജ ടീച്ചറുടെ കാലത്തെ രണ്ട് കോടിരൂപയും കെ പി മോഹനന്റെ കാലത്തെ ഒരു കോടി രൂപയും ഉൾപ്പെടെ മൊത്തം മൂന്നര കോടി രൂപ ചെലവിലാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

രണ്ട് നിലകളിലായി 12 ക്ലാസ് മുറികൾ, ശുചി മുറികൾ, സ്മാർട്ട് ക്ലാസ് റൂം, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങൾക്കുള്ള ലാബ് ബ്ലോക്ക്, ലൈബ്രറി എന്നിവ സജ്ജീകരിച്ചു. 2000ൽ കോളേജ് നിലവിൽ വരുമ്പോൾ പഴയ നിരത്തിലെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനു ശേഷം 2008ലാണ് പുറക്കളത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്.

ബി കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി എസ്‌സി ഇലക്ട്രോണിക്സ് എന്നീ മൂന്ന് ബിരുദ കോഴ്സുകളിലും, ബിരുദാനന്തര കോഴ്സായ എം എസ്‌സി കമ്പ്യൂട്ടർ സയൻസിലുമായി 330 പേരാണിവിടെ പഠിക്കുന്നത്. 2011ലാണ് സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ കോളേജ് ആരംഭിച്ചത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനായില്ല.

നിലവിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയായി. മുറ്റം ഇന്റർലോക്ക് പാകുന്നത് അവസാന ഘട്ടത്തിലാണ്. കോളേജിലേക്കുള്ള റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാകാനുണ്ട്. ഈ മാസം കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നതോടു കൂടി വിദ്യാർഥികൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. എ പി കുട്ടികൃഷ്ണൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127563/three-and-a-half-crore-rupees-from-the-fund-of-3-mlaskoothuparam-ihrd-colleges-own-building-ready-for-inauguration)